WPL 2026: യുപി വാരിയേഴ്സിനെ 122 റൺസിലൊതുക്കി ഡൽഹി; ജയിച്ചാൽ മുംബൈയെ മറികടന്ന് പ്ലേഓഫിൽ
DC Needs 123 Runs To Win: എലിമിനേറ്ററിലെത്താൻ ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയലക്ഷ്യം 123 റൺസ്. യുപി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസ് നേടിയത്.

ഡൽഹി ക്യാപിറ്റൽസ്
നിർണായക മത്സരത്തിൽ യുപി വാരിയേഴ്സിനെ 122 റൺസിലൊതുക്കി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 122 റൺസ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ മരിസൻ കാപ്പ് ഡൽഹി ബൗളിംഗ് ആകരമണത്തെ നയിച്ചപ്പോൾ 24 റൺസ് നേടിയ ദീപ്തി ശർമ്മ യുപിയുടെ ടോപ്പ് സ്കോറർ ആയി.
അവസാന ലീഗ് മത്സരത്തിനിറങ്ങിയ യുപിയ്ക്ക് ആദ്യ പന്തിൽ തന്നെ മെഗ് ലാനിംഗിനെ (0) നഷ്ടമായി. ദീപ്തി ശർമ്മയും ചാർലി നോട്ടും (12) ചേർന്ന് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോശം ഷോട്ട് സെലക്ഷനും ഡൽഹിയുടെ മികച്ച ബൗളിംഗും യുപിയ്ക്ക് തിരിച്ചടിയായി. വാലറ്റം നടത്തിയ പ്രകടനങ്ങളാണ് യുപിയെ 100 കടത്തിയത്. 10ആം നമ്പറിലിറങ്ങി 23 റൺസ് നേടിയ ശിഖ പാണ്ഡെയാണ് യുപിയുടെ സെക്കൻഡ് ടോപ്പ് സ്കോറർ. സിമ്രാൻ ഷെയ്ഖ് 22 റൺസ് നേടി. ഡൽഹിയ്ക്കായി മരിസൻ കാപ്പ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഷിനേൽ ഹെൻറി, ശ്രീ ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മിന്നു മണിയ്ക്ക് ഒരു വിക്കറ്റുണ്ട്.
ഇന്നത്തെ കളി വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസിന് മുംബൈ ഇന്ത്യൻസിനെ മറികടന്ന് എലിമിനേറ്റർ കളിക്കാം. ഇരു ടീമുകൾക്കും ആറ് പോയിൻ്റുണ്ട്. ഇന്നത്തെ കളി ജയിച്ചാൽ ഡൽഹിയ്ക്ക് 8 പോയിൻ്റാവും. തോറ്റാൽ മികച്ച നെറ്റ് റൺ റേറ്റിൻ്റെ ബലത്തിൽ മുംബൈ എലിമിനേറ്റർ കളിക്കും. എലിമിനേറ്ററിൽ ഗുജറാത്ത് ജയൻ്റ്സാണ് എതിരാളികൾ.
12 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നേരിട്ട് ഫൈനലിലെത്തി. എലിമിനേറ്ററിൽ വിജയിക്കുന്ന ടീം ഫൈനലിൽ ആർസിബിയെ ആവും നേരിടുക.