FIFA World Cup 2026 Quarter-Finals: ഇനിയാണ് വമ്പന്‍ പോരാട്ടങ്ങള്‍! ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; അർജന്റീനക്ക് എതിരാളികൾ സ്വിറ്റ്സർലൻഡ്
FIFA 2026 quarter-final lineup complete after round of 16: ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന ഈജിപ്തിനെയും, സ്വിറ്റ്‌സര്‍ലന്‍ഡ് കൊളംബിയയെയും കീഴടക്കിയതോടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി. അര്‍ജന്റീനയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡാണ് ക്വാര്‍ട്ടറിലെ എതിരാളികള്‍.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന ഈജിപ്തിനെയും, സ്വിറ്റ്‌സര്‍ലന്‍ഡ് കൊളംബിയയെയും കീഴടക്കിയതോടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി. നിലവിലെ ജേതാക്കളായ അര്‍ജന്റീനയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡാണ് ക്വാര്‍ട്ടറിലെ എതിരാളികള്‍. ജൂലൈ 11-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ക്വാര്‍ട്ടര്‍ ഫൈനല്‍ ഷെഡ്യൂള്‍ (ഇന്ത്യന്‍ സമയത്തില്‍) വിശദമായി പരിശോധിക്കാം. ഇന്ത്യന്‍ സമയപ്രകാരം ജൂലൈ 10-നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
ജൂലൈ 10-ന് അര്‍ധരാത്രി 1.30-ന് ബോസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും. ജൂലൈ 11-നാണ് ആരാധകര്‍ കാത്തിരിക്കുന്ന സ്‌പെയിന്‍-ബെല്‍ജിയം പോരാട്ടം. ലോസ് ആഞ്ചലസ് സ്‌റ്റേഡിയത്തില്‍ അര്‍ധരാത്രി 12.30-നാണ് ഈ മത്സരം ആരംഭിക്കുന്നത്.
നോര്‍വേ-ഇംഗ്ലണ്ട് മത്സരം ജൂലൈ 12-നാണ്. 2.30ന് ആരംഭിക്കുന്ന ഈ മത്സരം മിയാമി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാന മത്സരം അര്‍ജന്റീനയും, സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ്. കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം ജൂലൈ 12-ന് രാവിലെ 6.30-ന് ആരംഭിക്കും.
എപ്പോൾ, എവിടെ കാണാം?
ഇന്ത്യയിലെ ആരാധകർക്ക് യുണൈറ്റഡ് 8 സ്പോർട്സ് 1, 2 (SD, HD) എന്നീ ചാനലുകളില്‍ ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കാണാം. സീ5ലും സ്ട്രീം ചെയ്യും.
വീണ്ടും മെസി മാജിക്ക്
പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെ 3-2ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. രണ്ടു ഗോളുകള്‍ക്ക് പിന്നിലായ ശേഷമായിരുന്നു മെസിയുടെയും സംഘത്തിന്റെയും തിരിച്ചുവരവ്. മത്സരത്തിന്റെ അവസാന 13 മിനിറ്റിലാണ് അര്‍ജന്റീന മൂന്ന് ഗോളുകളും അടിച്ചത്.
15-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമിന്റെ തകര്‍പ്പന്‍ ഹെഡ്ഡറാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. 20-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിക്കാന്‍ അര്‍ജന്റീന ക്യാപ്റ്റനായ മെസിക്ക് സാധിച്ചില്ല. 67-ാം മിനിറ്റില്‍ മുസ്തഫ സിക്കോ ഈജിപ്തിന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ അര്‍ജന്റീന പ്രത്യാക്രമണം കടുപ്പിച്ചു.
79-ാം മിനിറ്റില്‍ മെസി നല്‍കിയ ക്രോസില്‍ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. നാല് മിനിറ്റുകള്‍ക്ക് പിന്നാലെ മെസിയിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്ന് എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കൊളംബിയയെ മലര്‍ത്തിയടിച്ചത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കലാശിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു സ്വിസ് പടയുടെ ജയം.
കൊളംബിയയ്ക്ക് വേണ്ടി കിക്ക് എടുത്ത ജുവാന്‍ ക്വിന്റെറോ, ജാമിന്റണ്‍ കാമ്പാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഡാവിന്‍സണ്‍ സാഞ്ചസിന്റെ ശ്രമം ക്രോസ് ബാറില്‍ ഇടിച്ച് വിഫലമായി. കുച്ചോ ഹെര്‍ണാണ്ടസിനും പിഴച്ചു. ഗ്രാനിറ്റ് ഷാക്ക, സെക്കി അംദൗനി, മാനുവല്‍ അകാഞ്ചി, സെഡ്രിക് ഇറ്റന്‍, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി കിക്ക് എടുത്തത്. ഇതില്‍ മാനുവല്‍ അകാഞ്ചിക്ക് മാത്രം ലക്ഷ്യത്തിലെത്തിക്കാനായില്ല.
English Summary
The FIFA World Cup 2026 quarter-final lineup is now officially set. Argentina defeated Egypt 3-2 in a dramatic late comeback win. Switzerland beat Colombia on penalties to secure their spot. Argentina will now face Switzerland in the final eight.