WPL 2026: വനിതാ പ്രീമിയർ ലീഗിൽ ഇന്ന് ഇരട്ട പോരാട്ടം; മുംബൈക്ക് സീസണിലെ രണ്ടാം മത്സരം
WPL 2026 Double Header: വനിതാ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. യുപി വാരിയേഴ്സ് - ഗുജറാത്ത് ജയൻ്റ്സ് മത്സരവും മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് മത്സരവുമാണ് ഇന്ന് നടക്കുക.

ഗുജറാത്ത് ജയൻ്റ്സ്
വനിതാ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30 നും രാത്രി 7.30 നുമാണ് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ യുപി വാരിയേഴ്സ് ഗുജറാത്ത് ജയൻ്റ്സിനെ നേരിടുമ്പോൾ രാത്രി മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയുടെ രണ്ടാം മത്സരമാണ് ഇത്. ആദ്യ കളിയിൽ നിലവിലെ ജേതാക്കൾ ആർസിബിയോട് തോറ്റിരുന്നു.
ഇതുവരെ ഫൈനൽ കളിക്കാത്ത രണ്ട് ടീമുകളാണ് യുപി വാരിയേഴ്സും ഗുജറാത്ത് ജയൻ്റ്സും. രണ്ട് ടീമുകളും ഈ സീസണിൽ മികച്ച ടീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നർ ക്യാപ്റ്റനാവുന്ന ടീമിൽ മറ്റ് മൂന്ന് ഓസ്ട്രേലിയൻ താരങ്ങൾ കൂടിയുണ്ട്. ഓൾറൗണ്ടർ കിം ഗാർത്ത്, വിക്കറ്റ് കീപ്പർ ബെത്ത് മൂണി, ബൗളർ ജോർജിയ വെയർഹാം എന്നിവരാണ് ടീമിലെ മറ്റ് ഓസ്ട്രേലിയൻ താരങ്ങൾ. യുപി വാരിയേഴ്സിലും ക്യാപ്റ്റൻ ഓസ്ട്രേലിയൻ താരമാണ്. മെഗ് ലാനിങ്. ഓസ്ട്രേലിയയിൽ നിന്ന് ഫീബി ലിച്ച്ഫീൽഡും ടീമിലുണ്ട്. ദീപ്തി ശർമ്മ, സോഫി എക്ലസ്റ്റൺ, ദിയേന്ദ്ര ഡോട്ടിൻ തുടങ്ങിയ പ്രമുഖ താരങ്ങളും യുപിയിലുണ്ട്.
ഡൽഹി ക്യാപിറ്റൽസ് ഇത്തവണ പുതിയ ക്യാപ്റ്റന് കീഴിലാണ് ഇറങ്ങുക. ലാനിങ് യുപിയിലേക്ക് പോയപ്പോൾ ഡൽഹിയെ ഈ സീസണിൽ ജമീമ റോഡ്രിഗസ് നയിക്കും. ലോറ വോൾവാർട്ട്, ഷഫാലി വർമ്മ, മരിസേൻ കാപ്പ് തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. കഴിഞ്ഞ കളിയിലെ ടീമിനെ തന്നെ മുംബൈ നിലനിർത്തിയേക്കും. പുതുതായി ടീമിലെത്തിയ നിക്കോള കാരിയും ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകിയ അമേലിയ കെർ ബൗളിംഗിലും തിളങ്ങിയതോടെ ഹെയ്‌ലി മാത്യൂസിന് ഇന്നും ഇടം ലഭിച്ചേക്കില്ല.