WPL 2026: ഫോമിലേക്ക് തിരികെയെത്തി ക്യാപ്റ്റന്‍ ജെമീമ; ഒടുവില്‍ ഡല്‍ഹിയും വിജയവഴിയില്‍
WPL 2026 Delhi Capitals Vs Mumbai Indians: ഡബ്ല്യുപിഎല്‍ 2026 സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് ഡല്‍ഹി കീഴ്‌പ്പെടുത്തി. ഒരോവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം.
വഡോദര: ഡബ്ല്യുപിഎല്‍ 2026 സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് ഡല്‍ഹി കീഴ്‌പ്പെടുത്തി. ഒരോവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം. 155 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിന്റെയും (37 പന്തില്‍ 51 നോട്ടൗട്ട്), ലിസേലെ ലീയുടെയും (28 പന്തില്‍ 46) പ്രകടനമാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്.
നാറ്റ് സിവര്‍ ബ്രന്റും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുന്നതില്‍ മുംബൈ പരാജയപ്പെട്ടു. മുംബൈയുടെ ടോപ് സ്‌കോററായ നാറ്റ് സിവര്‍ ബ്രന്റ് പുറത്താകാതെ 45 പന്തില്‍ 65 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് 33 പന്തില്‍ 41 റണ്‍സ് നേടി.
ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും, അവസരം മുതലാക്കാന്‍ മലയാളിതാരം സജന സജീവന് സാധിച്ചില്ല. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് സജന പുറത്തായി. ഹെയ്‌ലി മാത്യുസ്-15 പന്തില്‍ 12, നിക്കോളാ കാരി-11 പന്തില്‍ 12, അമന്‍ജോത് കൗര്‍-മൂന്ന് പന്തില്‍ മൂന്ന് എന്നിവരും നിറംമങ്ങി. സംസ്‌കൃതി ഗുപ്ത അഞ്ച് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
Also Read: WPL 2026: തോല്‍ക്കാന്‍ മനസില്ലാതെ ആര്‍സിബി; അപരാജിതക്കുതിപ്പുമായി പ്ലേ ഓഫില്‍
മൂന്ന് വിക്കറ്റ് വീഴ്ത്തിയ എന്‍ ചരണി ഡല്‍ഹിക്കായി ബൗളിങില്‍ തിളങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും, ലിസേലെയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 63 റണ്‍സ് ചേര്‍ത്തു. ഷെഫാലി 24 പന്തില്‍ 29 റണ്‍സെടുത്തു. ഷഫാലി പുറത്തായതിന് ശേഷം ക്രീസിലെത്തിയ ലോറ വോള്‍വാര്‍ട്ട് റണ്ണൗട്ടായി മടങ്ങി. 19 പന്തില്‍ 17 റണ്‍സായിരുന്നു ലോറയുടെ സംഭാവന. ജെമീമയ്‌ക്കൊപ്പം മരിസനെ കാപ്പ് (ആറു പന്തില്‍ 10) പുറത്താകാതെ നിന്നു. മലയാളിതാരം മിന്നു മണി കളിച്ചില്ല.