B.O.A.T ന് ഇത്ര പവറോ! 15 മിനിറ്റ് ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിളയാട്ടം; 15 ഗോളിനപ്പുറം ചരിത്രം
Cristiano Ronaldo scores hat-trick in 15 minutes: സമീപകാലത്തെ ഏറ്റവും മികച്ച പെർഫോമൻസുമായി ആരാധകർക്ക് കൂടുതൽ ആവേശം പകർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ നടന്ന അൽ നസർ - അൽ ഖുലൂദ് മത്സരത്തിൽ 15 മിനിറ്റിൽ റോണോ ഹാട്രിക് നേടി. ഈ മത്സരത്തിൽ 5 - 3ന് റോണോയുടെ അൽ നസർ വിജയിക്കുകയും ചെയ്തു.
റിയാദ്: വെറും 15 മിനിറ്റിനുള്ളിൽ ഹാട്രിക് നേടി സൗദി സൗദി പ്രോ ലീഗ് മത്സരത്തിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ വിളയാട്ടം. കഴിഞ്ഞ ദിവസം ആരാധകരുടെ പെയ്ഡ് വോട്ടെടുപ്പിൽ, ലയണൽ മെസിയെ പിന്നിലാക്കി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത സീസണനുള്ള ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ (B.O.A.T) പുരസ്കാരം റൊണാൾഡോ സ്വന്തമാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സമീപകാലത്തെ ഏറ്റവും മികച്ച പെർഫോമൻസുമായി റോണോ ആരാധകർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നത്. സൗദി പ്രൊ ലീഗിൽ നടന്ന അൽ നസർ – അൽ ഖുലൂദ് മത്സരത്തിൽ ആണ് റോണോയുടെ ഹാട്രിക് പിറന്നത്. ഈ മത്സരത്തിൽ 5 – 3ന് റോണോയുടെ അൽ നസർ വിജയിക്കുകയും ചെയ്തു.
ഈ കളിയിലെ മൂന്ന് ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആകെ കരിയർ ഗോൾ നേട്ടം 985 ആയി ഉയർന്നു. ഇനി 15 ഗോൾ കൂടി നേടിയാൽ 1000 കരിയർ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് റോണോയുടെ പേരിലാകും. 982 ഗോൾ സമ്പാദ്യവുമായിട്ടാണ് അൽ ഖുലൂദിനെതിരേ റോണോ കളിക്കാനിറങ്ങിയത്.
മത്സരത്തിനിറങ്ങിയ 41 വയസുകാരനായ സിആർ7 രണ്ടാം പകുതിയിൽ 66, 72, 81 മിനിറ്റുകളിൽ ഗോളുകൾ നേടിയാണ് തകർപ്പൻ പെർഫോമൻസുമായി കളി തന്റെ പേരിലാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആഞ്ചലോ ഗബ്രിയേലും സാദിയോ മാനെയും അൽ നസ്റിനായി ഗോളുകൾ നേടിയെങ്കിലും, അൽ ഖുലൂദിന്റെ ശക്തമായ തിരിച്ചടിയോടെ ആദ്യ പകുതിയിൽത്തന്നെ കളി 2-2 എന്ന നിലയിലെത്തി.
മത്സരം സമനിലയിൽ നിൽക്കുന്ന ഘട്ടത്തിലാണ് അൽ നസറിന്റെ രക്ഷകനായി റോണോ എത്തുന്നത്. 66-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് കൃത്യമായ ഫിനിഷിംഗിലൂടെ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി. ആറ് മിനിറ്റിനുശേഷം രണ്ടാമത്തെ ഗോളും, 81-ാം മിനിറ്റിൽ മൂന്നാമത്തെ ഗോളും നേടിയ റോണോ 15 മിനിറ്റുകൊണ്ട് തന്റെ ഗോൾ നേട്ടം 985 ആക്കി. ഒപ്പം വിജയം അൽ നസറിനൊപ്പമാകുകയും ചെയ്തു.
1000 കരിയർ ഗോൾ നേടുന്ന ലോകത്തെ ആദ്യ താരം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റോണോയ്ക്ക് ഈ ഹാട്രിക് ഏറെ ഗുണം ചെയ്തു. റൊണാൾഡോയുടെ 67-ാമത്തെ ഹാട്രിക്കായിരുന്നു ഇത്. ഈ മത്സരത്തിൽ ജയിച്ചതോടെ മൂന്ന് പോയിന്റ് നേട്ടവുമായി അൽ-നസ്ർ കിരീടപ്പോരാട്ടത്തിൽ കുതിക്കുകയും ചെയ്തു. ഈ നിലയിൽ മുന്നോട്ട് പോയാൽ 2026/27 സീസൺ അവസാനിക്കും മുമ്പ് 1000 ഗോൾ നേട്ടം എന്ന ചരിത്രം സിആർ7 തന്റെ പേരിൽ കുറിക്കും എന്നുറപ്പ്.
English Summary
Following his ‘Ballon d’Or of All Time’ (B.O.A.T) award, Cristiano Ronaldo scored a hat-trick in just 15 minutes for Al-Nassr in the Saudi Pro League. With this, his career goal tally has risen to 985. If he scores 15 more goals, Ronaldo will set the record as the first player to reach 1,000 career goals.