Priya Ghanghas: ഇടിക്കൂട്ടില്‍ സ്വര്‍ണമഴ; റിങില്‍ ഇന്ത്യയ്ക്ക് തങ്കത്തിളക്കം; പ്രിയ ഗംഗാസിനും സ്വര്‍ണം
CWG 2026 Boxing Results: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. 60 കിലോഗ്രാം വിഭാഗത്തില്‍ പ്രിയ ഗംഗാസ് സ്വര്‍ണം നേടി. ഫൈനലില്‍ കാനഡയുടെ മേരി അല്‍ അഹമ്മദിയെയാണ് പ്രിയ പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ ഇന്ത്യ സ്വന്തമാക്കുന്ന നാലാം സ്വര്‍ണ മെഡലാണിത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. 60 കിലോഗ്രാം വിഭാഗത്തില്‍ പ്രിയ ഗംഗാസ് സ്വര്‍ണം നേടി. ഫൈനലില്‍ കാനഡയുടെ മേരി അല്‍ അഹമ്മദിയെയാണ് പ്രിയ പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ ഇന്ത്യ സ്വന്തമാക്കുന്ന നാലാം സ്വര്‍ണ മെഡലാണിത്. മൂന്നാം റൗണ്ട് 4-1ന് സ്വന്തമാക്കിയ പ്രിയ അതേ മാര്‍ജിനില്‍ തന്നെ ജയിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്രയും സ്വര്‍ണം നേടുന്നത്. പ്രീതി പവാർ, ജെയ്സ്മിൻ ലംബോറിയ, സാക്ഷി ചൗധരി എന്നിവരാണ് നേരത്തെ സ്വര്‍ണ മെഡല്‍ നേടിയവര്‍.
‘ഭിവാനി’ തിളങ്ങി
പ്രീതിയുടെയും, ജെയ്‌സ്മിന്റെയും സ്വര്‍ണ്ണനേട്ടം ഹരിയാനയിലെ ‘ഭിവാനി’ക്ക് ഇരട്ടത്തിളക്കമാണ് സമ്മാനിച്ചത്. ബോക്‌സിങ് പാരമ്പര്യത്തിന് പേരുകേട്ട ഭിവാനിയില്‍ നിന്നുള്ളവരാണ് ഇരുവരും. 54 കിലോഗ്രാം വിഭാഗത്തിലാണ് പ്രീതി സ്വര്‍ണം നേടിയത്. 57 കിലോഗ്രാം വിഭാഗത്തിലായിരുന്നു ജെയ്‌സ്മിന്റെ നേട്ടം.
മകളുടെ ഈ വിജയം തങ്ങളുടെ കുടുംബത്തിന്റെ മാത്രം വിജയമല്ലെന്നും മറിച്ച് മുഴുരാജ്യത്തിനും അഭിമാന നിമിഷമാണെന്നും പ്രീതിയുടെ പിതാവും ഹരിയാന പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറുമായ സോംവീർ സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രീതിക്ക് ബോക്‌സിങില്‍ താത്പര്യം തോന്നിയതെന്നും, അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മാവനാണ് പ്രീതിയുടെ പരിശീലകന്‍. ഈ യാത്രയിലുടനീളം അദ്ദേഹം അവളെ പരിശീലിപ്പിക്കുകയും വഴിനടത്തുകയും ചെയ്തു. കുടുംബം പൂര്‍ണ്ണമായും പിന്തുണച്ചു. ഈ നേട്ടത്തിനായി അവൾ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇത് തുടക്കം മാത്രമാണെന്ന് വിശ്വസിക്കുന്നു. ഇനി നിരവധി വിജയങ്ങൾ വരാനിരിക്കുന്നുവെന്നും സോംവീർ സിങ് പറഞ്ഞു.
Also Read: ഗ്ലാസ്ഗോയിൽ ഇന്ത്യൻ കുതിപ്പ്: ജുഡോയില്‍ ഇരട്ട സ്വര്‍ണം; അഭിമാനമായി ഹര്‍ഷും അസ്മിതയും
രോഗം മൂലം ഒളിമ്പിക്‌സ് നഷ്ടപ്പെട്ടതായിരുന്നു മകളുടെ ഏറ്റവും വലിയ സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസുഖം മൂലം ഒളിമ്പിക്‌സ് നഷ്ടമായതിന് ശേഷം കടുത്ത വിഷമം അവൾ വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്നു. അവളുടെ സമയം എപ്പോഴെങ്കിലും വരുമെന്നും കഠിനാധ്വാനം ഒരു ദിവസം ഫലം കാണുമെന്നും അവളെ ആശ്വസിപ്പിച്ചു. ആ നിമിഷം കോമൺവെൽത്ത് ഗെയിംസിൽ എത്തിച്ചേർന്നിരിക്കുകയാണ്. സ്വർണമെഡൽ നേടി ഇപ്പോൾ ആദ്യ നാഴികക്കല്ല് പിന്നിട്ടു, ഏഷ്യൻ ഗെയിംസിലും സ്വർണം നേടുമെന്ന് ഉറപ്പുണ്ടെന്നും താരത്തിന്റെ പിതാവ് പ്രതികരിച്ചു.
ബോക്‌സിങ് പാരമ്പര്യം
ബോക്‌സിങ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ജെയ്സ്മിൻ ലംബോറിയ വരുന്നത്. മുതുമുത്തച്ഛനായ ക്യാപ്റ്റൻ ഹവാ സിങ് ബോക്‌സറായിരുന്നു. അമ്മാവന്മാരായ സന്ദീപ് സിങും പർവീന്ദർ സിങും മുൻ ദേശീയ ചാമ്പ്യന്മാരും അന്താരാഷ്ട്ര തലത്തിലുള്ള ബോക്സർമാരുമാണ്. ഇവരാണ് താരത്തിന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. 2016-ലാണ് ജെയ്സ്മിൻ ലംബോറിയ ബോക്‌സിങ് ആരംഭിച്ചതെന്നും, രാജ്യത്തിനായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിക്കുമെന്ന് വിശ്വസിച്ചിരുന്നതായും സന്ദീപ് സിങ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
English Summary
Priya Ghanghas won gold in the women’s 60kg boxing at CWG 2026. Her victory gave India its fourth boxing gold medal of the Games. Preeti Pawar, Jasmine Lamboria, and Sakshi Chaudhary also clinched gold titles.