WTC Final 2025: ഇതെന്താണ് ജയ് ഷാ അഭിനയിച്ച റീലോ?; ഐസിസിയുടെ ദക്ഷിണാഫ്രിക്കൻ കിരീടനേട്ട വിഡിയോയ്ക്കെതിരെ ആരാധകർ
ICC Video Including Jay Shah Visuals Controversy: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയവുമായി ബന്ധപ്പെട്ട് ഐസിസി പങ്കുവച്ച വിഡിയോയ്ക്കെതിരെ ആരാധകർ. ചെയർമാൻ ജയ് ഷായുടെ ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെട്ടതാണ് വിവാദമായത്.

ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിൽ ഐസിസി പങ്കുവച്ച വിഡിയോയ്ക്കെതിരെ ആരാധകർ. ഐസിസി ചെയർമാൻ ജയ് ഷായുടെ ദൃശ്യങ്ങൾ വിഡിയോയിൽ ഏറെയുണ്ടായിരുന്നു. ഇതാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ജയ് ഷാ അഭിനയിച്ച റീലാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ ഐസിസി ഈ വിഡിയോ പങ്കുവച്ചത്. റീൽ രൂപത്തിൽ പങ്കുവച്ച വിഡിയോ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ മാഷപ്പ് രൂപമായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൻ്റെയും ഓസീസ് ടീമിൻ്റെയും ദൃശ്യങ്ങളും ഗ്യാലറിയും കാണികളുമൊക്കെ ഈ വിഡിയോയിൽ ഉണ്ടായിരുന്നു. വിഡിയോയിൽ പലതവണയാണ് ജയ് ഷാ പ്രത്യക്ഷപ്പെട്ടത്. ഗ്യാലറിയിൽ കളി കണ്ടുകൊണ്ട് ജയ് ഷാ ഇരിക്കുന്നതും വിജയവേളയിൽ കയ്യടിക്കുന്നതും ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതും ഉൾപ്പെടെ വിഡിയോയിൽ ജയ് ഷാ ആണ് നിറഞ്ഞുനിൽക്കുന്നത്. ഇതോടെയാണ് ആരാധകർ വിമർശനവുമായി രംഗത്തുവന്നത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന ഫൈനലിൽ ആധികാരികമായിരുന്നു പ്രോട്ടീസിൻ്റെ ജയം. പ്രോട്ടീസ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഐസിസി കിരീടമാണിത്. 27 വർഷങ്ങൾക്ക് ശേഷമാണ് അവർ ഒരു ഐസിസി കിരീടം നേടിയത്. 1998ലെ ചാമ്പ്യൻസ് ട്രോഫിയാണ് ഇതിന് മുൻപ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.




282 റൺസാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ച വിജയലക്ഷ്യം. ഇതിനെ ആധികാരികമായി മറികടക്കാൻ പ്രോട്ടീസിനായി. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 136 റൺസ് നേടിയ മാർക്രത്തിനൊപ്പം ക്യാപ്റ്റൻ ടെംബ ബവുമയും തിളങ്ങി. ബവുമ 66 റൺസ് നേടി പുറത്താവുകയായിരുന്നു. മാർക്രമായിരുന്നു കളിയിലെ താരം.