AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാനുവൽ ന്യൂയർ; ഫിഫ ലോകകപ്പിൽ നാൽപ്പതുകാർ അ‌വർ 8 പേർ

FIFA World Cup 2026: ഫിഫ വേൾഡ്കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന ഒരു ടൂർണമെന്റാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 22 ലോകകപ്പുകളിൽ ആകെ കളിച്ച വെറ്ററൻ താരങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇത്തവണത്തേത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 41 വയസുള്ള അ‌ദ്ദേഹം തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് ഇറങ്ങാൻ പോകുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാനുവൽ ന്യൂയർ; ഫിഫ ലോകകപ്പിൽ നാൽപ്പതുകാർ അ‌വർ 8 പേർ
Fifa World Cup 2026Image Credit source: Getty Images
PK Prasanthkumar
PK Prasanthkumar | Published: 10 Jun 2026 | 11:12 AM

ഓരോ ഫിഫ ലോകകപ്പും ഒരുപാട് പുതിയ റെക്കോഡുകൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഇത്തവണത്തെ റെക്കോഡ് തിരുത്തിക്കുറിക്കലുകൾ പലതും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്, ബാക്കി കളി തുടങ്ങുന്നതോടെ ​മൈതാനത്ത് തിരുത്തപ്പെടും. ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലേക്ക് ലോകം കൺതുറക്കാൻ തയാറെടുക്കെ, കൗതുകകരമായ ഒട്ടനവധി വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അ‌തിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു 2026 ലോകകപ്പിലെ നാൽപ്പതുകാരുടെ സാന്നിധ്യം. നാൽപ്പത് വയസോ അ‌തിന് മുകളിലോ പ്രായമുള്ള എട്ട് താരങ്ങൾ ഈ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. പ്രായത്തെ വെറും നമ്പർ മാത്രമാക്കിയ ഈ നാൽപ്പതുകാരുടെ നിരയിൽ തന്റെ ആറാം ലോകകപ്പിന് ഇറങ്ങുന്ന ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുണ്ട്.

ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം മാനസിക ആരോഗ്യത്തോടൊപ്പം തന്നെ വളരെ പ്രധാനമാണ് ശാരീരി ആരോഗ്യവും. നാൽപ്പത് അ‌ത്ര വലിയ പ്രായമൊന്നുമല്ലെങ്കിലും ചുറുചുറുക്കുള്ള നിരവധി ചെറുപ്പക്കാർ നിറഞ്ഞ ടൂർണമെന്റിൽ നാൽപ്പതുകാർ വെറ്ററൻ താരങ്ങളാണ്. പ്രായത്തെ തോൽപ്പിക്കുന്ന പ്രതിഭയും മനസാന്നിധ്യവുമാണ് ഈ നാൽപ്പതുകാരുടെ ​കൈമുതൽ എന്ന് പറയാം.

Also Read: FIFA World Cup 2026- ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ

ഫിഫ വേൾഡ്കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന ഒരു ടൂർണമെന്റാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 22 ലോകകപ്പുകളിൽ ആകെ കളിച്ച വെറ്ററൻ താരങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇത്തവണത്തേത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത്രയധികം വെറ്ററൻ താരങ്ങളുണ്ടെങ്കിലും ലോകകപ്പ് കളിക്കുന്ന ഏറ്റവും കൂടുതൽ പ്രായമുള്ള താരത്തിന്റെ റെക്കോഡ് ഇത്തവണ തിരുത്തപ്പെടില്ല എന്നതും ശ്രദ്ധേയമാണ്.

45-ാം വയസിൽ ലോകകപ്പിൽ കളിച്ച ഈജിപ്തിന്റെ എസ്സാം എൽ ഹദരിയാണ് ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മുതിർന്ന താരം. എന്നാൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് ഇത്തവണത്തെ ഒരു കളിക്കാരന്റെ പേരിലാകും. സ്കോട്ട്ലൻഡിന്റെ ഗോൾകീപ്പറായ ക്രെയ്ഗ് ഗോർഡൻ ആണ് ആ താരം.

ക്രെയ്ഗ് ഗോർഡൻ

2026 ഫിഫ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരമാണ് സ്കോട്ട്ലൻഡിന്റെ ഗോൾകീപ്പറായ ക്രെയ്ഗ് ഗോർഡൻ. 43 വയസുള്ള ക്രെയ്ഗ് ഗോർഡന് സ്കോട്ട്ലൻഡിനായി ഇത്തവണ മത്സരത്തിനിറങ്ങാനായാൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് അ‌ദ്ദേഹം സ്വന്തമാക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 41 വയസുള്ള അ‌ദ്ദേഹം തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് ഇറങ്ങാൻ പോകുന്നത്, ഇനിയൊരു ലോകകപ്പിനുള്ള ബാല്യം റോണോയ്ക്ക് ഉണ്ടോയെന്ന് ഉറപ്പിക്കാനാകാത്തതിനാൽ, ഇത്തവണ ലോകകപ്പ് നേടി ഈ ഇതിഹാസത്തിന്റെ കരിയർ പൂർണ്ണതയിൽ എത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. കപ്പ് നേടാനായിട്ടില്ലെങ്കിലും ഇതിനകം പങ്കെടുത്ത അ‌ഞ്ച് ലോകകപ്പുകളിലായി നിരവധി റെക്കോഡുകൾ തന്റെ പേരിൽ കുറിക്കാൻ റോണായ്ക്ക് സാധിച്ചിട്ടുണ്ട്.

ഗില്ലെർമോ ഒച്ചോവ

ആറ് ലോകകപ്പ് ടൂർണമെന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ മെക്സിക്കൻ താരം എന്ന പ്രത്യേകതയുമായാണ് നാൽപ്പതുകാരനായ ഗില്ലെർമോ ഒച്ചോവ ഇത്തവണ കളിക്കാനിറങ്ങുന്നത്. ആറാം ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിനിറങ്ങുന്ന മൂന്ന് താരങ്ങളാണ് ഈ ലോകകപ്പിലുള്ളത്. അ‌തിൽ ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ഒപ്പമാണ് ഒച്ചോവ ഇടംപിടിച്ചിരിക്കുന്നത്.

2006 ൽ തന്റെ ലോകകപ്പ് അ‌രങ്ങേറ്റം നടത്തിയ ​ഒച്ചോവ തുടർന്ന്, 2010, 2014, 2018, 2022 ലോകകപ്പുകളിലും ഭാഗമായി, ഇപ്പോൾ 2026 ലെ മെക്സിക്കോയുടെ അ‌ന്തിമ ഇലവനിലും ഗോൾകീപ്പറായി ഇടംപിടിച്ചിട്ടുണ്ട്. അ‌മേരിക്കയ്ക്കും കാനഡയ്ക്കുമൊപ്പം സ്വന്തം രാജ്യവും ഈ ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്നു എന്നതിനാൽ ഒച്ചോവയ്ക്ക് തന്റെ ഈ ആറാം ലോകകപ്പ് കൂടുതൽ സ്പെഷൽ ആണ്.

മാനുവൽ ന്യൂയർ, ലൂക്കാ മോഡ്രിച്ച്

ഈ ലോകകപ്പിൽ കളത്തിലിറങ്ങുന്ന നാൽപ്പത് വയസിന് മുകളിലുള്ള മറ്റ് താരങ്ങളിൽ ക്രോയേഷ്യയുടെ മിഡ്ഫീൽഡ് മാന്ത്രികൻ ലൂക്കാ മോഡ്രിച്ച്, ജർമ്മനിയുടെ 2014 ലോകകപ്പ് ജേതാവ് മാനുവൽ ന്യൂയർ, ബോസ്നിയൻ ഗോളടിവീരൻ എഡിൻ സെക്കോ, കേപ് വേർഡ് ഗോൾകീപ്പർ വൊസീന്യ എന്നിവരും ഈ ലോകകപ്പിനിടയിൽ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഉറുഗ്വേയുടെ ഫെർണാണ്ടോ മുസ്ലേരയും ഉൾപ്പെടുന്നു.

English Summary

This is the tournament with the largest number of veteran players in FIFA World Cup history. The most notable thing is that this time there are more veteran players than in the last 22 World Cups combined. The oldest outfield player in the FIFA 2026 World Cup is Portuguese legend Cristiano Ronaldo. At 41 years old, he is going to play in the sixth World Cup of his career.

Follow Us