5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: ബുംറയില്ല; വരുൺ ചക്രവർത്തി അരങ്ങേറിയേക്കും; ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം നാളെ

IND vs England ODI Series: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരിൽ ആരംഭിക്കും. പേസർ ജസ്പ്രീത് ബുംറ കളിയ്ക്കില്ല.

India vs England: ബുംറയില്ല; വരുൺ ചക്രവർത്തി അരങ്ങേറിയേക്കും; ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം നാളെ
ഇന്ത്യ - ഇംഗ്ലണ്ട്Image Credit source: PTI
abdul-basith
Abdul Basith | Published: 05 Feb 2025 20:54 PM

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനം ഈ മാസം ആറ് മുതൽ ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് നാളെ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കുക. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം ആരംഭിക്കുക. പരിക്കിൽ നിന്ന് മുക്തനാവാത്ത പേസർ ജസ്പ്രീത് ബുംറയെ ടീമിൽ നിന്ന് ഒഴിവാക്കി. ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനം നടത്തിയ വരുൺ ചക്രവർത്തിയെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിരുന്നു. താരം നാളെ ഏകദിനത്തിൽ അരങ്ങേറാനാണ് സാധ്യത.

ഈ മാസം 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻ ഇന്ത്യ അവസാനമായി കളിക്കുന്ന ഏകദിന പരമ്പരയാണിത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ഏകദിന മത്സരത്തിൽ കളിക്കുന്നത്. ഈ പരമ്പരയിൽ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീം പുതുക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ പല താരങ്ങൾക്കും ഈ പരമ്പര നിർണായകമാണ്. സ്റ്റാർ ആണ് പരമ്പരയുടെ സ്ട്രീമിങ് പാർട്ണർ. അതുകൊണ്ട് തന്നെ ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് ചാനലിലും ഒടിടിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം.

യശസ്വി ജയ്സ്വാൾ ബാക്കപ്പ് ഓപ്പണറാണെന്നതുകൊണ്ട് തന്നെ ശുഭ്മൻ ഗിൽ ആവും രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വിരാട് കോലി, ശ്രേയാസ് അയ്യർ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ/രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്/വരുൺ ചക്രവർത്തി എന്നിങ്ങനെയാവും ടീം. കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ഒരാളെ മാത്രമേ പരിഗണിക്കൂ എങ്കിൽ ഇവരിൽ ഒരാൾക്ക് പകരം വാഷിംഗ്ടൺ സുന്ദർ കളിക്കും.

ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളായ ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക് എന്നിവർക്ക് ഈ പരമ്പര നിർണായകമാണ്. ഇന്ത്യയിൽ മോശം റെക്കോർഡുകളുള്ള ബ്രൂക്കിന് പ്രകടനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജോ റൂട്ട് ടീമിലേക്ക് തിരികെയെത്തുന്നത് ഇംഗ്ലണ്ടിന് വലിയ നേട്ടമാവും. മാർക്ക് വുഡിന് വിശ്രമം അനുവദിച്ചതിനാൽ സാഖിബ് മഹ്മൂദ് തന്നെയാണ് ആർച്ചറിൻ്റെ പങ്കാളി.

Also Read: Rohit Sharma: എന്താണ് രോഹിതിൻ്റെ ഫ്യൂച്ചർ പ്ലാൻ?; ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണമെന്ന് ബിസിസിഐ

ഇംഗ്ലണ്ട് ടീം: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെഥൽ, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്.

ഫെബ്രുവരി 9ന് കട്ടക്കിലും ഫെബ്രുവരി 12ന് അഹ്മദാബാദിലുമാണ് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കുന്ന ജസ്പ്രീത് ബുംറ അഹ്മദാബാദ് ഏകദിനത്തിൽ തിരികെയെത്തിയേക്കും എന്നാണ് മുഖ്യ സെലക്ടർ അജിത് അഗാർക്കർ അറിയിച്ചത്. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ ബുംറയെ ആദ്യം ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ടീം ലിസ്റ്റിൽ നിന്ന് മാറ്റുകയായിരുന്നു. കാരണമെന്തെന്നറിയിക്കാതെ വളരെ രഹസ്യമായായിരുന്നു നീക്കം. ഇത് ചോദ്യം ചെയ്തപ്പോഴാണ് അഗാർക്കർ ബുംറയുടെ കാര്യത്തിൽ വിശദീകരണവുമായി ബന്ധപ്പെട്ടത്. അവസാന ഏകദിനത്തിൽ ടീമിലേക്ക് തിരികെയെത്തുന്ന താരം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് അഗാർക്കർ പ്രത്യാശ പ്രകടിപ്പിച്ചു.