AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England 1st T20 : പോയിട്ട് അല്‍പം ധൃതിയുണ്ട് ! അഭിഷേകും സഞ്ജുവും കസറി; പെട്ടെന്ന് പണി തീര്‍ത്ത് ഇന്ത്യ

India vs England 1st T20 Match : ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരുടെ ജയം ഏഴ് വിക്കറ്റിന്. 43 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. അടുത്ത മത്സരം 25ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. മത്സരം വൈകിട്ട് ഏഴിന്‌

India vs England 1st T20 : പോയിട്ട് അല്‍പം ധൃതിയുണ്ട് ! അഭിഷേകും സഞ്ജുവും കസറി; പെട്ടെന്ന് പണി തീര്‍ത്ത് ഇന്ത്യ
അഭിഷേക് ശര്‍മയും, സഞ്ജു സാംസണും Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 22 Jan 2025 | 10:40 PM

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ വിജയത്തോടെ തുടങ്ങി. 133 റണ്‍സ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 43 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ജയം വളരെ വേഗത്തിലാക്കിയത്. അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്തു. എട്ട് സിക്‌സറുകളും, അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ആദില്‍ റഷീദിന്റെ പന്തില്‍ ഹാരി ബ്രൂക്ക് ക്യാച്ചെടുത്ത് അഭിഷേക് ഔട്ടായപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, സഞ്ജു സാംസണും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രണ്ടാം ഓവറില്‍ ഗസ് അറ്റ്കിന്‍സണെതിരെ 22 റണ്‍സാണ് സഞ്ജു നേടിയത്. നാല് ഫോറും, ഒരു സിക്‌സും ആ ഓവറില്‍ സഞ്ജു പായിച്ചു.

സഞ്ജുവിന്റെ പ്രകടനം:

വിജയലക്ഷ്യം ചെറുതാണെങ്കിലും അടിച്ചുകളിക്കുക തന്നെയാണ്‌ നയമെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു സഞ്ജുവിന്റെയും അഭിഷേകിന്റെയും പ്രകടനം. 20 പന്തില്‍ 26 റണ്‍സെടുത്ത സഞ്ജുവിനെ ജോഫ്ര ആര്‍ച്ചറാണ് പുറത്താക്കിയത്. ആര്‍ച്ചറുടെ പന്തില്‍ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ഗറ്റ് അറ്റ്കിന്‍സണ്‍ ക്യാച്ചെടുത്താണ് താരം പുറത്തായത്.

സഞ്ജു പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായി. വെറും മൂന്ന് പന്ത് മാത്രം നേരിട്ട സൂര്യയെ പുറത്താക്കിയതും ആര്‍ച്ചറായിരുന്നു. ഫില്‍ സാള്‍ട്ടിന് ക്യാച്ച് സമ്മാനിച്ചാണ് സൂര്യ മടങ്ങിയത്. 16 പന്തില്‍ 19 റണ്‍സുമായി തിലക് വര്‍മയും, നാല് പന്തില്‍ മൂന്ന് റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.

Read Also : ഒരോവറിൽ തന്നെ കെസിഎയ്ക്കും ബിസിസിഐക്കുമുള്ളത് സഞ്ജു തന്നിട്ടുണ്ട്; ഇരയായത് ഗസ് അറ്റ്കിൻസൺ

തകര്‍ന്ന് തരിപ്പണമായി ഇംഗ്ലണ്ട്‌

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പൂജ്യത്തിന് പുറത്താക്കി അര്‍ഷ്ദീപ് സിംഗാണ് ആദ്യ പ്രഹരം സമ്മാനിച്ചത്. വെറും മൂന്ന് പന്ത് മാത്രം നേരിട്ട സാള്‍ട്ടിനെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ബെന്‍ ഡക്കറ്റും വന്ന പോലെ മടങ്ങി. നാല് പന്തില്‍ നാല് റണ്‍സെടുത്ത ഡക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തിയതും അര്‍ഷ്ദീപായിരുന്നു.

ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന നേട്ടം അര്‍ഷ്ദീപ് സ്വന്തമാക്കി. 97 വിക്കറ്റാണ് അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തിയത്. 96 വിക്കറ്റുകള്‍ സ്വന്തമാക്കിയ യുസ്‌വേന്ദ്ര ചഹലാണ് രണ്ടാമത്.

44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്. ഇംഗ്ലണ്ട് നിരയില്‍ ബട്ട്‌ലറും, ഹാരി ബ്രൂക്കും (14 പന്തില്‍ 17), ജോഫ്ര ആര്‍ച്ചറും (10 പന്തില്‍ 12) മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറില്‍ 132 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും, അര്‍ഷ്ദീപും, ഹാര്‍ദ്ദിക് പാണ്ഡ്യയും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.