India vs England ODI Series: ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി ധൈര്യമായി വണ്ടി കയറാം; ഇംഗ്ലണ്ട് പരീക്ഷയില്‍ ഇന്ത്യയ്ക്ക് നൂറില്‍ 100; പരമ്പര തൂത്തുവാരി
India vs England ODI Serie India won title : ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള റിഹേഴ്‌സലായിരുന്നു ഈ ഏകദിന പരമ്പര. ഇന്ത്യ അത് ഭംഗിയായി പൂര്‍ത്തിയാക്കി. മൂന്ന് മത്സരങ്ങളും ജയിച്ചു. നാണംകെട്ടാണ് ഇംഗ്ലണ്ടിന്റെ മടക്കം. ഒരു മത്സരത്തില്‍ പോലും പൊരുതാന്‍ സാധിച്ചില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ പരമ്പര വിജയം

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പ് ഭംഗിയായി പൂര്‍ത്തിയാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെ നാണം കെടുത്തി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അഹമ്മദാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ 142 റണ്‍സിനായിരുന്നു ജയം. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ 356, ഇംഗ്ലണ്ട്-34.2 ഓവറില്‍ 214
357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും, ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ടി20 ശൈലിയില്‍ ഇരുവരും ബാറ്റ് വീശി. 22 പന്തില്‍ 34 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിനെ വീഴ്ത്തി അര്‍ഷ്ദീപ് സിംഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടില്‍ 6.2 ഓവറില്‍ 60 റണ്‍സാണ് സാള്‍ട്ട്-ഡക്കറ്റ് സഖ്യം അടിച്ചുകൂട്ടിയത്. തൊട്ടുപിന്നാലെ സാള്‍ട്ടിനെയും അര്‍ഷ്ദീപ് പുറത്താക്കി. 21 പന്തില്‍ 23 റണ്‍സായിരുന്നു സാള്‍ട്ടിന്റെ സമ്പാദ്യം.
പിന്നീട് ഒത്തുച്ചേര്‍ന്ന ടോം ബാന്റണ്‍-ജോ റൂട്ട് സഖ്യം കരുതലോടെ ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു. 41 പന്തില്‍ 38 റണ്‍സെടുത്ത ബാന്റന്റെ ചെറുത്തുനില്‍പ് പൊളിച്ച് കുല്‍ദീപ് യാദവ് ആ പാര്‍ട്ട്ണര്‍ഷിപ്പില്‍ വിള്ളല്‍ വീഴ്ത്തി. അധികം വൈകാതെ 29 പന്തില്‍ 24 റണ്‍സെടുത്ത റൂട്ടിനെ അക്‌സര്‍ പട്ടേലും പവലിയനിലേക്ക് മടക്കിയതോടെ ഇംഗ്ലണ്ട് തോല്‍വി മണുത്തു.




തുടര്‍ന്ന് ക്രീസിലെത്തിയ ഹാരി ബ്രൂക്ക് (26 പന്തില്‍ 19), ജോസ് ബട്ട്‌ലര്‍ (ഒമ്പത് പന്തില്‍ 6) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഹര്‍ഷിത് റാണ രണ്ടു പേരെയും ക്ലീന്‍ ബൗള്‍ഡാക്കി. 23 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റ് വേട്ടയില്‍ അണിചേര്‍ന്നു. വാലറ്റത്ത് അറ്റ്കിന്‍സണ്‍ നടത്തിയ വെടിക്കെട്ട് ഇന്ത്യയ്ക്ക് തലവേദനയായി. 19 പന്തില്‍ 38 റണ്‍സെടുത്ത അറ്റ്കിന്‍സണെ അക്‌സറാണ് പുറത്താക്കിയത്.
Read Also : പച്ച ആംബാന്‍ഡ് ധരിച്ച് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍; കാരണമെന്ത്? അറിയാം
ഇന്ത്യയുടെ ബൗളര്‍മാര്‍ക്കെല്ലാം വിക്കറ്റ് സമ്മാനിച്ചാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മടങ്ങിയത്. അര്‍ഷ്ദീപ്, ഹര്‍ഷിത്, അക്‌സര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, കുല്‍ദീപും, വാഷിംഗ്ടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
102 പന്തില്‍ 112 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, 55 പന്തില്‍ 52 റണ്‍സെടുത്ത വിരാട് കോഹ്ലി, 64 പന്തില്‍ 78 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍, 29 പന്തില്‍ 40 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 356 റണ്‍സെടുത്തത്. ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (രണ്ട് പന്തില്‍ ഒന്ന്) മാത്രമാണ് നിരാശപ്പെടുത്തിയത്.