IPL 2025: എന്താണീ എഴുതിക്കൂട്ടുന്നത്?; ഒടുവിൽ രാഹുൽ ദ്രാവിഡ് തന്നെ ആ ചോദ്യത്തിന് മറുപടി പറയുന്നു
Rahul Dravid Reveals What He Was Writing: രാജസ്ഥാൻ റോയൽസിൻ്റെ മത്സരങ്ങൾക്കിടെ താൻ എന്താണ് നിരന്തരം എഴുതിയതെന്ന് വ്യക്തമാക്കി പരിശീലകൻ രാഹുൽ ദ്രാവിഡ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സിനോടാണ് പ്രതികരണം.

ആഹുൽ ദ്രാവിഡ്
രാജസ്ഥാൻ റോയൽസിൻ്റെ മത്സരങ്ങൾക്കിടെ ഡഗൗട്ടിലിരുന്ന് എന്തൊക്കെയോ കാര്യമായി കുത്തിക്കുറിയ്ക്കുന്ന പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഓരോ പന്തിന് ശേഷവും നോട്ട്ബുക്കിൽ കാര്യമായി എഴുതുന്ന ദ്രാവിഡ് ട്രോളുകളും ഏറ്റുവാങ്ങി. ടീം തുടരെ പരാജയപ്പെടുമ്പോഴും എന്താണിതെഴുതുന്നത് എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് ഇപ്പോൾ ദ്രാവിഡ് തന്നെ മറുപടി നൽകുകയാണ്.
“ടി20, ഏകദിന മത്സരങ്ങളിലെ സ്കോറിങ് നടത്തുന്നതിൽ എനിക്ക് ഒരു പ്രത്യേക മാർഗമുണ്ട്. അത് കളി എങ്ങനെയായിരുന്നു എന്ന് മനസിലാക്കുന്നതിൽ എന്നെ സഹായിക്കാറുണ്ട്. എനിക്ക് സ്കോർകാർഡ് നോക്കാം. പക്ഷേ, ഞാൻ ഒരു പ്രത്യേക രീതിയിലാണ് സ്കോറിങ് നടത്താറ്. അത് എനിക്ക് വളരെ സൗകര്യമാണ്. സ്കോർകാർഡ് നോക്കാതെ തന്നെ കളി വിലയിരുത്താൻ എനിക്ക് സഹായകമാവും.”- ദ്രാവിഡ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
“ചിലപ്പോഴൊക്കെ മത്സരങ്ങൾക്ക് ശേഷം മുറിയിലിരിക്കുമ്പോൾ കളി വിലയിരുത്താൻ തോന്നും. ആ ഓവറിൽ എന്താണ് സംഭവിച്ചത്, ആ പന്തിൽ എന്താണ് സംഭവിച്ചത് എന്നൊക്കെ മനസിലാക്കാനാവും. അങ്ങനെ കളി വിലയിരുത്താൻ ഇത് എനിക്ക് വളരെ സഹായകമാണ്. അത് അത്ര സങ്കീർണമായ കാര്യമൊന്നുമല്ല. റോക്കറ്റ് സയൻസൊന്നും അല്ല. എനിക്ക് കംഫർട്ടബിളായ രീതിയിൽ ഗെയിം സ്കോർ ചെയ്യുന്നു. അത്രമാത്രം”- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: IPL 2025: മുംബൈ – ഡൽഹി മത്സരത്തിലും മഴസാധ്യത; കളി മുടങ്ങിയാൽ ഇരു ടീമുകൾക്കും തിരിച്ചടി
റിട്ടൻഷൻസ് മുതൽ അബദ്ധങ്ങൾ കാണിച്ച രാജസ്ഥാൻ ഒടുവിൽ 14 മത്സരങ്ങളിൽ കേവലം നാല് ജയം സഹിതം 8 പോയിൻ്റുമായാണ് സീസൺ അവസാനിപ്പിച്ചത്. നിലവിൽ ഒരു മത്സരം കുറച്ച് കളിച്ച ചെന്നൈ സൂപ്പർ കിംഗ്സിന് മുകളിൽ 9ആം സ്ഥാനത്താണ് രാജസ്ഥാൻ. സങ്കക്കാരയായിരുന്നു രാജസ്ഥാൻ്റെ മുൻ പരിശീലകൻ. സങ്കയ്ക്ക് കീഴിൽ രാജസ്ഥാൻ ഐപിഎൽ റണ്ണേഴ്സ് അപ്പ് വരെ ആയിരുന്നു. ഇപ്പോൾ സങ്ക രാജസ്ഥാൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആണ്. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡിനെ രാജസ്ഥാൻ റോയൽസ് വീണ്ടും പരിശീലകനായി തിരികെ എത്തിച്ചത്. അടുത്ത സീസണിൽ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ ടീം വിടുമെന്നാണ് അഭ്യൂഹങ്ങൾ.