IPL 2025: എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ; അവസാന കളിയിൽ ചെന്നൈക്കെതിരെ രാജസ്ഥാന് ആധികാരിക വിജയം
RR Wins Against CSK: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആധികാരിക ജയത്തോടെ രാജസ്ഥാൻ റോയൽസ് സീസൺ അവസാനിപ്പിച്ചു. 188 റൺസ് വിജയലക്ഷ്യം 18ആം ഓവറിലെ ആദ്യ പന്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു.
ആധികാരിക വിജയത്തോടെ സീസൺ അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റ് തകർത്താണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ അവസാന മത്സരത്തിൽ നാലാം ജയം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 188 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ റോയൽസ് താരം ആകാശ് മധ്‌വൾ ആണ് കളിയിലെ താരം.
ഓപ്പണർമാർ ചേന്ന് ഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. യശസ്വി ജയ്സ്വാൾ പവർപ്ലേയിൽ ആഞ്ഞടിച്ചപ്പോൾ സ്കോർ കുതിച്ചുയർന്നു. 19 പന്തിൽ 36 റൺസ് നേടിയ താരം ഒടുവിൽ അൻഷുൽ കംബോജിന് മുന്നിൽ വീണു. അതുവരെ സാവധാനം കളിച്ചുകൊണ്ടിരുന്ന വൈഭവ് സൂര്യവൻശി അതോടെ സ്കോറിങ് ചുമതല ഏറ്റെടുത്തു. പതിവിന് വിപരീതമായി മോശം പന്തുകൾക്കായി കാത്തുനിന്നായിരുന്നു വൈഭവിൻ്റെ കളി. സഞ്ജുവും ബൗണ്ടറികൾ കണ്ടെത്തിയതോടെ രാജസ്ഥാൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ വൈഭവ് 27 പന്തുകളിൽ ഫിഫ്റ്റി തികച്ചു. വൈഭവിൻ്റെ ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജു വീണു. 31 പന്തിൽ 41 റൺസ് നേടിയ സഞ്ജുവിനെ വീഴ്ത്തിയ ആർ അശ്വിൻ 98 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും അവസാനിപ്പിച്ചു.
Also Read: IPL 2025: അന്ന് ധോണിയെത്തിയപ്പോൾ ചെവി പൊത്താൻ തോന്നി; സഞ്ജുവിന്റെ വെളിപ്പെടുത്തൽ
അതേ ഓവറിൽ തന്നെ വൈഭവും മടങ്ങി. 33 പന്തിൽ 57 റൺസെടുത്താണ് താരം പുറത്തായത്. റിയാൻ പരാഗിന് (3) ഏറെ സമയം ക്രീസിൽ തുടരാനായില്ല. എന്നാൽ, ധ്രുവ് ജുറേലും ഷിംറോൺ ഹെട്മെയറും ചേർന്ന് രാജസ്ഥാനെ അനായാസജയത്തിലെത്തിക്കുകയായിരുന്നു. ധ്രുവ് ജുറേൽ 12 പന്തിൽ 31 റൺസ് നേടിയും ഷിംറോൺ ഹെട്മെയർ 5 പന്തിൽ 12 റൺസ് നേടിയും പുറത്താവാതെ നിന്നു.
14 മത്സരങ്ങളിൽ നാല് ജയം സഹിതം എട്ട് പോയിൻ്റുമായാണ് രാജസ്ഥാൻ റോയൽസ് സീസൺ അവസാനിപ്പിക്കുന്നത്. നിലവിൽ 9ആം സ്ഥാനത്താണ് രാജസ്ഥാൻ.