IPL 2025: മലയാളി ടീമിലെത്തിയപ്പോൾ ഭാഗ്യവും ഒപ്പമെത്തി; ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചുകെട്ടി സൺറൈസേഴ്സ്
SRH First Innings vs DC: ഡൽഹി ക്യാപിറ്റൽസിനെ 133/7 റൺസിൽ ഒതുക്ക് സൺറൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു.
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസാണ് നേടിയത്. ഡൽഹിയ്ക്കായി അശുതോഷ് ശർമ്മയും ട്രിസ്റ്റൻ സ്റ്റബ്സും 41 റൺസ് വീതം നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിനായി മികച്ചുനിന്നത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. മുഹമ്മദ് ഷമിയുടെ അഭാവത്തിൽ സൺറൈസേഴ്സിൻ്റെ ബൗളിംഗ് ഓപ്പൺ ചെയ്ത പാറ്റ് കമ്മിൻസ് ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ കരുൺ നായരെ വീഴ്ത്തി. തൻ്റെ അടുത്ത രണ്ട് ഓവറുകളിലെ ആദ്യ പന്തുകളിൽ ഫാഫ് ഡുപ്ലെസി (3), അഭിഷേക് പോറൽ (8) എന്നിവരെയും കമ്മിൻസ് മടക്കി അയച്ചു. അക്സർ പട്ടെലിനെ (6) ഹർഷൽ പട്ടേലും കെഎൽ രാഹുലിനെ (10) ജയദേവ് ഉനദ്കട്ടും പുറത്താക്കി.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിൽ പതറിയ ഡൽഹിയെ ആറാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും വിപ്രജ് നിഗവും ചേർന്നാണ് വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 32 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളികളായി. 17 പന്തിൽ 18 റൺസ് നേടിയ വിപ്രജ് ദൗർഭാഗ്യകരമായി റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്.




പിന്നാലെ ക്രീസിലെത്തിയ അശുതോഷ് ശർമ്മ ചില കൂറ്റൻ ഷോട്ടുകൾ കണ്ടെത്തി. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് കൂടി ബൗണ്ടറികൾ കണ്ടെത്തിയതോടെ ഡൽഹി മാന്യമായ സ്കോറിലെത്തുകയായിരുന്നു. 25 പന്തിൽ 41 റൺസ് നേടിയ അശുതോഷ് ശർമ്മയെ അവസാന ഓവറിൽ ഇഷാൻ മലിംഗ പുറത്താക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സുമൊത്ത് 66 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം മടങ്ങിയത്.
Also Read: IPL 2025: ‘ഒരു കോടി തന്നില്ലെങ്കിൽ കൊലപ്പെടുത്തും’; മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി
ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഡൽഹി ക്യാപിറ്റൽസിൽ മുകേഷ് കുമാറിന് പകരം ടി നടരാജൻ ഇടം പിടിച്ചു. സൺറൈസേഴ്സിൽ സച്ചിൻ ബേബി, അഭിനവ് മനോഹർ, ഇഷാൻ മലിംഗ എന്നിവർ ഹൈദരാബാദ് ടീമിലും കളിച്ചു. മുഹമ്മദ് ഷമി, നിതീഷ് കുമാർ റെഡ്ഡി, കമിന്ദു മെൻഡിസ് എന്നിവരാണ് പുറത്തുപോയത്.