AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: അവസാന പന്തുകളില്‍ അവസാനിച്ച സ്വപ്‌നങ്ങള്‍; ആ ആറു പോയിന്റുകളുണ്ടായിരുന്നെങ്കില്‍ !

Rajasthan Royals: ആറു പോയിന്റുകള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പോയിന്റ് പട്ടികയില്‍ ഇന്ന് റോയല്‍സ് അഞ്ചാമതോ, ആറാമതോ ഉണ്ടാകുമായിരുന്നു. ഈ ചിന്തയാണ് രാജസ്ഥാന്‍ റോയല്‍സിനെയും ആരാധകരെയും അലട്ടുന്നത്‌

IPL 2025: അവസാന പന്തുകളില്‍ അവസാനിച്ച സ്വപ്‌നങ്ങള്‍; ആ ആറു പോയിന്റുകളുണ്ടായിരുന്നെങ്കില്‍ !
രാജസ്ഥാന്‍ റോയല്‍സ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 05 May 2025 12:43 PM

പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ഒരു ടീം. ജയവും പരാജയവും ഇനി ഒട്ടും ബാധിക്കാത്ത സാഹചര്യം. പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കുന്നതാണ് പതിവുശീലമെങ്കിലും ആ ടീമിനെ ഹൃദയത്തിലേറ്റിയ ആരാധകര്‍ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ മത്സരം കാണാനിരുന്നു. പറഞ്ഞുവരുന്നത് രാജസ്ഥാന്‍ റോയല്‍സിനെക്കുറിറിച്ചും, കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന ആവേശപ്പോരാട്ടത്തെക്കുറിച്ചുമാണ്‌. പതിവുപോലെ ഇത്തവണയും അവസാന നിമിഷം രാജസ്ഥാന്‍ തോറ്റു. പക്ഷേ, നിസാരമായി ജയിക്കാവുന്ന മത്സരങ്ങള്‍ അവസാന നിമിഷം നഷ്ടപ്പെടുത്തി ആരാധകരെ വേദനിപ്പിച്ച പതിവില്‍ നിന്ന് ഒരല്‍പം മാറ്റമുണ്ടായി. നേരത്തെ വിജയം അനായാസമായിരുന്ന സാഹചര്യത്തില്‍ നിന്ന് അവസാന നിമിഷം അപ്രതീക്ഷിതമായി പരാജയത്തെ പുല്‍കിയിരുന്ന ടീം, ഇത്തവണ പരാജയം മുന്നില്‍ക്കണ്ട നിമിഷത്തില്‍ നിന്ന് വിജയത്തിന് തൊട്ടടുത്തേക്ക് പോരാടിയെത്തി.

ചില തോല്‍വികള്‍ക്കും മധുരമുണ്ടെന്ന് ആരാധകര്‍ക്ക് തോന്നിയ നിമിഷം. റിയാന്‍ പരാഗിന്റെ സ്‌ഫോടനാത്മക ബാറ്റിങും (45 പന്തില്‍ 95), അവസാന നിമിഷം ശുഭം ദുബെ (14 പന്തില്‍ 25) നടത്തിയ മിനി വെടിക്കെട്ടുമായിരുന്നു 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ റോയല്‍സ് ബാറ്റിങിന്റെ അഴക്. പക്ഷേ, അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തില്‍ റോയല്‍സ് ഒരു റണ്‍സിന് തോറ്റു.

ആ ആറു പോയിന്റുകളുണ്ടായിരുന്നെങ്കില്‍

കൈയെത്തും ദൂരെ വിട്ടുകളഞ്ഞ ആ ആറു പോയിന്റുകളാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെയും ആരാധകരെയും അലട്ടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് റോയല്‍സിന് പിഴച്ചത്. സൂപ്പര്‍ ഓവറിലേക്ക് എത്തിക്കാതെ റോയല്‍സിന് നിസാരമായി ജയിക്കാവുന്ന മത്സരമാണ് അന്ന് കളഞ്ഞുകുളിച്ചത്. ഡല്‍ഹിയ്‌ക്കെതിരെ സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ വഴങ്ങിയ എക്‌സ്ട്രാസുകളും, ചേസിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ധ്രുവ് ജൂറലും ഷിമ്രോണ്‍ ഹെറ്റ്‌മെയറും പകച്ചതും റോയല്‍സിന് തിരിച്ചടിയായി. സഞ്ജു സാംസണ്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും വെല്ലുവിളിയായി.

Read Also: IPL 2025: തുടരെ നാല് സിക്സടിക്കുമെന്ന് 2023ൽ പറഞ്ഞപ്പോൾ ട്രോൾ; ഇന്ന് തുടരെ ആറെണ്ണം അടിച്ച് പരാഗ്

ലഖ്‌നൗവിനെതിരെയും മത്സരാവേശം അവസാന പന്ത് വരെ നീണ്ടു. ഇത്തവണ രണ്ട് റണ്‍സിനായിരുന്നു തോല്‍വി. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ റോയല്‍സിന് ഒരിക്കല്‍ കൂടി പിഴച്ചു. സിക്‌സറുകളുടെ പെരുമഴയാണ് സന്ദീപിനെതിരെ ലഖ്‌നൗ ബാറ്റര്‍ അബ്ദുല്‍ സമദ് സൃഷ്ടിച്ചത്. ചേസിങ്ങില്‍ ജൂറലും ഹെറ്റ്‌മെയറും ഒരിക്കല്‍ കൂടി പരാജയമായി. ഇത്തവണ ഇരുവരും അടിപതറിയത് ആവേശ് ഖാനെതിരെയായിരുന്നു.

ഇപ്പോഴിതാ കൊല്‍ക്കത്തയ്‌ക്കെതിരെയും നിസാരമായ ഒരു റണ്ണിന് തോറ്റു. ഈ ആറു പോയിന്റുകള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പോയിന്റ് പട്ടികയില്‍ ഇന്ന് റോയല്‍സ് അഞ്ചാമതോ, ആറാമതോ ഉണ്ടാകുമായിരുന്നു. വെറും ഒന്നോ രണ്ടോ ബൗണ്ടറികള്‍ക്ക് റോയല്‍സിന്റെ വിധി മാറ്റാനാകുമായിരുന്നുവെന്ന് ചുരുക്കം.