IPL 2025: കൊൽക്കത്തയ്ക്ക് പ്രതീക്ഷയായി സുനിൽ നരേൻ; തുടരെ രണ്ടാം തോൽവിയുമായി ഡൽഹി പതറുന്നു
KKR wins Against DC: ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോല്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സുനിൽ നരേൻ്റെ ഓൾറൗണ്ട് മികവിലാണ് കൊൽക്കത്ത വിജയിച്ചത്.
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വിജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് കൊൽക്കത്ത വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 204 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനേ സാധിച്ചുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ സുനിൽ നരേനാണ് കളിയിലെ താരം.
അഭിഷേക് പോറലിനെ (4) ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ വീഴ്ത്തി കൊൽക്കത്തയ്ക്ക് അനുകുൾ റോയ് തകർപ്പൻ തുടക്കമാണ് നൽകിയത്. പങ്കാളി മടങ്ങിയെങ്കിലും ഫാഫ് ഡുപ്ലെസി ക്രീസിൽ ഉറച്ചു. എന്നാൽ, മറുവശത്ത് കരുൺ നായർ (13 പന്തിൽ 15), കെഎൽ രാഹുൽ (7) എന്നിവർ വേഗം മടങ്ങിയത് ഡൽഹിയ്ക്ക് തിരിച്ചടിയായി. കരുണിനെ വൈഭവ് അറോറ പുറത്താക്കിയപ്പോൾ രാഹുലിനെ നേരിട്ടുള്ള ത്രോയിലൂടെ നരേൻ റണ്ണൗട്ടാക്കി.
നാലാം വിക്കറ്റിൽ ഡുപ്ലെസിക്കൊപ്പം ക്യാപ്റ്റൻ അക്സർ പട്ടേൽ ചേർന്നതോടെ ഡൽഹി വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആക്രമിച്ചുകളിച്ച അക്സർ ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി. ഇതിനിടെ 31 പന്തിൽ ഡുപ്ലെസി ഫിഫ്റ്റി തികച്ചു. അനായാസം ബാറ്റ് ചെയ്തിരുന്ന സഖ്യത്തെ ഒടുവിൽ സുനിൽ നരേനാണ് മടക്കിയത്. 23 പന്തിൽ 43 റൺസ് നേടിയ അക്സറിനെ വീഴ്ത്തി നരേൻ കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഡുപ്ലെസിയുമൊത്ത് നാലാം വിക്കറ്റിൽ 76 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷമാണ് അക്സർ മടങ്ങിയത്.




പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (1) ഡുപ്ലെസിയും (45 പന്തിൽ 62) നരേന് മുന്നിൽ വീണു. അശുതോഷ് ശർമ്മ (7), മിച്ചൽ സ്റ്റാർക്ക് (0) എന്നിവർ വരുൺ ചക്രവർത്തിയുടെ ഇരകളായി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച വിപ്രജ് നിഗം (19 പന്തിൽ 38) അവസാന ഓവറിൽ ആന്ദ്രേ റസലിൻ്റെ ഇരയായി മടങ്ങിയതോടെ ഡൽഹി തോൽവി ഉറപ്പിച്ചു.
ജയത്തോടെ 10 മത്സരങ്ങളിൽ നാല് ജയം സഹിതം 9 പോയിൻ്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തെത്തി. 10 കളിയിൽ ആറ് ജയം സഹിതം 12 പോയിൻ്റുള്ള ഡൽഹി നാലാമതാണ്.