5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL 2024 : റഫറി വീണ്ടും ചതിച്ചു; ഹൈദരാബാദിനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Kerala Blasters Loses Against Hyderabad FC : ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇത് ബ്ലാസ്റ്റേഴ്സിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്.

ISL 2024 : റഫറി വീണ്ടും ചതിച്ചു; ഹൈദരാബാദിനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
ഹൈദരാബദ് എഫ്സി (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 07 Nov 2024 21:53 PM

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴിനെ തോല്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ പരാജയം. ഹൈദരാബാദിനായി ആന്ദ്രേയ് ആൽബ ഇരട്ടഗോളുകൾ നേടിയപ്പോൾ ഹെസൂസ് ഹിമനസ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസഗോൾ കണ്ടെത്തിയത്.

പതിവുപോലെ സമസ്ത മേഖലകളിലും മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിനെ നിർഭാഗ്യവും റഫറിയുടെ മോശം തീരുമാനങ്ങളും പ്രതിരോധത്തിലെ പിഴവുകളുമാണ് തോല്പിച്ചത്. നോഹയും പെപ്രയും ഇല്ലാതെയിറങ്ങിയ ബ്ലാസ്റ്റേഴ്സ് അതൊന്നും മുന്നേറ്റത്തിൽ കാണിച്ചില്ല. 17കാരനായ കോറോ സിങ് തൻ്റെ ആദ്യ ഫസ്റ്റ് ഇലവൻ അവസരത്തിൽ മനോഹരമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. വലത് പാർശ്വത്തിലൂടെ ആക്രമണം നയിച്ച കോറോ തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ഗോളിന് വഴിയൊരുക്കി. വലതുപാർശ്വത്തിലൂടെ മുന്നേറിയ കോറോ കട്ട് ചെയ്ത് നൽകിയ പന്ത് ഹിമനസ് അനായാസം വലയിലാക്കി. ഈ ഗോളിന് ശേഷവും കളിയുടെ കടിഞ്ഞാൺ ബ്ലാസ്റ്റേഴ്സിൻ്റെ കയ്യിലായിരുന്നു. ഹൈദരാബാദ് ബോക്സിലെ ഒരു ഹാൻഡ്ബോൾ റഫറി അനുവദിച്ചില്ല. പിന്നാലെ മുഹമ്മദ് ഐമൻ പരിക്കേറ്റ് മടങ്ങുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാന മിനിട്ടുകളിൽ ഹൈദരാബാദ് തുടരെ ആക്രമിച്ചു. ഇതിന് ഫലവുമുണ്ടായി. 43ആം മിനിട്ടിൽ ഹൈദരാബാദിൻ്റെ സമനില ഗോൾ പിറന്നു. പ്രതിരോധ നിര മാർക്കിങ് മറന്നപ്പോൾ ആൽബയുടെ ഒരു തകർപ്പൻ ഫിനിഷ്. പരാഗ് ശ്രീവാസ് ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

Also Read: Neymar: എന്തൊരു വിധിയിത്.. നെയ്മറിനെ വിടാതെ പിൻതുടർന്ന് പരിക്കുകൾ, ഇനിയൊരു മടക്കം സാധ്യമോ?

രണ്ടാം പകുതിയിൽ കോയേഫിന് പകരം നോഹ ഇറങ്ങിയതോടെ ഇടത് വിങ്ങിലൂടെയും പന്ത് ഹൈദരാബാദ് ബോക്സിലെത്തി. പൂർണ ഫിറ്റല്ലാതിരുന്ന നോഹ വിങ്ങിൽ നിന്ന് നെയ്തെടുത്ത അവസരങ്ങൾ ഗോളാക്കി മാറ്റാൻ സഹതാരങ്ങൾക്ക് സാധിച്ചില്ല. കോറോ സിംഗിന് പകരമെത്തിയ രാഹുൽ കെപിയ്ക്കും അവസരങ്ങൾ ലഭിച്ചു. എന്നാൽ ഇതൊന്നും ഗോളായില്ല. ബ്ലാസ്റ്റേഴ്സിൻ്റെ തുടരാക്രമണങ്ങൾക്കിടെ 70ആം മിനിട്ടിൽ ഹൈദരാബാദിൻ്റെ വിജയഗോളെത്തി. ബ്ലാസ്റ്റേഴ്സ് ബോക്സിൽ വച്ച് ഹോർമിപാമിൻ്റെ നെഞ്ചിൽ തട്ടിയ പന്ത് ഹാൻഡ് ബോൾ വിളിച്ച റഫറി ഹൈദരാബാദിന് പെനാൽറ്റി അനുവദിച്ചു. ഇത് ആൽബ അനായാസം ഗോളാക്കിമാറ്റുകയായിരുന്നു. കളിയുടെ അവസാന മിനിട്ടുകൾ ആർത്തലച്ച് ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ കഴിഞ്ഞില്ല.

ഇതോടെ 8 മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് 10ആം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരങ്ങളിൽ ഏഴ് പോയിൻ്റുള്ള ഹൈദരാബാദ് എഫ്സി 11ആം സ്ഥാനത്താണ്.

Latest News