ISL 2026: ടീമുകൾ സന്നദ്ധത അറിയിച്ചിട്ടും ഐഎസ്എലിൽ അനിശ്ചിതത്വം തുടരുന്നു; ആശങ്ക അറിയിച്ച് ക്ലബുകൾ
ISL 2026 Deadlock Continues: ഐഎസ്എലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. എഐഎഫ്എഫിൻ്റെ പരമാധികാരമാണ് ക്ലബുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഐഎസ്എൽ
ടീമുകൾ സന്നദ്ധത അറിയിച്ചിട്ടും ഐഎസ്എലിൽ അനിശ്ചിതത്വം തുടരുന്നു. ലീഗുമായി ബന്ധപ്പെട്ട് ഐഎഫ്എഫിന് പരമാധികാരമുള്ളതിൽ ക്ലബുകൾക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പരിഹരിക്കണമെന്ന ആവശ്യം ക്ലബുകൾ മുന്നോട്ടുവച്ചിരിക്കുന്നതിനാൽ മത്സരകരം പുറത്തുവരാൻ വൈകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഎസ്എലിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുള്ള പരമാധികാരവും വീറ്റോ പവറും ക്ലബുകൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. വരുന്ന സീസൺ മുതൽ നടപ്പിലാക്കുന്ന പുതിയ ഭരണഘടന അനുസരിച്ച് ഐഎസ്എലിൻ്റെ പൂർണ നിയന്ത്രണം എഐഎഫ്എഫിനായിരിക്കും. ഗവേണിംഗ് കൗൺസിലിലും മാനേജ്‌മെന്റ് കമ്മിറ്റിയിലും ക്ലബ്ബുകൾക്ക് പ്രതിനിധികളുണ്ടാവുമെങ്കിലും തീരുമാനങ്ങളിലെ അവസാന വാക്ക് ഫുട്ബോൾ ഫെഡറേഷൻ്റേതാവും. ഇതിനായി എഐഎഫ്എഫിന് വീറ്റോ പവറും ഉണ്ടാവും. ഇത് ജനാധിപത്യപരമല്ലെന്നാണ് ക്ലബുകൾ ആരോപിക്കുന്നത്.
Also Read: ISL: പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും; കൊച്ചിയോട് ഗുഡ്‌ബൈ പറയാൻ കേരള ബ്ലാസ്റ്റേഴ്‌സ്?
ഭൂരിഭാഗം ക്ലബുകളും പിന്തുണയ്ക്കുന്ന ഒരു തീരുമാനത്തെ എഐഎഫ്എഫിന് എതിർക്കാനാവുമെന്നതാണ് പ്രധാന ആശങ്ക. തിരിച്ച് ക്ലബുകൾ എതിർക്കുന്ന ഒരു തീരുമാനത്തെ എഐഎഫ്എഫിന് നടപ്പിലാക്കാനാവും. ഇത് ക്ലബുകളുടെ സ്വയം ഭരണാധികാരത്തെ ഇല്ലാതാക്കുമെന്നും പ്രതിനിധികൾ പറയുന്നു. ഗവേണിംഗ് കൗൺസിലിലെ ഏത് തീരുമാനം നടപ്പിലാവാനും എഐഎഫ്എഫ് പ്രതിനിധികളിൽ നിന്ന് രണ്ട് വോട്ടെങ്കിലും നിർബന്ധമാണ്. അതായത് ഫെഡറേഷൻ നോ പറഞ്ഞാൽ ഒരു തീരുമാനവും ലീഗിൽ നടപ്പിലാവില്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ മത്സരക്രമം പുറത്തിറങ്ങാൻ വൈകും. ഇന്നാണ് മത്സരക്രമം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാൽ, ഈ തർക്കം കാരണം ഇത് വൈകി.
നിലവിൽ തങ്ങളുടെ നിർദ്ദേശങ്ങൾ എഐഎഫ്എഫ് ക്ലബുകൾക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ മറുപടി ലഭിക്കുന്നതിനനുസരിച്ചാവും മത്സരക്രമം പുറത്തിറങ്ങുക. എന്നാൽ, ലീഗിൽ എഐഎഫ്എഫിന് സർവ്വാധിപത്യം ലഭിക്കുമെന്ന ആശങ്ക ക്ലബുകൾ എങ്ങനെ മറികടക്കുമെന്നത് കണ്ടറിയണം. വിഷയത്തിൽ ചർച്ചകൾ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.