Iran Protest: വ്യോമാതിര്‍ത്തി വീണ്ടും തുറന്ന് ഇറാന്‍; കൂട്ടക്കൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രി
Iran protest updates: ഇറാന്‍ വീണ്ടും വ്യോമാതിര്‍ത്തി തുറന്നായി റിപ്പോര്‍ട്ട്. രാജ്യത്ത് ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍, യുഎസിന്റെ മുന്നറിയിപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നേരത്തെ വ്യോമാതിര്‍ത്തി അടച്ചിരുന്നു.
ടെഹ്‌റാന്‍: രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാന്‍ വീണ്ടും വ്യോമാതിര്‍ത്തി തുറന്നായി റിപ്പോര്‍ട്ട്. രാജ്യത്ത് ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍, യുഎസിന്റെ മുന്നറിയിപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നേരത്തെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 3,400-ലധികം പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ 100-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും പതിമൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൂടാതെ, 18,400-ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കൂട്ടക്കൊലപാതകം നടന്നുവെന്ന ആരോപണങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിഷേധിച്ചു. ഇതൊരു ഇസ്രായേൽ ഗൂഢാലോചനയാണെന്നാണ് അബ്ബാസ് അരാഗ്ചിയുടെ ആരോപണം.
കൊല്ലപ്പെട്ട നൂറോളം പേര്‍ മാത്രമാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അബ്ബാസ് അരാഗ്ചി പറഞ്ഞു. വിദേശത്തുനിന്ന് നിയന്ത്രിക്കപ്പെടുന്ന തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദികള്‍ ഐഎസ് ശൈലിയിലുള്ള ഭീകര പ്രവർത്തനങ്ങൾ നടത്തി.
അവർ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു. പൊലീസുകാര്‍ക്കെതിരെയും ജനങ്ങള്‍ക്ക് നേരെയും അവര്‍ വെടിവച്ചെന്നും,പ്രതിഷേധക്കാര്‍ക്കെതിരെയല്ല, തീവ്രവാദികള്‍ക്കെതിരെയാണ് തങ്ങള്‍ പോരാടിയതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
നിലവില്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. കസ്റ്റഡിയിലെടുത്തവരെ തൂക്കിലേറ്റാന്‍ പദ്ധതിയില്ല. സത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാവര്‍ക്കും നാശമുണ്ടാക്കുന്ന തലങ്ങളിലേക്ക് തങ്ങള്‍ പോകില്ലെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
യുഎസ് വിഷയത്തില്‍ ഇടപെടുന്നതിനു വേണ്ടിയാണ് ഭീകരര്‍ ആളുകളെ വെടിവയ്ക്കുന്നത്. മരണസംഖ്യ വര്‍ധിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കൊലപാതകങ്ങൾ ഉണ്ടായാൽ താൻ ഇടപെടുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് ഇസ്രായേലിന്റെ ഗൂഢാലോചനയാണ്. സംഘര്‍ഷങ്ങള്‍ ആരംഭിച്ചും, സാധാരണക്കാരെയും, പൊലീസുകാരെയും കൊലപ്പെടുത്തിയും അവര്‍ മരണസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അബ്ബാസ് അരാഗ്ചി ആരോപിച്ചു.