ISL: പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും; കൊച്ചിയോട് ഗുഡ്‌ബൈ പറയാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്?
Indian Super League 2025-26: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025-26 സീസണില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും. ഒഡീഷ എഫ്‌സി ഒഴികെയുള്ള ക്ലബുകള്‍ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഒഡീഷയും പങ്കെടുക്കുമെന്ന് അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും. ഒഡീഷ എഫ്‌സി ഒഴികെയുള്ള ക്ലബുകള്‍ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഒഡീഷയും പങ്കെടുക്കുമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ലീഗ് തുടരണമെന്ന് ക്ലബുകള്‍ വ്യക്തമാക്കി. എന്നാല്‍ ചില ക്ലബുകള്‍ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (എഐഎഫ്എഫ്) നിന്ന് സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത തേടിയതായാണ് റിപ്പോര്‍ട്ട്.
ചില ക്ലബുകള്‍ ഫെഡറേഷനില്‍ നിന്ന് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഒരു കോടി രൂപയുടെ പങ്കാളിത്ത ഫീസ് പൂർണ്ണമായും ഒഴിവാക്കണമെന്നും മത്സരങ്ങള്‍ നടത്തുന്നതിനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ക്ലബുകള്‍ ആവശ്യപ്പെട്ടിരുന്നു.
ചെലവ് ചുരുക്കാനാണ് പല ക്ലബുകളും ലക്ഷ്യമിടുന്നത്. ഹോം, എവേ ഫോർമാറ്റിൽ 91 മത്സരങ്ങള്‍ ഈ സീസണില്‍ നടക്കും. ഫെബ്രുവരി 14 ന് ആരംഭിച്ച് മെയ് 31 ന് മുമ്പ് അവസാനിക്കും. ഈ സീസണിനായി 24.26 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീസായി നല്‍കണം. കൂടുതല്‍ ചെലവുകളും ഫെഡറേഷന്‍ വഹിക്കും.
ശമ്പളയിനത്തിലാണ് ക്ലബുകള്‍ക്ക് കൂടുതല്‍ തുക ചെലവാകുന്നത്. ചില ക്ലബുകള്‍ താരങ്ങളോട് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ക്ലബുകള്‍ നേരിട്ട് ശമ്പളം കുറയ്ക്കാന്‍ സാധിക്കില്ല. ഇത് നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമോ?
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയവും, മലപ്പുറം പയ്യനാട് സ്റ്റേഡിയവുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിഗണനയില്‍. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.