Kerala Blasters: ഐഎസ്എല്ലില്‍ പന്തുതട്ടാന്‍ സൂപ്പര്‍ താരങ്ങളില്ല; കേരള ബ്ലാസ്റ്റേഴ്‌സിന് പറ്റിയത് വന്‍ അബദ്ധം; ലോണില്‍ വിട്ടവരെ തിരിച്ചുവിളിക്കാനാകുമോ?
Kerala Blasters Face Selection Dilemma: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തായിരുന്ന അഡ്രിയാന്‍ ലൂണയും, നോവ സദൂയിയും ഏതാനും ദിവസം മുമ്പാണ് ടീം വിട്ടത്. ലോണിലാണ് താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. ലോണില്‍ പോയ താരങ്ങളെ തിരിച്ചുവിളിക്കാനാകുമോയെന്നാണ് ആരാധകരുടെ ചോദ്യം.
രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും, താരങ്ങള്‍ക്കും ആശ്വാസം സമ്മാനിക്കുന്നതാണ് ഫെബ്രുവരി 14 ന് ഐഎസ്എല്‍ തുടങ്ങുമെന്ന പ്രഖ്യാപനം. ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ ഫിഫ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുനില്‍ ഛേത്രിയും, ഗുര്‍പ്രീത് സിങ് സന്ധുവുമടക്കമുള്ള താരങ്ങള്‍ ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. അത്രത്തോളം പരിതാപകരമായിരുന്നു ഐഎസ്എല്ലിന്റെ അവസ്ഥ. ക്ലബുകള്‍ക്ക് മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തെ തുടര്‍ന്ന് പല താരങ്ങളും ടീമുകള്‍ വിട്ടു.
ഇനിയെന്ത് ചെയ്യുമെന്ന ചോദ്യം ശക്തമാകുന്നതിനിടെയാണ് ഐഎസ്എല്‍ ഫെബ്രുവരി 14 ന് തുടങ്ങുമെന്ന് കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചത്. 10 ക്ലബുകള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. നാലു ക്ലബുകള്‍ സാവകാശം തേടിയിട്ടുണ്ട്. ഈ നാലു ക്ലബുകളിലൊന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്നാണ് സൂചന.
സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടത് പല ക്ലബുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തായിരുന്ന അഡ്രിയാന്‍ ലൂണയും, നോവ സദൂയിയും ഏതാനും ദിവസം മുമ്പാണ് ടീം വിട്ടത്. ലോണിലാണ് താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. ഒരുപക്ഷേ, എഎസ്എല്‍ ആരംഭിക്കുന്ന കാര്യം ഒരു രണ്ടാഴ്ച മുമ്പെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇരുവരെയും നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമായിരുന്നു.
തിരിച്ചുവിളിക്കാനാകുമോ?
ലോണില്‍ പോയ താരങ്ങളെ തിരിച്ചുവിളിക്കാനാകുമോയെന്നാണ് ആരാധകരുടെ ചോദ്യം. അത് അത്ര എളുപ്പമല്ല. എന്നാല്‍ തീര്‍ത്തും അസാധ്യവുമല്ല. ലോണ്‍ ട്രാന്‍സ്ഫറുകള്‍ ഫുട്‌ബോളില്‍ സാധാരണമാണ്. ടീമില്‍ അവസരം കുറവുള്ള താരങ്ങള്‍, ഫോം ഔട്ടായവര്‍ തുടങ്ങിയവരെ ടീമുകള്‍ ലോണില്‍ വിടാറുണ്ട്.
എന്നാല്‍ ലീഗിന്റെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ താരങ്ങള്‍ ലോണില്‍ ടീം വിടുന്നത് അത്ര സാധാരണമല്ല. ആ അപൂര്‍വതയ്ക്കാണ് ഐഎസ്എല്‍ സാക്ഷ്യം വഹിച്ചത്. ലോണില്‍ വിട്ട താരങ്ങളെ തിരിച്ചുവിളിക്കാന്‍ ടീമുകള്‍ക്ക് ഏറെ കടമ്പകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
‘റീകോള്‍ ക്ലോസാ’ണ് അതില്‍ പ്രധാനം. ഒരു താരത്തെ ലോണില്‍ വിടുമ്പോള്‍ ആ രണ്ട് ക്ലബുകളും തമ്മിലുള്ള കരാറില്‍ ‘റീകോള്‍ ക്ലോസ്’ ഉണ്ടെങ്കില്‍ മാതൃക്ലബിന് ആ താരത്തെ തിരിച്ചുവിളിക്കാം. എന്നാല്‍ റീകോള്‍ ക്ലോസ് ഇല്ലെങ്കില്‍ ലോണ്‍ കാലാവധി തീരുന്നതുവരെ കാത്തിരുന്നേ പറ്റൂ.
സാധാരണ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാത്രമാണ് താരങ്ങളെ തിരിച്ചുവിളിക്കാറുള്ളത്. സീസണിന്റെ ഇടയില്‍ തിരിച്ചുവിളിക്കാനാകില്ല. ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് ഇതില്‍ ഇളവുള്ളത്. ഒരു ക്ലബിലെ ഗോള്‍കീപ്പര്‍മാര്‍ക്കെല്ലാം പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍, ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്ക് കാത്തിരിക്കാതെ ലോണിലുള്ള കീപ്പറെ തിരിച്ചുവിളിക്കാന്‍ പല ലീഗുകളും അനുമതി നല്‍കാറുണ്ട്.
എന്നാല്‍ ലോണ്‍ വ്യവസ്ഥ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഫിഫ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു താരത്തെ തിരിച്ചുവിളിക്കാന്‍ ആ കളിക്കാരന്റെയും, ലോണില്‍ പോയ ക്ലബിന്റെയും അനുവാദവും പ്രധാനമാണ്.
ഇത്തവണത്തെ ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ ലൂണയെയും, നോവയെയും തിരിച്ചെത്തിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചിലപ്പോള്‍ ശ്രമിച്ചേക്കാം. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമാകും താരങ്ങളുടെ മടങ്ങിവരവ്. അതുകൊണ്ട് തന്നെ ഇരുവരുടെയും മടങ്ങിവരവ് ഇത്തവണ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.