ISL: ഹോം മത്സരങ്ങളുടെ വേദികള്‍ അറിയിക്കണമെന്ന് ഐഎസ്എല്‍ ക്ലബുകളോട് എഐഎഫ്എഫ്; ബ്ലാസ്റ്റേഴ്‌സ് എവിടെ കളിക്കും?
Indian Super League: ഹോം വേദികളുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് കൈമാറണമെന്ന് ഐഎസ്എല്‍ ക്ലബുകള്‍ക്ക് എഐഎഫ്എഫിന്റെ നിര്‍ദ്ദേശം. ഫെബ്രുവരി 14നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്
ന്യൂഡല്‍ഹി: ഹോം വേദികളുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് കൈമാറണമെന്ന് ഐഎസ്എല്‍ ക്ലബുകള്‍ക്ക് എഐഎഫ്എഫിന്റെ നിര്‍ദ്ദേശം. ഫെബ്രുവരി 14നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. സീസണിന്റെ ഷെഡ്യൂള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഫെഡറേഷന്‍ ഹോം വേദികളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. ഐഎസ്‌എൽ ഫെബ്രുവരി 14 ന് ആരംഭിക്കുമെന്ന് ചൊവ്വാഴ്ച കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചിരുന്നു.
ഹോം-എവേ അടിസ്ഥാനത്തിൽ 91 മത്സരങ്ങൾ ഉണ്ടായിരിക്കും. 14 ക്ലബുകളും പങ്കെടുക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള നാല് ക്ലബുകള്‍ തീരുമാനം അറിയിക്കാന്‍ സാവകാശം തേടിയിരുന്നു. ഇത്തവണയും കൊച്ചി തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം വേദി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മുമ്പ് ഹോം മത്സരങ്ങള്‍ നടത്തുന്ന വേദികള്‍ അറിയിക്കണമെന്നാണ് ഫെഡറേഷന്‍ ക്ലബുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ബ്രോഡ്കാസ്റ്റ് പാര്‍ട്ട്‌ണേഴ്‌സ്, മത്സരക്രമം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഇതിനുശേഷമാകും.
ഓരോ ക്ലബ്ബും ഒരു കോടി രൂപ വീതം പങ്കാളിത്ത ഫീസായി നൽകണം. ഗഡുക്കളായി ഈ തുക അടയ്ക്കുന്നതിനുള്ള സൗകര്യം ഫെഡറേഷന്‍ ഒരുക്കുന്നുണ്ട്. ഇത്തവണ വാണിജ്യ പങ്കാളികൾ ഇല്ലാത്തതിനാല്‍ ഫെഡറേഷന്‍ നേരിട്ടാണ് ലീഗ് നടത്തുന്നത്. ഏകദേശം 24.26 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ വലിയ ഭാഗവും ഫെഡറേഷനാണ് വഹിക്കുന്നത്.
സ്റ്റേഡിയങ്ങളുടെ വിശദാംശം ലഭിച്ചുകഴിഞ്ഞാല്‍ ത്സരങ്ങളുടെ തീയതികളും സമയവും ഉൾപ്പെടുന്ന പൂർണ്ണമായ ഷെഡ്യൂൾ എഐഎഫ്എഫ് പുറത്തുവിടും