ISL: ലഗറ്റോറിൻ്റെ ആദ്യ ഗോൾ, സൗരവിൻ്റെ ബൈസിക്കിൾ കിക്ക്; അവസാന കളി ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില
ISL Kerala Blasters: സീസണിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

സീസണിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഹൈദരാബാദ് എഫ്സിക്കെതിരെ ഹൈദരാബാദിൻ്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ദുസാൻ ലഗറ്റോർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ മലയാളി താരം സൗരവ് കെ ആണ് ഹൈദരാബാദിൻ്റെ ഗോൾ സ്കോറർ.
ഇഷാന്‍ പണ്ഡിതക്ക് പകരം ഡാനിഷ് ഫാറൂഖ് എത്തിയത് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സ് വരുത്തിയ മാറ്റം. കളിയാരംഭിച്ച് ഏഴാം മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ദുസാൻ ലഗറ്റോറാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. മുഹമ്മദ് ഐമൻ്റെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ ലഗറ്റോർ വല കുലുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ലഗറ്റോറിൻ്റെ ആദ്യ ഗോളാണിത്. ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് മോണ്ടിനെഗ്രോ പ്രതിരോധ താരം ലഗറ്റോർ ബ്ലാസ്റ്റേഴ്സിലെത്തിയത്. മത്സരം പുരോഗമിക്കവെ ബ്ലാസ്റ്റേഴ്സിന് ലീഡുയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലെടുക്കാനായില്ല. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ഹൈദരാബാദ് എഫ്സി സമനില ഗോൾ നേടി. മലയാളി താരം സൗരവ് ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദിൻ്റെ ഗോൾ പട്ടികയിൽ ഇടം നേടുകയായിരുന്നു.
രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, ഫൈനൽ തേർഡിലെ പാളിച്ചകളും പ്രതിരോധവും ചേർന്ന് രണ്ട് ടീമുകളെയും തടഞ്ഞുനിർത്തി. അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ കളി സമനിലയായി. 24 മത്സരങ്ങളിൽ നിന്ന് 8 ജയവും 11 പരാജയവും സഹിതം 29 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്. 24 മത്സരങ്ങൾ തന്നെ കളിച്ച ഹൈദരാബാദ് എഫ്സി നാല് ജയവും 14 തോൽവിയും സഹിതം 18 പോയിൻ്റുമായി 12ആം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. സീസണില്‍ ആകെ 33 ഗോളുകള്‍ അടിച്ച ബ്ലാസ്റ്റേഴ്സ് 37 ഗോളുകളാണ് വഴങ്ങിയത്. പ്ലേഓഫിൽ നിന്ന് പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി സൂപ്പര്‍കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കും. അടുത്ത മാസമാണ് സൂപ്പർ കപ്പ് ടൂർണമെൻ്റ് നടക്കുക.