ICC Rankings: റാങ്കിംഗിൽ കോലിയെ മറികടന്ന് രോഹിത് ശർമ്മ; നേട്ടമുണ്ടാക്കി കുൽദീപ് യാദവ്
ICC Rankings Rohit Sharma: ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യ, ന്യൂസീലൻഡ് താരങ്ങൾ. ബാറ്റിംഗ് റാങ്കിംഗിൽ രോഹിത് ശർമ്മ നേട്ടമുണ്ടാക്കിയപ്പോൾ ബൗളിംഗ് റാങ്കിംഗിൽ കുൽദീപ് യാദവ് സ്ഥാനം മെച്ചപ്പെടുത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ന്യൂസീലൻഡ് താരങ്ങളാണ് നേട്ടമുണ്ടാക്കിയത്.

ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ശുഭ്മൻ ഗിൽ. 784 റേറ്റിംഗുമായാണ് ശുഭ്മൻ ഗിൽ ഒന്നാം റാങ്കിൽ തുടരുന്നത്. ബാബർ അസം 770 റേറ്റിംഗുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പുതിയ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത്. ഏകദിന ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.
റേറ്റിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. വിരാട് കോലിയെയും ദക്ഷിണാഫ്രിക്കയുടെ ഹെയ്ൻറിച് ക്ലാസനെയും മറികടന്നാണ് രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തെത്തിയത്. 756 റേറ്റിംഗുമായാണ് രോഹിത് ശർമ്മ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പ്രകടനമാണ് രോഹിത് ശർമ്മയ്ക്ക് തുണയായത്. ഫൈനലിൽ 83 പന്തുകൾ നേരിട്ട് രോഹിത് 76 റൺസെടുത്തിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ 36 ശരാശരിയിൽ ആകെ 180 റൺസും രോഹിത് നേടി.
744 റേറ്റിംഗുമായി ഹെയ്ൻറിച് ക്ലാസൻ നാലാം സ്ഥാനത്തേക്കും 736 റേറ്റിംഗുമായി വിരാട് കോലി അഞ്ചാം സ്ഥാനത്തേക്കും ഇറങ്ങി. ഇരുവരും ഓരോ സ്ഥാനം വീതമാണ് താഴേക്കിറങ്ങിയത്.




ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നറാണ് ഏറെ നേട്ടമുണ്ടാക്കിയത്. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സാൻ്റ്നർ 657 റേറ്റിംഗുമായി പട്ടികയിൽ രണ്ടാമതെത്തി. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് 650 റേറ്റിംഗോടെ മൂന്നാം സ്ഥാനത്തെത്തി. 680 റേറ്റിംഗുമായി ശ്രീലങ്കയുടെ മഹീഷ് തീക്ഷണയാണ് പട്ടികയിൽ ഒന്നാമത്.
ഏകദിന ഓൾറൗണ്ടർമാരുടെ പട്ടികയിലും ന്യൂസീലൻഡ് താരങ്ങൾ തന്നെ നേട്ടമുണ്ടാക്കി. മിച്ചൽ സാൻ്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, രചിൻ രവീന്ദ്ര എന്നിവരൊക്കെ റാങ്കിംഗിൽ മുന്നേറി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ നാലാം സ്ഥാനത്തെത്തി. 253 ആണ് സാൻ്റ്നറിൻ്റെ റേറ്റിംഗ്. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മൈക്കൽ ബ്രേസ്‌വൽ ഏഴാമതും എട്ട് സ്ഥാനം മെച്ചപ്പെടുത്തിയ രവീന്ദ്ര ജഡേജ എട്ടാം സ്ഥാനത്തും എത്തി. ബ്രേസ്‌വെലിൻ്റെ റേറ്റിംഗ് 231ഉം രവീന്ദ്രയുടെ റേറ്റിംഗ് 230 ഉം ആണ്.