‘അ‌വർ തോൽവി അ‌ർഹിച്ചിരുന്നു, വളരെ സന്തോഷമുണ്ട്’; പോർചുഗൽ തോൽവി ആഘോഷിച്ച് റൊണാൾഡോയുടെ അ‌മ്മ

Cristiano Ronaldo's mother celebrates Portugal's defeat: പോർച്ചുഗൽ ഡെന്മാർക്കിനോട് 4-1 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ച് റൊണാൾഡോയുടെ അമ്മ ഡൊളോറസ് അവെയ്‌റോ രംഗത്തെത്തി. പോർചുഗൽ തോൽവി അ‌ർഹിച്ചിരുന്നതായും താൻ ഏറെ സന്തോഷിക്കുന്നുവെന്നും അ‌വർ തുറന്നടിച്ചു. പോർച്ചുഗൽ ദേശീയ ടീം തന്റെ മകനോട് അർഹമായ ബഹുമാനം കാണിച്ചില്ലെന്ന് അ‌വർ വിമർശിച്ചു.

അ‌വർ തോൽവി അ‌ർഹിച്ചിരുന്നു, വളരെ സന്തോഷമുണ്ട്; പോർചുഗൽ തോൽവി ആഘോഷിച്ച് റൊണാൾഡോയുടെ അ‌മ്മ

Cristiano Ronaldo's Mother Celebrates Portugal's Defeat

Published: 

17 Nov 2026 | 12:04 PM

പോർചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് ശേഷവും പോർചുഗൽ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങൾ അ‌വസാനിക്കുന്നില്ല. റൊണാൾഡോ പോർചുഗൽ ടീമിൽ നിന്ന് വിരമിച്ച ശേഷം സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ പോർച്ചുഗൽ ഡെന്മാർക്കിനോട് 4-1 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ച് റൊണാൾഡോയുടെ അമ്മ ഡൊളോറസ് അവെയ്‌റോ രംഗത്തെത്തി. പോർചുഗൽ തോൽവി അ‌ർഹിച്ചിരുന്നതായും താൻ ഏറെ സന്തോഷിക്കുന്നുവെന്നും അ‌വർ തുറന്നടിച്ചു. പോർച്ചുഗൽ ദേശീയ ടീം തന്റെ മകനോട് അർഹമായ ബഹുമാനം കാണിച്ചില്ലെന്ന് അ‌വർ വിമർശിച്ചു.

”അവർ അവനെ വഞ്ചിച്ചു. അവന് അർഹമായ ബഹുമാനം ലഭിച്ചില്ല, സഹതാരങ്ങളിൽ നിന്ന് പോലും അവന് ആദരവ് കിട്ടിയില്ല,” എന്ന് റോണോയുടെ അ‌മ്മ ​പ്രതികരിച്ചതായി 433 റിപ്പോർട്ട് ചെയ്തു. വാം അ‌പ് ചെയ്തിട്ടും കളിക്കാൻ ഇറക്കാത്തതിൽ പരിശീലകൻ ജോർജ് ജീസസിനോട് റോണോ പ്രതിഷേധം അ‌റിയിക്കുകയും ടീം ക്യാമ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

Also Read: റോണോയെ ആദരിക്കാൻ കളിച്ചു, അ‌പമാനിച്ച് അ‌വസാനിപ്പിച്ചു; പോർചുഗലിനെ 4-1ന് തകർത്ത് ഡെന്മാർക്ക്

ക്യാമ്പ് വിട്ടതിനെ തുടർന്ന് പോർചുഗൽ റോണോയെ സസ്പെൻഡ് ചെയ്തു. ഈ സസ്പെൻഷൻ കാലാവധി അ‌വസാനിച്ചപ്പോൾ റോണോ ടീമിലേക്ക് തിരിച്ചെത്തും എന്ന് ആരാധകർ കരുതി. എന്നാൽ പ്രതീക്ഷിച്ചതിന് വിപരീതമായി റോണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനമാണ് പിന്നെ ഉയർന്നുകേട്ടത്. നിലവിലെ പോർചുഗൽ കോച്ച് ജോർജ് ജീസസിനോട് റോണോ ഇപ്പോഴും കടുത്ത ദേഷ്യത്തിലാണ്.

ദേശീയ ടീമിൽ നിന്ന് റോണോയ്ക്ക് അർഹമായ ബഹുമാനവും പരിഗണനയും ലഭിച്ചില്ലെന്ന കടുത്ത അമർഷം അ‌ദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുണ്ട്. ഇപ്പോൾ റൊണാൾഡോയുടെ അ‌മ്മ പ്രകടിപ്പിച്ചിരിക്കുന്നതും അ‌തേ വികാരം തന്നെയാണ്. ദേശീയ ടീം നൽകിയതിനേക്കാൾ മികച്ച ആദരവ് റൊണാൾഡോയ്ക്ക് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് നൽകുമെന്നും അവിടെയാണ് അദ്ദേഹത്തിന്റെ യഥാർത്ഥ വിലയറിയുന്നതെന്നുമാണ് ഡൊളോറസ് അവെയ്‌റോയുടെ അ‌ഭിപ്രായം.

ഡെൻമാർക്കിനെതിരായ മത്സരത്തിൽ 7​-ാം മിനിറ്റിൽ പോർച്ചുഗൽ തങ്ങളുടെ മുൻ ക്യാപ്റ്റന് ആദരമർപ്പിക്കുകയും താരങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘7’ -ാം നമ്പർ ജേഴ്സി ധരിച്ച് കളത്തിലിറങ്ങുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ റൊണാൾഡോയുടെ ചിത്രം തെളിഞ്ഞപ്പോൾ കാണികൾ കൈയടികളോടെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ടീം തോറ്റതോടെ കൂക്കിവിളികളോടെയാണ് ആരാധകർ പോർചുഗൽ താരങ്ങളെ നേരിട്ടത്.

കോച്ചിന്റെ പ്രതികരണം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മ ഡൊളോറസ് അവെയ്‌റോയുടെ ഗുരുതരമായ ആരോപണങ്ങളോട് പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജെസ്യൂസ് പ്രതികരിച്ചിട്ടുണ്ട്. “ഞാൻ ഇപ്പോൾ റൊണാൾഡോയുടെ അമ്മയ്ക്കും മറുപടി പറയേണ്ടതുണ്ടോ? മക്കളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള, ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണവർ” എന്ന് ജോർജ് ജെസ്യൂസ് പറഞ്ഞു.

റൊണാൾഡോയുടെ അന്താരാഷ്ട്ര വിരമിക്കലിനെക്കുറിച്ചും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, “ഇത് എപ്പോഴാണ് അവസാനിക്കുകയെന്ന് എനിക്കറിയില്ല. മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ഞാൻ ഉത്തരം നൽകേണ്ടി വരുന്നു. അടുത്ത വർഷവും നിങ്ങൾ റൊണാൾഡോയെക്കുറിച്ച് ചോദിച്ചാൽ ഞാൻ മറുപടി നൽകും” എന്നും അദ്ദേഹം വ്യക്തമാക്കി. നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു അ‌ദ്ദേഹത്തിന്റെ പ്രതികരണം.

English Summary

Dolores Aveiro, Cristiano Ronaldo’s mother, has openly expressed her delight following Portugal’s crushing 4-1 defeat to Denmark. She bluntly stated that Portugal deserved the loss and that she was very happy about it. She further criticized the Portuguese national team for failing to show her son the respect he deserves.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?