Kerala Blasters vs Chennaiyin FC : ചെന്നൈയിനെ അടിച്ച് തൂഫാനാക്കി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്
ISL Kerala Blasters vs Chennaiyin FC : ആദ്യ പകുതിയിൽ ചെന്നൈയിൻ താരം വിൽമർ ജോർദൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ മേൽക്കൈ ലഭിച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തകർത്തത്. ആദ്യപകുതിയിൽ തന്നെ ചെന്നൈയുടെ മുന്നേറ്റ താരം വിൽമർ ജോർദൻ ചുവപ്പ് കാർഡ് പുറത്തായതാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് മേൽക്കൈ ലഭിച്ചത്. ഗിമിനെസ് ജെസൂസും കോറും സിങ്ങും, ക്വാമി പെപ്പ്രയുമാണ് കേരളത്തിനായി ഗോൾ നേടിയത്. വിൻസി ബരേറ്റോയാണ് ചെന്നൈക്ക് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തിയത്.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ കേരളം ആതിഥേയരെ വിറപ്പിച്ചുകൊണ്ട് മുന്നിലെത്തി. ജെസൂസ് നേടിയ ഗോളിൽ ചെന്നൈ അക്ഷരാർഥത്തിൽ പകച്ചു പോയി. തുടർന്ന് മറുപടി ഗോളിനായി ചെന്നൈയിൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഗോളിനായി ബ്ലാസ്റ്റോഴ്സ് ബോക്സിലേക്ക് ചെന്നൈയുടെ മുന്നേറ്റ താരങ്ങൾ എത്തിയെങ്കിലും പ്രതിരോധത്തെ ഭേദിക്കാനായില്ല. തുടർന്നാണ് 37-ാം മിനിറ്റിൽ ജോർദൻ ചുവപ്പ് കാർഡ് കാണുന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മിലോസ് ഡ്രോനിച്ചിൻ്റെ മുഖത്ത് കൈകണ്ട് ഇടിച്ചതിനാണ് റഫറി നേരിട്ട് ചുവപ്പ് കാർഡ് ഉയർത്തിയത്.
ആദ്യപകുതിയിൽ തന്നെ ചെന്നൈ പത്ത് പേരായി ചുരുങ്ങിയതോടെ മത്സരം ബ്ലാസ്റ്റേഴ്സ് കൈകളിലേക്കൊതുങ്ങി. തുടർന്ന് ആദ്യപകുതി അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കെ കേരളം രണ്ടാമത്തെ ഗോളും നേടി. കോറു സിങ്ങിലൂടെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഗോൾ നേട്ടം. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് പന്ത് കൂടുതൽ നേരം കൈയ്യടിക്കി മത്സരത്തെ നിയന്ത്രിക്കുകയായിരുന്നു. തുടർന്ന് 56-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. പെപ്പ്രയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ ഗോളും നേടിയത്.
ശേഷം മത്സരം അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കെയാണ് ചെന്നൈയിൻ ആശ്വാസ ഗോൾ നേടി ബ്ലാസ്റ്റേഴ്സ് ക്ലീൻ ചിറ്റ് മോഹം തല്ലിക്കെടുത്തിയത്. ജയത്തോടെ ഐഎസ്എൽ പോയിൻ്റെ ടേബിളിൽ മാറ്റമുണ്ടായില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. സീസണിലെ നിലവിൽ 24 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഫെബ്രുവരി 15-ാം തീയതി മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.