AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Football: മനോളോക്കും കഴിഞ്ഞില്ല; ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്; ആരു രക്ഷിക്കും?

Why is Indian football not progressing: ഐഎസ്എല്ലില്‍ മായാജാലം സൃഷ്ടിച്ച മനോളോ മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നുവെന്ന വാര്‍ത്ത അങ്ങേയറ്റം ആവേശത്തോടെയായിരുന്നു ആരാധകര്‍ ശ്രവിച്ചത്. എന്നാല്‍ ഐഎസ്എല്ലും അന്താരാഷ്ട്ര ഫുട്‌ബോളും താരതമ്യപ്പെടുത്തിയതാണ് ഏറ്റവും വലിയ തെറ്റെന്ന് ആരാധകര്‍ ഇന്ന് തിരിച്ചറിയുന്നു

Indian Football: മനോളോക്കും കഴിഞ്ഞില്ല; ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്; ആരു രക്ഷിക്കും?
Indian Football TeamImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 29 Jun 2025 21:24 PM

ടുത്ത ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ പന്തു തട്ടാന്‍ ഉസ്‌ബെക്കിസ്ഥാനും ജോര്‍ദാനുമുണ്ടാകും. അതിനിപ്പോള്‍ എന്താ? കാര്യമുണ്ട്. അതറിയാന്‍ എട്ട് വര്‍ഷം പുറകോട്ട് സഞ്ചരിക്കണം. അതായത് 2018 വരെ. അന്ന് ഫിഫ റാങ്കിങില്‍ 95 ആയിരുന്നു ഉസ്‌ബെക്കിസ്ഥാന്റെ സ്ഥാനം. 109-ാമതായിരുന്നു ജോര്‍ദാന്‍. അന്ന് ഇന്ത്യയുടെ റാങ്ക് കേള്‍ക്കണോ? 97. അതെ, ഏഴ് വര്‍ഷം മുമ്പ് ഇന്ത്യയെക്കാള്‍ വെറും രണ്ട് റാങ്ക് മാത്രം മുന്നിലുണ്ടായിരുന്ന ഉസ്‌ബെക്കിസ്ഥാനും, 12 റാങ്കുകള്‍ക്ക് പിന്നിലായിരുന്ന ജോര്‍ദാനുമാണ് അടുത്ത ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തത്. പക്ഷേ, ഇന്ത്യയോ? വിദൂര ഭാവിയില്‍ പോലും ഇന്ത്യ ഫുട്‌ബോള്‍ ലോകകപ്പ് കളിക്കുമെന്ന ആശ ഇന്ന് രാജ്യത്തെ കാല്‍പന്ത് പ്രേമികള്‍ക്കുണ്ടോയെന്ന് സംശയമാണ്‌. 2018ല്‍ 109-ാമതായിരുന്ന ജോര്‍ദാന്‍ ഇന്ന് 62-ാമതാണ്. ഉസ്‌ബെക്കിസ്ഥാന്‍ 57-ാമതും. പടവലങ്ങ പോലെ താഴോട്ടായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. ഇന്ന് 127-ാമതാണ് ഇന്ത്യ.

2014ല്‍ 171-ാമതായിരുന്ന ഒരു ചരിത്രം ഇന്ത്യയ്ക്കുണ്ട്. ഇപ്പോള്‍ അത്രയ്‌ക്കൊന്നും പുറകിലല്ലല്ലോയെന്ന് വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, അതിലല്ല കാര്യം. 2016 മുതല്‍ വളര്‍ച്ചയുടെ നേരിയ പുരോഗതി ഇന്ത്യന്‍ ഫുട്‌ബോള്‍ കാണിച്ചിരുന്നു. അന്ന് 135 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. 2017ല്‍ 105-ാമതെത്തിയപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ വരാന്‍ പോകുന്ന നല്ല ഭാവിയുടെ സൂചനയായി ഇത് കണ്ടു. 2018ല്‍ 97-ാം റാങ്ക്. അതെ, ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിച്ചുയരുമെന്ന് ആരാധകര്‍ ഉറപ്പിച്ച നിമിഷം. എന്നാല്‍ ആ പുരോഗതി പിന്നീട് കാണാനായില്ല. 2023 വരെ നൂറാം റാങ്കിനടുത്ത് ചുറ്റിപറ്റി ഇന്ത്യ നിന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നിലയിലാക്കയത്തിലേക്ക് മുങ്ങുന്നുവെന്ന പ്രതീതി നല്‍കുന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പതനം. ആ പതനത്തിലെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ് ഏതാനും ദിവസം മുമ്പ് ഹോങ്കോങിനെതിരെ നടന്ന മത്സരത്തില്‍ കണ്ടത്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷനില്‍ 153-ാമതുള്ള ഹോങ്കോങ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ ഞെട്ടിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തുവീട്ട ടീമാണ് ഹോങ്കോങ്ങെന്ന് ഓര്‍ക്കണം. ആ ടീമിനോട് ഇന്ന് ഒരു ഗോള്‍ പോലും നേടാനാകാത്ത അവസ്ഥയിലാണ് ഇന്ത്യന്‍ ടീം. 1993ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോങ്കോങിനോട് തോല്‍ക്കുന്നതും. മാര്‍ച്ചില്‍ മാലിദ്വീപിനെ 3-0ന് തോല്‍പിച്ചതാണ് ഇന്ത്യയുടെ ഒടുവിലത്തെ ജയം. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റു. ഹോങ്കോങിനെ കൂടാതെ തായ്‌ലന്‍ഡാണ് ഇന്ത്യയെ തകര്‍ത്ത മറ്റൊരു ടീം. ബംഗ്ലാദേശിനോട് ഗോള്‍രഹിത സമനിലയും വഴങ്ങി. പ്രതിരോധത്തിലും, മുന്നേറ്റത്തിലും, മിഡ്ഫീല്‍ഡിലും മികവുറ്റ താരങ്ങളില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. അത് വ്യക്തമായി അറിയാവുന്നത് ടീം മാനേജ്‌മെന്റിന് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് വിരമിച്ച സുനില്‍ ഛേത്രിയെ തിരികെ വിളിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായതും.

മനോളോക്കും കഴിഞ്ഞില്ല

ഐഎസ്എല്ലില്‍ മായാജാലം സൃഷ്ടിച്ച മനോളോ മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നുവെന്ന വാര്‍ത്ത അങ്ങേയറ്റം ആവേശത്തോടെയായിരുന്നു ആരാധകര്‍ ശ്രവിച്ചത്. എന്നാല്‍ ഐഎസ്എല്ലും അന്താരാഷ്ട്ര ഫുട്‌ബോളും താരതമ്യപ്പെടുത്തിയതാണ് ഏറ്റവും വലിയ തെറ്റെന്ന് ആരാധകര്‍ ഇന്ന് തിരിച്ചറിയുന്നു. ഇഗോര്‍ സ്റ്റിമാച്ചും, സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനുമായിരുന്നു ഇതിലും ഭേദമെന്നാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷമാണ് മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. എന്നാല്‍ പിന്നീട് നടന്ന എട്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. അതെ, മാലിദ്വീപിനെതിരെ മുമ്പ് പരാമര്‍ശിച്ച ആ മത്സരം മാത്രം. മാര്‍ക്വേസിനെ പുറത്താക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്. താരങ്ങള്‍ക്കിടയിലെ ഏകോപനമൊക്കെ എവിടെയോ പോയ്മറഞ്ഞുവെന്ന് പരക്കെ അഭിപ്രായവുമുണ്ട്‌.

ആരെ പഴിക്കണം ?

ഒരു ടീം പുറത്തെടുക്കുന്നത് ദയനീയ പ്രകടനമാണെങ്കില്‍ ആദ്യം വിമര്‍ശിക്കപ്പെടുന്നത് സ്വഭാവികമായും താരങ്ങളും പരിശീലകനുമായിരിക്കും. അത് ഫുട്‌ബോളിലാണെങ്കിലും, ക്രിക്കറ്റിലാണെങ്കിലും മറ്റ് ഏത് കായിക ഇനത്തിലാണെങ്കിലും. എന്നാല്‍ തെറ്റുകാര്‍ അവര്‍ മാത്രമാണോ? തീര്‍ച്ചയായും അല്ല. ടീമിന് പുരോഗതിയുടെ പടവുകളൊരുക്കേണ്ട ചുമതല അസോസിയേഷനുകള്‍ക്കാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കാര്യത്തില്‍ തീര്‍ച്ചയായും എഐഎഫ്‌എഫിനാണ് ആ ചുമതല. ഇന്ന് ഒരേ സമയം രണ്ടോ മൂന്നോ ക്രിക്കറ്റ് ടീമിനെ സജ്ജമാക്കാനുള്ള കരുത്ത് ബിസിസിഐ സ്വായത്തമാക്കിയതുപോലെ ഇന്ത്യന്‍ ഫുട്‌ബോളിന് ജീവവായു പകരാന്‍ എഐഎഫ്എഫ് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് മത്സരപരിചയമൊരുക്കുകയെന്നത്.

Read Also: Cristiano Ronaldo : കാലിൽ നെയിൽ പോളിഷ് അടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ! പക്ഷേ അത് ഫാഷൻ അല്ല

അന്താരാഷ്ട്ര മത്സരങ്ങളുടെ അഭാവമാണ് ഇന്ന് ഇന്ത്യന്‍ ടീമില്‍ നിഴലിക്കുന്ന പ്രധാന പ്രതിസന്ധി. വലപ്പോഴും ഒരു മത്സരം വന്നാലായി എന്നാണ് അവസ്ഥ. ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന കഴിഞ്ഞ വര്‍ഷം കളിച്ചത് 18 മത്സരങ്ങളാണ്. ഖത്തറിനും കിട്ടി 15 മത്സരങ്ങള്‍. ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഉസ്‌ബെക്കിസ്ഥാന്‍ പോലും കളിച്ചു 13 മത്സരങ്ങള്‍. കളിച്ചു പഠിക്കാന്‍ അധികമൊന്നും ബാക്കിയില്ലാത്ത ഈ ടീമുകള്‍ ഇത്രയും മത്സരത്തില്‍ ഭാഗമായപ്പോള്‍, ഇനിയും ഏറെ മുന്നേറാനുള്ള ഇന്ത്യ കളിച്ചതാകട്ടെ വെറും 10 മത്സരങ്ങളും.

ഗ്രാസ്‌റൂട്ടിലെ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു അനിവാര്യ ഘടകം. ഇന്ത്യന്‍ വംശജരായ, പൗരത്വം നേടിയ താരങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നതും ഒരു സാധ്യതയാണ്. ഖത്തര്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ പരീക്ഷിച്ച് വിജയിച്ച മാര്‍ഗങ്ങളാണിത്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.