AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lionel Messi: ആ സുവര്‍ണ്ണ പാദങ്ങള്‍ക്ക് മുന്നില്‍ റെക്കോഡുകള്‍ വഴിമാറുന്നു; ലോകകപ്പിന്റെ പുണ്യഭൂമിയില്‍ മെസി തീര്‍ത്തത് രാജസിംഹാസനം

Lionel Messi World Cup Journey: ഫുട്‌ബോള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ ഒരു പുതിയ വസന്തം കൂടി മെസിയുടെ പേരില്‍ വിരിയുകയാണ്. താന്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പില്‍ വിസ്മയകരമായ റെക്കോഡുകളിലേക്ക് മെസിയുടെ സുവര്‍ണപാദം ചെന്നെത്തുമ്പോള്‍ ഫുട്‌ബോള്‍ ലോകം അതിവൈകാരികതയോടെയും, ആദരവോടെയും കാല്‍പന്തിന്റെ 'മിശിഹ'യ്ക്ക് മുന്നില്‍ ശിരസ് നമിക്കുകയാണ്.

Lionel Messi: ആ സുവര്‍ണ്ണ പാദങ്ങള്‍ക്ക് മുന്നില്‍ റെക്കോഡുകള്‍ വഴിമാറുന്നു; ലോകകപ്പിന്റെ പുണ്യഭൂമിയില്‍ മെസി തീര്‍ത്തത് രാജസിംഹാസനം
Lionel MessiImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 Jun 2026 | 06:19 PM

‘ചില താരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകും. എന്നാല്‍ മറ്റുചിലര്‍ ചരിത്രത്തെ സ്വന്തം പേരില്‍ മാറ്റിയെഴുതും’. ഫുട്‌ബോള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ ഒരു പുതിയ വസന്തം കൂടി മെസിയുടെ പേരില്‍ വിരിയുകയാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പം (16 ഗോളുകള്‍) പങ്കിടുന്ന മെസിയ്ക്ക്, ആ നേട്ടം കൂട്ടിന് ആരുമില്ലാതെ ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ ഇനി ഒറ്റ ഗോള്‍ മാത്രം മതി. ഏറ്റവും കൂടുതല്‍ ലോകകപ്പ് ടൂര്‍ണമെന്റുകളിലെ പങ്കാളിത്തം, ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളിച്ച താരം തുടങ്ങിയ റെക്കോഡുകളൊക്കെ നേരത്തെ തന്നെ സ്വന്തമാക്കികഴിഞ്ഞു. താന്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പില്‍ വിസ്മയകരമായ റെക്കോഡുകളിലേക്ക് മെസിയുടെ സുവര്‍ണപാദം ചെന്നെത്തുമ്പോള്‍ ഫുട്‌ബോള്‍ ലോകം അതിവൈകാരികതയോടെയും, ആദരവോടെയും കാല്‍പന്തിന്റെ ‘മിശിഹ’യ്ക്ക് മുന്നില്‍ ശിരസ് നമിക്കുകയാണ്.

പരാജയങ്ങളില്‍ പതറാതെ, വിജയങ്ങളില്‍ തലക്കനം കാണിക്കാതെ, പച്ചപ്പുല്‍മൈതാനത്തെ തന്റെ ജീവവായുവായി കണ്ട ആ മനുഷ്യന്‍ ചരിത്രത്തിന്റെ നെറുകയിലേക്ക് പണ്ടേക്ക് പണ്ടേ നടന്നുകയറിയതാണ്. ഫുട്‌ബോള്‍ മൈതാനത്ത് താന്‍ തീര്‍ത്ത രാജസിംഹാസനത്തില്‍ രണ്ടാമതൊരു ലോകകപ്പ് കിരീടത്തിനൊപ്പം മെസി ഇരിപ്പുറപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അവസാനത്തെ ലോകകപ്പും കളിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് അയാള്‍ നടന്നിറങ്ങുന്ന ആ ദൃശ്യം ഇപ്പോള്‍ തന്നെ ആരാധകരുടെ ഉള്‍ക്കണ്ണിലുണ്ട്. അത്തരമൊരു കാഴ്ച അല്‍പം കണ്ണീരോടെയല്ലാതെ അവര്‍ക്ക് കാണാനുമാകില്ല. ഒരുപക്ഷേ, ഇനിയാര്‍ക്കും തൊടാനാകാത്ത അത്രയും ഉയരത്തിലാണ് അയാള്‍ തന്റെ രാജസിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.

Also Read: കരയിച്ചത് ഫുട്ബോളല്ല, ജീവിതം! ഹാട്രിക്കിന് പിന്നാലെ കണ്ണീരണിഞ്ഞ് ​മൈതാനം വിട്ടതിന്റെ കാരണം പറഞ്ഞ് മെസി

ഒരു ജന്മം, ഒരു വികാരം, ഒരു ചരിത്രം

നിശ്ചയദാര്‍ഢ്യത്തിന്റെ പ്രകാശം പരത്തുന്ന കാവ്യാനുഭവമാണ് ആരാധകര്‍ക്ക് മെസി. ഇരമ്പിയാര്‍ക്കുന്ന ഗാലറിക്ക് മുന്നില്‍ പച്ചപ്പുല്‍മൈതാനത്ത് മെസി നടത്തുന്ന ഓരോ ചുവടും ആരാധകര്‍ക്ക് ഓരോ കവിതകളാണ്. ഫുട്‌ബോള്‍ എന്ന വികാരത്തോടുള്ള അടക്കാനാവാത്ത പ്രണയത്തില്‍ നേടാനുള്ളതെല്ലാം നേരത്തെ തന്നെ ആ മനുഷ്യന്‍ നേടിക്കഴിഞ്ഞു. ആ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം വര്‍ഷങ്ങളുടെ ത്യാഗവും, ആത്മ സമര്‍പ്പണവും, കഠിനാധ്വാനവുമൊക്കെയുണ്ട്.

മിശിഹ അവതരിക്കുന്ന അവസാന ലോകകപ്പായതുകൊണ്ട് തന്നെ, അര്‍ജന്റീനയുടെ ഓരോ മത്സരങ്ങളും അതിവൈകാരികതയോടെ മാത്രമേ ആരാധകര്‍ക്ക് കാണാനാകൂ. ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ അവസാന മത്സരം അല്‍പം ഹൃദയഭേദകമായ കാഴ്ച തന്നെയായിരിക്കുമെന്നത് തീര്‍ച്ച.

ഇനിയൊരു ലോകകപ്പിനും നല്‍കാനാകാത്ത ധന്യമായ നിമിഷങ്ങള്‍. ‘മിശിഹ’ പന്തു തട്ടുന്ന ഓരോ സെക്കന്‍ഡുകളും ആരാധകര്‍ക്ക് വിശുദ്ധിയുടെ നിമിഷങ്ങളാണ്. ആ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരെല്ലാം സ്വയം ധന്യരാകുന്ന നിമിഷം. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും, എത്ര പുതുമുഖങ്ങള്‍ മൈതാനത്ത് അവതരിച്ചാലും ലോകകപ്പ് ഫുട്‌ബോളിന്റെ പുണ്യഭൂമിയില്‍ ഏറ്റവും കൂടുതല്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച, ആരാധകര്‍ക്ക് ആവേശം പകര്‍ന്ന ആ മനുഷ്യനെ കാല്‍പന്ത് ചരിത്രം എന്നും നെഞ്ചിലേറ്റും.

English Summary

Lionel Messi is rewriting football history with his incredible records and achievements. He is on the verge of becoming the outright top scorer in World Cup history. As Messi plays in his final World Cup tournament, fans are watching with deep emotion and respect. His legacy of dedication and magic on the pitch will be cherished forever by football fans worldwide.

Follow Us