മെസിയുമായി കളത്തിൽ കൊമ്പുകോർത്ത റഫറി സൗദി – കുവൈറ്റ് മത്സരം നിയന്ത്രിക്കും
Referee who clashed with Messi officiates the Arabian Gulf Cup opening match: 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ജിദ്ദയിൽ തുടങ്ങുകയാണ്. ഈ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയും കുവൈറ്റും ഏറ്റുമുട്ടുമ്പോൾ മത്സരം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയത് റഫറി ജോവോ പെഡ്രോ പിൻഹീറോയെ ആണ്. ലോകകപ്പിനിടെ ലയണൽ മെസിയുമായി ഉണ്ടായ വാഗ്വാദം പിൻഹീറോയുടെ കരിയറിലെ ഒരു വിവാദ അധ്യായമായി മാറിയിരുന്നു.

Lionel Messi Referee Joao Pedro Pinheiro Arabian Gulf Cup
ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീന- സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ ഇതിഹാസ താരം ലയണൽ മെസിയും റഫറിയും തമ്മിൽ പരസ്യമായി വാഗ്വാദത്തിൽ ഏർപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. പോർച്ചുഗലിൽ നിന്നുള്ള ജോവോ പെഡ്രോ പിൻഹീറോ ആയിരുന്നു അന്നത്തെ ആ വിവാദ റഫറി. അന്നത്തെ ആ വിവാദത്തിന് ശേഷം ഇപ്പോൾ വീണ്ടും പിൻഹീറോ എന്ന പേര് ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ജിദ്ദയിൽ തുടങ്ങുകയാണ്. ഈ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയും കുവൈറ്റും ഏറ്റുമുട്ടുമ്പോൾ മത്സരം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് റഫറി ജോവോ പെഡ്രോ പിൻഹീറോയെ ആണ്.
പോർച്ചുഗലിൽ നിന്നുള്ള പെഡ്രോ റിബെയ്‌റോ, ലൂസിയാനോ മയ എന്നിവരായിരിക്കും അസിസ്റ്റന്റ് റഫറിമാർ. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2016 മുതൽ ഫിഫയുടെ ഇന്റർനാഷണൽ ബാഡ്ജുള്ള ജോവോ പെഡ്രോ പിൻഹീറോ യുവേഫയുടെ എലൈറ്റ് കാറ്റഗറി റഫറിമാരിൽ ഒരാളാണ്.
Also Read: ജപ്പാനിലും സഞ്ജു തന്നെ ഹീറോ! പേരു വിളിച്ചതും ആരവമുഴക്കി ആരാധകർ; വീഡിയോ വൈറൽ
യുവേഫ സൂപ്പർ കപ്പ് 2025ൽ പി.എസ്.ജി – ടോട്ടനം മത്സരവും ചാമ്പ്യൻസ് ലീഗ് 2025-26 സെമിഫൈനലിൽ ബയേൺ മ്യൂണിക് – പി.എസ്.ജി മത്സരവും നിയന്ത്രിച്ചതും പിൻഹീറോ ആയിരുന്നു. പോർച്ചുഗലിലെ വില നോവ ഡി ഫാമിലിക്കാവോയിൽ ജനിച്ച പിൻഹീറോ, 2015ൽ പോർച്ചുഗലിലെ ഒന്നാം നിര ലീഗിലാണ് റഫറിയായി അരങ്ങേറ്റം കുറിച്ചത്.
മികച്ച പ്രകടനത്തെത്തുടർന്ന് 2016-ൽ തന്നെ ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് സ്വന്തമാക്കി. തുടർന്ന് ഒട്ടേറെ പ്രമുഖ ടൂർണമെന്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്താണ് അദ്ദേഹത്തിന് 2026ലെ ഫിഫ ലോകകപ്പ് നിയന്ത്രിക്കാനുള്ള ഔദ്യോഗിക പാനലിലേക്ക് വഴിതുറന്നത്. എന്നാൽ ലോകകപ്പിനിടെ ലയണൽ മെസിയുമായി ഉണ്ടായ വാഗ്വാദം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വിവാദ അധ്യായമായി മാറി.
മെസി – പിൻഹീറോ വാഗ്വാദം
ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു അർജന്റീന- സ്വിറ്റ്സർലൻഡ് പോരാട്ടം.
രണ്ടാം പകുതിയിൽ സ്വിസ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് അവർ കളിച്ചത്. മൈതാനത്തെ കടുത്ത പോരാട്ടത്തിനൊടുവിൽ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന് സമനില പാലിച്ചതിനെത്തുടർന്ന് കളി അധികസമയത്തേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ തുടർച്ചയായി നേടിയ രണ്ടു ഗോളുകളുടെ കരുത്തിൽ അർജന്റീന സെമി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ഈ മത്സരത്തിനിടയിലാണ് മെസിയും റഫറിയും തമ്മിൽ ഉടക്കിയത്. സ്വിറ്റ്‌സർലൻഡിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് പ്രതിരോധിക്കാൻ അർജന്റീനയുടെ പ്രതിരോധ മതിൽ തീർക്കുകയായിരുന്നു മെസി. ഈ സമയത്ത് നിയമപരമായ അകലത്തിലേക്ക് മാറിനിൽക്കാൻ റഫറി ജോവോ പിൻഹീറോ മെസിയോട് ആവശ്യപ്പെട്ടു.
എന്നാൽ റഫറി സംസാരിച്ച രീതിയും പെരുമാറ്റവും മെസിയെ പ്രകോപിപ്പിച്ചു. തന്നോട് ആജ്ഞാപിക്കുന്ന സ്വരത്തിൽ സംസാരിച്ച റഫറിയോട് മെസ്സി ഉടൻ തന്നെ പ്രതികരിക്കുകയായിരുന്നു. ‘‘മര്യാദയ്ക്ക് സംസാരിക്കണം’’ എന്നായിരുന്നു മെസ്സിയുടെ ആദ്യ മറുപടി. പിന്നീട് ഫ്രീ കിക്ക് എടുത്തതിന് ശേഷവും മെസി റഫറിയുടെ അടുത്തേക്ക് നീങ്ങുകയും തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.
‘‘എന്നോട് സംസാരിക്കുമ്പോൾ മര്യാദ പാലിക്കുക. അനാദരവ് കാട്ടരുത്. എന്നോട് മാന്യമായി സംസാരിക്കൂ, ഞാൻ നിങ്ങളോട് മാന്യമായാണ് സംസാരിച്ചത്.’’ എന്ന് റഫറിയോട് മെസ്സി പറഞ്ഞു എന്നാണ് ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ഈ തർക്കത്തിന്റെ പേരിൽ മെസിക്കെതിരെ റഫറി കാർഡ് പുറത്തെടുത്തില്ലെങ്കിലും, ലോകകപ്പ് പോലൊരു സുപ്രധാന ടൂർണമെന്റിൽ ഉണ്ടായ ഈ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു.
English Summary
The 27th Arabian Gulf Cup is set to begin in Jeddah. Referee Joao Pedro Pinheiro has been appointed to officiate the opening match between Saudi Arabia and Kuwait. Pinheiro had previously made headlines for a heated exchange with Lionel Messi during the World Cup.