MS Dhoni: ‘അന്ന് ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് വലിയ തെറ്റായിപ്പോയി’; തുറന്നുപറഞ്ഞ് ധോണി
MS Dhoni About IPL 2019 Controversy: 2019 ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഫീൽഡിലിറങ്ങിയത് തെറ്റായ തീരുമാനമായിരുന്നു എന്ന് എംഎസ് ധോണി. അങ്ങനെയല്ലെങ്കിലും പലതവണ ദേഷ്യം തോന്നിയിട്ടുണ്ടെന്നും ധോണി പറഞ്ഞു.
2019 ഐപിഎൽ മത്സരത്തിനിടെ ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് തെറ്റായിപ്പോയെന്ന് എംഎസ് ധോണി. ആ സമയത്തെ വികാരത്തള്ളിച്ചയിൽ പറ്റിപ്പോയതാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും ധോണി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2019 ഐപിഎൽ സീസണിനിടെയായിരുന്നു സംഭവം. ഏപ്രിൽ 11ന് ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് ധോണി ഫീൽഡിലിറങ്ങിയത്. മത്സരത്തിൻ്റെ അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. ഈ സമയത്ത് റോയൽസ് താരം ബെൻ സ്റ്റോക്സ് വെയ്സ്റ്റ് ഹൈ ഫുൾ ടോസ് എറിഞ്ഞു. അമ്പയർ ആദ്യം നോബോൾ വിളിച്ചെങ്കിലും പിന്നീട് ഇത് തിരുത്തി. ഇത് ചെന്നൈ ക്യാമ്പിൽ ആശങ്കയുണ്ടാക്കി. ഇതോടെയാണ് ഡഗൗട്ടിലിരുന്ന എംഎസ് ധോണി കളത്തിലിറങ്ങിയത്.
ഫീൽഡിലേക്ക് കുതിച്ചെത്തിയ ധോണി അമ്പയർമാരോട് ദേഷ്യപ്പെട്ടു. തുടർന്ന് ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് ധോണിയുടെ പ്രതികരണം. “ഒരു ഐപിഎൽ മത്സരത്തിനിടെ ഞാൻ ഫീൽഡിലേക്ക് പോയി. അത് വലിയൊരു പിഴവായിരുന്നു. പക്ഷേ, അതല്ലാതെയും ചില അവസരങ്ങളിൽ ദേഷ്യം തോന്നിയിട്ടുണ്ട്. കാരണം എല്ലാ മത്സരങ്ങളും വിജയിക്കാൻ ആഗ്രഹിക്കുന്ന തരത്തിലാണ് ഞങ്ങൾ ഇത് കളിക്കുന്നത്.”- ധോണി പ്രതികരിച്ചു.




Also Read: IPL 2025: സഞ്ജുവിൻ്റെ രാജസ്ഥാന് പ്രശ്നം ബൗളിംഗിൽ; ഇത്തവണയെങ്കിലും കിരീടനേട്ടത്തിലെത്തുമോ?
ഈ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചിരുന്നു. അവസാന പന്തിൽ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 151 റൺസ് നേടി. ബെൻ സ്റ്റോക്സ് (28), ജോസ് ബട്ട്ലർ (23) എന്നിവരായിരുന്നു രാജസ്ഥാൻ്റെ ടോപ്പ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഇന്നിംഗ്സിലെ അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. 43 പന്തിൽ 58 റൺസ് നേടിയ എംഎസ് ധോണിയായിരുന്നു കളിയിലെ താരം.