National Games 2025: 28 വർഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; 10 പേരായി ചുരുങ്ങിയിട്ടും ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സുവർണനേട്ടം
National Games Football Kerala Wins Gold: ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. 1997ന് ശേഷം ഇതാദ്യമായാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയത്.

28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഏകപക്ഷീയമായ ഒരു ഗോളിന് ഉത്തരാഖണ്ഡിനെ വീഴ്ത്തിയാണ് കേരളത്തിൻ്റെ സുവർണനേട്ടം. ഗോകുൽ സന്തോഷാണ് കേരളത്തിൻ്റെ വിജയഗോൾ സ്കോർ ചെയ്തത്. 1997 ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയത്.
തുടക്കം മുതൽ തന്നെ ഉത്തരാഖണ്ഡ് ബോക്സിലേക്ക് ഇരച്ചുകയറിയ കേരളം തുടരെ അവസരങ്ങൾ തുറന്നെടുത്തു എന്നാൽ, ഈ അവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിൽ രണ്ടാം പകുതിയിൽ കേരളം ആദ്യ ഗോളടിച്ചു. 53ആം മിനിട്ടിലാണ് ഗോകുൽ സന്തോഷ് കേരളത്തിനായി വലകുലുക്കിയത്. ആദിൽ നൽകിയ പാസിൽ നിന്നായിരുന്നു ഗോകുൽ സന്തോഷിൻ്റെ ഗോൾ. ബോക്സിനകത്തേക്ക് ആദിൽ നൽകിയ എണ്ണം പറഞ്ഞ പാസുകളിലൊന്ന് ഗോകുൽ അനായാസം വലയിലെത്തിക്കുകയായിരുന്നു.
Also Read: National Games 2025: നീന്തൽക്കുളത്തിൽ ‘ഗോൾഡ് ഫിഷ്’ ആയി കേരള താരങ്ങൾ; ആകെ സുവർണനേട്ടം അഞ്ച്
വീണ്ടും ആക്രമണം തുടർന്ന കേരളത്തിന് തിരിച്ചടിയായി 75ആം മിനിട്ടിൽ ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പന്തുമായി കേരള ബോക്സിലേക്ക് കുതിച്ച എതിരാളിയെ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ് കാർഡ്. ആദ്യം മഞ്ഞക്കാർഡാണ് റഫറി നൽകിയത്. ശേഷം ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ഇത് ചുവപ്പ് കാർഡായി ഉയർത്തുകയായിരുന്നു. ചുവപ്പ് കാർഡിനെതിരെ കേരള താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. രണ്ടാം പകുതിയിൽ അധികസമയമായി റഫറി ഒൻപത് മിനിട്ട് അനുവദിച്ചു. ഈ സമയത്തുൾപ്പെട ലഭിച്ച കോർണർ കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാൻ ഉത്തരാഖണ്ഡിന് സാധിച്ചതുമില്ല.
2022ല്‍ ദേശീയ ഗെയിംസ് ഫുട്ബോളിൽ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു. ദേശീയ ഗെയിംസ് ഫുട്ബോളിൽ ഇത് മൂന്നാം തവണയാണ് കേരളം സ്വർണം നേടുന്നത്. ഇതോടെ ഇത്തവണത്തെ ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്വർണമെഡൽ നേട്ടം 10 ആയി. നീന്തൽ, വാട്ടർ പോളോ, ബാസ്കറ്റ് ബോൾ തുടങ്ങി വിവിധ ഇനങ്ങളിൽ കേരളം മെഡൽ സ്വന്തമാക്കി.
നേരത്തെ ദേശീയ ഗെയിംസ് വനിതാ വിഭാഗം വ്യക്തിഗത തയ്ക്വാൻഡോ പൂംസെ ഇനത്തിൽ കേരളത്തിൻ്റെ ലയ ഫാത്തിമ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ഗെയിംസിലെ വെള്ളിമെഡൽ ജേതാവായിരുന്ന ലയ ഫാത്തിമ കൊഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിഖ് – കെ രസ്ന ദമ്പതികളുടെ മകളാണ്.