Sanju Samson: ഇന്നും ഫോമായില്ലെങ്കിൽ സഞ്ജുവിന് ദേശീയ ജഴ്സി മറക്കാം; ഇന്ത്യ- ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്
Sanju Samson Innings: ഇന്ത്യയ്ക്ക് വേണ്ടി 32 മത്സരങ്ങളിൽ ക്രീസിലിറങ്ങിയ സഞ്ജു സ്വന്തമാക്കിയത് 483 റൺസ്. അവസാനം കളിച്ച 13 മത്സരങ്ങളിൽ നിന്ന് 187 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതിൽ ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടുന്നു.

Image Credits: Social Media
ഹെെദരാബാദ്: മികച്ച പ്രകടനം പുറത്തെടുത്തിട്ടും അവസരങ്ങൾ നൽകുന്നില്ല, മലയാളി ആയതിന്റെ പേരിൽ സെലക്ടർമാർ സഞ്ജുവിനെ തഴയുന്നു. ഓരോ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിപ്പിമ്പോഴും സഞ്ജു പുറത്ത് നിൽക്കുമ്പോഴുള്ള ആരാധക പ്രതികരണമാണിങ്ങനെ. മൂന്ന് മത്സരങ്ങളടങ്ങുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ അവസരം ലഭിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിനായിട്ടില്ല. ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിന് ഇന്ന് സഞ്ജുവിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഹെെദരാബാദിൽ ഇന്ന് വെെകിട്ട് 7.30-നാണ് ബംഗ്ലാദേശിനെതിരായ മൂന്നാം ടി20. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരാനാണ് സൂര്യകുമാറും സംഘവും ഇന്നിറങ്ങുന്നത്.
ഹെെദരാബാദിൽ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ടോസ് നിർണായകമാണ്. ആദ്യം ബാറ്റിംഗിനിറങ്ങുന്നവർക്ക് ഇരുന്നൂറ് റൺസിലധികം സ്‌കോർ ചെയ്യാൻ കഴിയുന്ന പിച്ചാണ് ഹെെദരാബാദിലേത്. അതുകൊണ്ട് തന്നെ ഇന്ന് മികച്ച ഇന്നിംഗ്സ് പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ടി20 ടീമിൽ സ്ഥാനം ഉറപ്പിക്കാനാവൂ. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം 19 പന്തുകളിൽ ആറു ഫോറുകളടക്കം 29 റൺസ് നേടിയുരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ 10 റൺസുമായി മടങ്ങി. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ചാണ് താരം വിക്കറ്റ് കളഞ്ഞതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ. അവസരം ലഭിച്ചിട്ടും മുതലാക്കാനാവാത്ത സഞ്ജുവിനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം രൂക്ഷമാണ്. ക്രീസിൽ നിലയുറപ്പിക്കുന്നത് മുമ്പേ വലിയ ഷോട്ടുകൾക്കാണ് താരം ശ്രമിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ ഐപിഎല്ലിന് സമാനമായി തുടക്കം മുതലെ അടിച്ചുകൊടുക്കാനാണ് സഞ്ജു ശ്രമിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി 32 മത്സരങ്ങളിൽ ക്രീസിലിറങ്ങിയ സഞ്ജു സ്വന്തമാക്കിയത് 483 റൺസ്. അവസാനം കളിച്ച 13 മത്സരങ്ങളിൽ നിന്ന് 187 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതിൽ ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടുന്നു.
സഞ്ജുവിന്റെ വെല്ലുവിളികൾ
1. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിട്ടും ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. രോഹിത് ശർമ്മയും വിരാട് കോലിയും ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലും ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും സഞ്ജു ഇടംപിടിച്ചത്.
2. ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളിൽ ഡക്കായാണ് സഞ്ജു മടങ്ങിയത്. ബംഗ്ലാദേശിനെതിരായ മത്സരങ്ങളിൽ നിന്ന് 39 റൺസും.
3. 9 വർഷത്തെ കരിയറിനിടെ 32 ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. എന്നാൽ സ്ഥിരതയാർന്ന പ്രകടനം ഇതുവരെയും കാഴ്ചവച്ചിട്ടില്ല.
4. ടി20യിൽ പുതുതായി അരങ്ങേറ്റം കുറിച്ച നിതീഷ് റെഡ്ഡി ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനവും സെലക്ടർമാർക്ക് സഞ്ജുവിനെ തഴയാൻ ധൈര്യമേകും.
ഹെെദരാബാദിൽ നടക്കുന്ന മൂന്നാം ടി20യിൽ സഞ്ജു ഉണ്ടാകുമെന്ന വിവരവും ടീം മാനേജ്മെന്റ് നൽകി. പരമ്പര ജയിക്കാനും പുതുമുഖങ്ങൾക്ക് അവസരം നൽകാനുമാണ് ലക്ഷ്യമിടുന്നതെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു. ബൗണ്ടറി നേടാനാണ് സഞ്ജുവിനോട് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്. താരങ്ങൾക്ക് എത്രത്തോളം അന്താരാഷ്ട്ര മത്സരങ്ങളിൽ അവസരം നൽകാൻ കഴിയുമോ അത്രയും നൽകാനാണ് പരിശീലക സംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.