Santosh Trophy Kerala Vs Manipur: റോഷലിന് ഹാട്രിക്! സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പുമായി കേരളം ഫെെനലിൽ, എതിരാളികൾ ബംഗാൾ
Kerala Reach Santosh Trophy Final: 87-ാം മിനിറ്റിൽ റോഷലിലൂടെ നാലാം ഗോൾ കണ്ടെത്തിയതോടെ കേരളം ഫെെനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. കോർണർ കിക്ക് റോഷൽ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4 ) ലഭിച്ച പെനാൽറ്റിയിലൂടെ റോഷലിന്റെ ഹാട്രിക്.

Santosh Trophy
ഹൈദരാബാദ്: അപരാജിത കുതിപ്പിൽ രാജകീയമായി സന്തോഷ് ട്രോഫി കലാശപ്പോരിന് ടിക്കറ്റെടുത്ത് കേരളം. ഹെെദരാബാദിലെ ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മണിപ്പൂരിനെ കെട്ടുകെട്ടിച്ചാണ് കേരളത്തിന്റെ ഫെെനൽ പ്രവേശനം. മണിപ്പൂരിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിനായി പകരക്കാരൻ മുഹമ്മദ് റോഷൽ ഹാട്രികുമായി തിളങ്ങി. നസീബ് റഹ്മാൻ, മുഹമ്മദ് നജ്സൽ എന്നിവരാണ് കേരളത്തിനായി സെമി ഫെെനലിൽ വലകുലുക്കിയ മറ്റ് താരങ്ങൾ. 16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫെെനലിന് യോഗ്യത നേടുന്നത്.
മത്സരത്തിൽ ഉടനീളം കേരളത്തിന്റെ കേരളത്തിന്റെ ആതിപഥ്യമാണ് കാണാൻ സാധിച്ചത്. കേരളം ഗോൾമഴ പെയ്യിച്ച മത്സരത്തിൽ മണിപ്പൂരിനെ കാണാൻ പോലും സാധിച്ചിരുന്നില്ല. ഡിസംബർ 31-ന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ മണിപ്പൂർ താരങ്ങൾ കേരളത്തിന്റെ ബോക്സിലേക്ക് പന്തുമായി ഇരച്ചെത്തി. എന്നാൽ കേരളത്തിന്റെ പ്രതിരോധത്തിലെ പൂട്ടുപൊളിക്കാൻ മണിപ്പൂർ താരങ്ങൾക്ക് സാധിച്ചില്ല. പന്തുമായി മുന്നേറിയ കേരളം 22-ാം മിനിറ്റിൽ നസീബ് റഹ്‌മാനിലൂടെ മുന്നിലെത്തി. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി താരം മണിപ്പുർ ഗോളിയെ കബളിപ്പിച്ചാണ് വലകുലുക്കിയത്. എന്നാൽ കേരളത്തിന്റെ ആ സന്തോഷത്തിന് അൽപ്പായുസ് മാത്രമായിരുന്നു ഫലം. 29-ാം മിനിറ്റിൽ മണിപ്പൂർ സമനിലപിടിച്ചു. പെനാൽറ്റിയിലൂടെ ആയിരുന്നു മണിപ്പൂരിന്റെ ആശ്വാസ ഗോൾ.
പിഴവുകൾ അടച്ച് മുന്നേറ്റം ശക്തമാക്കിയ കേരളം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആദ്യ പകുതിയുടെ ഇൻജ്വറി ടെെമിൽ വീണ്ടും കേരളത്തിന്റെ ഗോൾ. കൗണ്ടർ അറ്റാക്കിനൊടുവിൽ മുഹമ്മദ് അജ്സൽ (45+1) ആണ് കേരളത്തിനായി പന്ത് ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിൽ മണിപ്പൂർ ഉണർന്ന് കളിച്ചെങ്കിലും കേരളം പ്രതിരോധം കടുപ്പിച്ചതോടെ പന്ത് ബോക്സിലേക്ക് എത്തിക്കാൻ മണിപ്പൂർ താരങ്ങൾക്ക് ആയില്ല. മണിപ്പൂരിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ റോഷലിലൂടെ 73-ാം മിനിറ്റിൽ കേരളം മൂന്നാം ഗോളും കണ്ടെത്തി.
87-ാം മിനിറ്റിൽ റോഷലിലൂടെ നാലാം ഗോൾ കണ്ടെത്തിയതോടെ കേരളം ഫെെനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. കോർണർ കിക്ക് റോഷൽ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4 ) ലഭിച്ച പെനാൽറ്റിയിലൂടെ റോഷലിന്റെ ഹാട്രിക്. ഇതോടെ അഞ്ചു ഗോളുകളുമായി കേരളം രാജകീയമായ സന്തോഷ് ട്രോഫി ഫെെനലിലേക്ക്.
ചൊവ്വാഴ്ച നടക്കുന്ന ഫെെനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ബംഗാൾ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് നടന്ന സെമി ഫെെനലിൽ നിലവിലെ ചാമ്പ്യന്മാരായ സെമിയിൽ സർവീസസിനെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. 47-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഒരു തവണ പോലും ബംഗാളിന് സന്തോഷ് ട്രോഫി കിരീടം നേടാനായിട്ടില്ല.