Varun Chakravarthy: ‘ധോണിയുടെ കുറ്റിയെടുത്ത ആ പന്തെറിഞ്ഞത് ഇങ്ങനെ’; തന്ത്രം വെളിപ്പെടുത്തി വരുൺ ചക്രവർത്തി
Varun Chakravarthy's Ball To MS Dhoni: 2020 ഐപിഎലിൽ എംഎസ് ധോണിയുടെ കുറ്റി പിഴുത വരുൺ ചക്രവർത്തിയുടെ പന്ത് ഇപ്പോഴും ചർച്ചാവിഷയമാണ്. ഈ പന്തിന് പിന്നിലെ തന്ത്രം ഇപ്പോൾ വരുൺ ചക്രവർത്തി വെളിപ്പെടുത്തിയിരിക്കുകയാണ്.

2020 ഐപിഎലിൽ എംഎസ് ധോണിയുടെ കുറ്റി പിഴുതത് വരുൺ ചക്രവർത്തിയുടെ ക്രിക്കറ്റ് കരിയറിലെ നിർണായകമായ സംഭവമായിരുന്നു. സ്പിന്നർമാർക്കെതിരെ എപ്പോഴും ആധിപത്യം കാണിച്ചിട്ടുള്ള ധോണി വരുണിൻ്റെ വേരിയേഷന് മുന്നിൽ വീണുപോയത് മത്സരത്തിൽ നിർണായകമായി. ഇപ്പോഴിതാ ധോണിയുടെ കുറ്റി പിഴുത ആ പന്ത് എറിഞ്ഞതെങ്ങനെയെന്ന് വരുൺ ചക്രവർത്തി വെളിപ്പെടുത്തിയിരിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വരുണിൻ്റെ വെളിപ്പെടുത്തൽ.
മോതിരവിരലിനും നടുവിരലിനും ഇടയിൽ സീം വച്ച് എറിഞ്ഞാൽ പന്ത് ഓഫ് സ്പിൻ ആവുമെന്നാണ് വരുൺ പറയുന്നത്. തലയ്ക്ക് മുകളിൽ നിന്ന് റിലീസ് ചെയ്താൽ അത് സ്റ്റമ്പിലേക്ക് തിരിയും. ധോണി അത് ലെഗ് സ്പിന്നാണെന്ന് വിചാരിച്ചു. പക്ഷേ, പന്ത് മിഡിൽ സ്റ്റമ്പിൽ കുത്തി ലെഗ് സ്റ്റമ്പിലേക്ക് പോയി എന്നും വരുൺ പറഞ്ഞു.
Also Read: Sanju Samson: ബട്ട്‌ലർ പോയതിലെ വേദന തുറന്നുപറഞ്ഞ് സഞ്ജു, ഐപിഎല്ലിലെ ആ നിയമം മാറ്റണം
“ധോണിയെ കണ്ട് ഞാൻ ഭയന്നു. കാരണം അദ്ദേഹം നിൽക്കുന്നത് കണ്ടാൽ അരിവാൾ കൊണ്ട് വെട്ടാൻ നിൽക്കുന്നത് പോലെയാണ്. ഭാഗ്യത്തിന് അദ്ദേഹത്തിൻ്റെ വിക്കറ്റെടുക്കാൻ സാധിച്ചു. വിക്കറ്റെടുത്തുകഴിഞ്ഞ് അദ്ദേഹം എന്നോട് കുറേനേരം സംസാരിച്ചു. ലോകകപ്പിൽ അദ്ദേഹമായിരുന്നു ടീം ഇന്ത്യയുടെ ഉപദേശകൻ. ആ സമയത്തും അദ്ദേഹത്തോട് കുറേ സംസാരിച്ചു. കുടുംബം വേറെ, കളി വേറെ എന്ന് കാണാൻ അദ്ദേഹത്തിന് കഴിയും. അത് എളുപ്പമല്ല.”- വരുൺ ചക്രവർത്തി പറഞ്ഞു.
“നമ്മൾ ഫീൽഡിൽ നിൽക്കുമ്പോൾ അദ്ദേഹം ക്രീസിലേക്ക് വരുന്നസമയത്ത് രോമാഞ്ചം വരും. എതിരാളിയാണെങ്കിലും അദ്ദേഹം സിക്സടിക്കണം, സിഎസ്കെ തോൽക്കണമെന്നാണ് വിചാരിക്കുക. കഴിവുണ്ടായാലും ഇല്ലെങ്കിലും കൃത്യമായി ജോലി ചെയ്താൽ ഉയരങ്ങളിലെത്താം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ട്രോഫിയിൽ വരുൺ ചക്രവർത്തി തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. കേവലം മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച വരുൺ 15 ശരാശരിയിൽ 9 വിക്കറ്റ് ആണ് വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുൺ കളിയിലെ താരമായിരുന്നു. ആദ്യ ഘട്ടത്തിൽ ടീമിൽ ഇല്ലാതിരുന്ന വരുണിനെ പിന്നീടാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയത്.