BSNL VoWiFi: ബിഎസ്എൻഎൽ അല്ലേ… ഇനി സിഗ്നലില്ലെന്നു മിണ്ടരുത്… വോയിസ് ഓവർ വൈഫൈ എത്തി. ഉപയോഗിക്കാൻ ചെയ്യേണ്ടത് …
BSNL VoWiFi, new Voice over Wi-Fi service: സിഗ്നൽ പതിവായി നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഈ ഫീച്ചർ വലിയ സഹായമാകും.
ന്യൂഡൽഹി: സിഗ്നൽ കുറവായതിനാൽ ബുദ്ധിമുട്ടുന്ന ബി.എസ്.എൻ.എൽ. (BSNL) ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. കമ്പനി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വോയിസ് ഓവർ വൈഫൈ (VoWiFi) സേവനം ആരംഭിച്ചു. ഇനി മൊബൈൽ സിഗ്നൽ തീരെ കുറവാണെങ്കിൽ പോലും, വൈഫൈ (Wi-Fi) കണക്ഷൻ ഉപയോഗിച്ച് തടസ്സമില്ലാതെ ഫോൺ വിളിക്കാൻ കഴിയും.
ബി.എസ്.എൻ.എൽ. തങ്ങളുടെ 25-ാം വാർഷികത്തിൻ്റെ ഭാഗമായും 4ജി നെറ്റ്വർക്ക് വിപുലീകരണത്തിൻ്റെ ഭാഗമായുമാണ് ഈ പുതിയ സേവനം കൊണ്ടുവന്നിരിക്കുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ പോലുള്ള സ്വകാര്യ കമ്പനികൾ നേരത്തെ തന്നെ ഈ സേവനം നൽകുന്നുണ്ട്. സിഗ്നൽ പതിവായി നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഈ ഫീച്ചർ വലിയ സഹായമാകും.
എന്താണിത്
മൊബൈൽ നെറ്റ്വർക്കിനെ മാത്രം ആശ്രയിക്കാതെ, നിങ്ങളുടെ വീട്ടിലെ ബ്രോഡ്ബാൻഡിൻ്റെയോ മറ്റ് വൈഫൈയുടെയോ സഹായത്തോടെ കോൾ ചെയ്യാൻ ഈ സേവനം സഹായിക്കുന്നു. അതിനാൽ, സിഗ്നൽ എത്താൻ പ്രയാസമുള്ള ബേസ്മെൻ്റുകളിലും, ഉൾപ്രദേശങ്ങളിലെ വീടുകളിലും, വൈഫൈ ഉണ്ടെങ്കിൽ തടസ്സമില്ലാതെ സംസാരിക്കാം.
എങ്ങനെ ഉപയോഗിക്കാം?
- നിങ്ങൾക്ക് ഒരു ബി.എസ്.എൻ.എൽ. സിം കാർഡും, VoWiFi സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണും ആവശ്യമാണ്.
- പുതിയ 4ജി, 5ജി ആൻഡ്രോയിഡ്, ഐഫോൺ മോഡലുകളിൽ മിക്കതിലും ഈ സൗകര്യമുണ്ട്. ഫോണിൻ്റെ കോൾ സെറ്റിങ്uസിൽ ഇത് കാണാം.
- ഈ സേവനം ഉപയോഗിക്കാൻ പ്രത്യേക ആപ്പോ, പണമോ ആവശ്യമില്ല.
- ഫോണിൽ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- ഫോൺ സെറ്റിങ്സിൽ പോയി, VoWiFi അല്ലെങ്കിൽ Wi-Fi Calling എന്ന ഓപ്ഷൻ ഓൺ ചെയ്യുക.
- ഇത് ഓൺ ചെയ്താൽ, മൊബൈൽ സിഗ്നൽ കുറവാണെങ്കിൽ കോൾ തനിയെ വൈഫൈയിലേക്ക് മാറും.
- ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും എന്ന് ബി.എസ്.എൻ.എൽ. ഉറപ്പുനൽകിയിട്ടുണ്ട്. വൈഫൈ വഴി വിളിക്കുന്ന കോളുകൾക്ക് അധിക ചാർജ് ഈടാക്കില്ല.
എവിടെയൊക്കെ ലഭിക്കും?
തുടക്കത്തിൽ, ബി.എസ്.എൻ.എൽ. ഈ സേവനം തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത സർക്കിളുകളിലാണ് ലഭ്യമാക്കുന്നത്. രാജ്യമെമ്പാടും ഈ സേവനം ഉടൻ ലഭ്യമാക്കുമെന്നും, അതിൻ്റെ ഭാഗമായി 97,500 പുതിയ ടവറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.