Modi Script: പുരാതന ‘മോഡി ലിപി’ എളുപ്പത്തില്‍ വായിക്കാം, തകര്‍പ്പന്‍ എഐ മോഡലുമായി ഐഐടി റൂര്‍ക്കി
IIT Roorkee develops AI model to transliterate Modi script: മധ്യകാലഘട്ടത്തിൽ മറാത്തി ഭാഷ എഴുതാൻ മോഡി ലിപി ഉപയോഗിച്ചിരുന്നു. ഭൂമി രേഖകൾ, സ്വത്ത് രേഖകൾ, യോഗ തുടങ്ങിയവയിലാണ് ഇത് സാധാരണയായി ഉപയോഗിച്ചിരുന്നത്. മോഡി ലിപി ഉപയോഗിച്ച് എഴുതിയ 40 ദശലക്ഷം രേഖകൾ ഇതുവരെ ലിപിമാറ്റം നടത്തിയിട്ടില്ല
പുരാതന മോഡി ലിപിയെ ദേവനാഗരിയിലേക്ക് മാറ്റുന്നതിനുള്ള (Transliteration) ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചെടു ത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി. മോഡി ലിപിയിലുള്ള വാചകത്തെ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്യാൻ ഈ എഐ മോഡലിന് കഴിയും. ഡിജിറ്റൈസേഷൻ, ട്രാൻസ്ക്രിപ്ഷൻ, അക്കാദമിക് ഗവേഷണം എന്നിവയ്ക്ക് ഏറെ സഹായകരമാണ് ഈ കണ്ടുപിടിത്തം. ഹിന്ദി, സംസ്‌കൃതം, മറാത്തി, നേപ്പാളി തുടങ്ങിയ ഭാഷകളിൽ വ്യാപകമായി ഉപയോഗിക്കുന്നതാണ് ദേവനാഗരി ലിപി.
എഐ മോഡല്‍ വികസിപ്പിക്കുന്നതിനായി മോഡി ലിപിയുടെ 2,000-ത്തിലധികം ചിത്രങ്ങൾ അടങ്ങിയ ഡാറ്റാസെറ്റ് ഗവേഷകർ ഉപയോഗിച്ചതായി ഐഐടി റൂർക്കിയുടെ ഗവേഷണ പ്രബന്ധം വ്യക്തമാക്കി. എഎ മോഡല്‍ വികസിപ്പിക്കുന്നതിനുള്ള ഉചിതമായ പാറ്റേണുകള്‍ മനസിലാക്കാന്‍ ഇവ സഹായകരമായി.
മോഡി ലിപി
മധ്യകാലഘട്ടത്തിൽ മറാത്തി ഭാഷ എഴുതാൻ മോഡി ലിപി ഉപയോഗിച്ചിരുന്നു. ഭൂമി രേഖകൾ, സ്വത്ത് രേഖകൾ, യോഗ തുടങ്ങിയവയിലാണ് ഇത് സാധാരണയായി ഉപയോഗിച്ചിരുന്നത്. മോഡി ലിപി ഉപയോഗിച്ച് എഴുതിയ 40 ദശലക്ഷം രേഖകൾ ഇതുവരെ ലിപിമാറ്റം നടത്തിയിട്ടില്ലെന്ന് ഐഐടി റൂർക്കിയുടെ ഗവേഷണ പ്രബന്ധം വ്യക്തമാക്കുന്നു. ഈ മേഖലയിലെ ചുരുക്കം ചില വിദഗ്ധർക്ക് മാത്രമേ ഇത് ഇംഗ്ലീഷിലേക്കോ ദേവനാഗരിയിലേക്കോ ലിപിമാറ്റം ചെയ്യാൻ കഴിയൂ.




ഈ രേഖകൾ ലിപിമാറ്റം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ മധ്യകാല ചരിത്രത്തെയും ശാസ്ത്രീയ പൈതൃകത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും, അക്കാദമിക് ഗവേഷണത്തെ ശാക്തീകരിക്കാനും, രാഷ്ട്രനിർമ്മാണത്തിന് പ്രചോദനം നൽകാനും എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇത് വ്യക്തമാക്കുന്നതായി ഐഐടി റൂർക്കി ഡയറക്ടർ പ്രൊഫ. കമൽ കിഷോർ പന്ത് പറഞ്ഞു.