iPhone 18 Pro: ഐഫോൺ 18 പ്രോ സീരീസിൽ അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി ഉണ്ടെന്ന് അഭ്യൂഹങ്ങൾ
iPhone 18 Pro Series Rumoured with Under-Display Face ID: പുതിയ ഫോണുകൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പേ തന്നെ, ആപ്പിളിന്റെ അടുത്ത ഐഫോൺ 18 സീരീസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ചോർന്നു തുടങ്ങി.

Apple Iphone 18 Pro
ന്യൂഡൽഹി: അടുത്തിടെ ആപ്പിളിന്റെ ‘Awe Dropping’ ഇവന്റിൽ ഐഫോൺ 17 സീരീസ് ആഗോളതലത്തിൽ അവതരിപ്പിച്ചു, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ഈ നിരയിലെ മുൻനിര മോഡലുകൾ. ഈ പുതിയ ഫോണുകൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പേ തന്നെ, ആപ്പിളിന്റെ അടുത്ത ഐഫോൺ 18 സീരീസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ചോർന്നു തുടങ്ങി. സാങ്കേതികവിദ്യാ പ്രേമികളെയും മൊബൈൽ വിപണിയെയും ഒരുപോലെ ആകാംഷയിലാഴ്ത്തുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഐഫോൺ 18 പ്രോയിലും ഐഫോൺ 18 പ്രോ മാക്സിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വേരിയബിൾ അപ്പേർച്ചറുള്ള 48MP പ്രധാന ക്യാമറയാണ്. നിലവിൽ, ഐഫോൺ 14 പ്രോ മുതൽ ഐഫോൺ 17 പ്രോ വരെയുള്ള മോഡലുകൾക്ക് f/1.78 അപ്പേർച്ചറാണുള്ളത്, ഇത് ലൈറ്റിംഗ് നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നില്ല. എന്നാൽ പുതിയ സാങ്കേതികവിദ്യയിലൂടെ, ഏത് വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താനും, പോർട്രെയ്റ്റ് ചിത്രങ്ങൾക്ക് കൂടുതൽ വ്യക്തത നൽകാനും സാധിക്കും.
കൂടുതൽ ശ്രദ്ധേയമായ മറ്റൊരു ഫീച്ചർ ഡിസ്‌പ്ലേയ്‌ക്ക് താഴെയുള്ള ഫെയ്‌സ് ഐഡിയാണ്. മുൻപ് ഐഫോൺ 17 പ്രോയിൽ പ്രതീക്ഷിച്ചിരുന്ന ഈ ഫീച്ചർ 2026-ലേക്ക് മാറ്റിയിരുന്നു. ഇത് യാഥാർത്ഥ്യമായാൽ, ഡിവൈസിന്റെ മുൻഭാഗം കൂടുതൽ വൃത്തിയുള്ളതാകുകയും ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയുകയും ചെയ്യും.
കൂടാതെ, ഐഫോൺ 18 പ്രോ സീരീസ് TSMC-യുടെ പുതിയ 2nm A20 പ്രോ ചിപ്‌സെറ്റിലായിരിക്കും പ്രവർത്തിക്കുക. ഇത് നിലവിലെ ഐഫോൺ 17 പ്രോയിലെ A19 പ്രോയെക്കാൾ വേഗതയും ഊർജ്ജക്ഷമതയും നൽകും. വേഗതയേറിയ 5G കണക്ടിവിറ്റിക്കായി ആപ്പിളിന്റെ ഇൻ-ഹൗസ് C2 മോഡവും ഈ സീരീസിൽ പ്രതീക്ഷിക്കുന്നു. വലിയ മാറ്റങ്ങളോടെ വരുന്ന ഐഫോൺ 18, ഐഫോൺ 17 പ്രോ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.