iPhone 18 Pro: വ്യത്യസ്തമായ ഡിസൈനും ക്യാമറ അപ്ഗ്രേഡും; ഐഫോൺ 18 പ്രോയുടെ വിഡിയോ പുറത്ത്
iPhone 18 Pro Features Leaked: ഐഫോൺ 18 പ്രോയിൽ വിവിധ ഹാർഡ്‌വെയർ അപ്ഗ്രേഡുകളുണ്ടാവുമെന്ന് സൂചന. ഡിസൈനിലും മാറ്റമുണ്ടാവും.
ഐഫോൺ 18 പ്രോയുടേതെന്ന് കരുതപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഡിസൈനും ഫീച്ചറുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ വിഡിയോയിലൂടെ പുറത്തുവന്നു എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17നെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഐഫോൺ 18ലുണ്ടാവുക എന്നാണ് വിവരം. ക്യാമറയിലടക്കം ഹാർഡ്‌വെയർ അപ്ഗ്രേഡുകളുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫേസ് ഐഡി ഡിസ്പ്ലേയ്ക്കടിയിലാവുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. വർഷങ്ങളായി പിൽ ഷേപ്പ്ഡ് കട്ടൗട്ടാണ് ഐഫോണിൽ ഉപയോഗിക്കാറുണ്ടായിരുന്നത്. എന്നാൽ, ഐഫോൺ 18ൽ ഇത് മാറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെൽഫി ക്യാമറ പരമ്പരാഗതമായ മധ്യഭാഗത്തിന് പകരം മുകളിൽ ഇടതുവശത്താണ്. ഇങ്ങനെ രണ്ട് മാറ്റങ്ങളുണ്ടെങ്കിലും ഡൈനാമിക് ഐലൻഡ് ഫോണിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
ഏറെക്കാലത്തിന് ശേഷം ഐഫോൺ ക്യാമറ ഹാർഡ്‌വെയറും മെച്ചപ്പെടുത്തുകയാണ്. പ്രധാന ക്യാമറയ്ക്കായി ഐഫോൺ അപേർച്ചർ സിസ്റ്റം ഏർപ്പെടുത്തുമെന്നാണ് വിവരം. നിലവിൽ സോഫ്റ്റ്‌വെയറിൻ്റെ മികവിലാണ് ഐഫോൺ ക്യാമറകൾ ബാക്ക്ഗ്രൗണ്ട് ബ്ലർ ഉൾപ്പെടുള്ള കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നത്. വേരിയബിൾ അപേർച്ചർ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട പോർട്രൈറ്റുകളും ലോ ലൈറ്റ് ഫോട്ടോസും ലഭിക്കും. ഇത് ബേസ് മോഡലുകൾ ലഭിച്ചേക്കില്ല. ഐഫോൺ 18 പ്രോ മാക്സിലാവും വേരിയബിൾ അപേർച്ചർ ഉണ്ടാവുക.
ആപ്പിളിൻ്റെ അടുത്ത തലമുറ ചിപ്സെറ്റായ എ20 പ്രോ ചിപ് ആവും ഫോണിൽ ഉപയോഗിക്കുക. 18 പ്രോ, പ്രോ മാക്സ് ഫോണുകളിൽ ഈ ചിപ്സെറ്റ് ഉപയോഗിക്കും. ഇത് പ്രകടനത്തിൻ്റെ കാര്യത്തിലും വലിയ അപ്ഗ്രേഡാണ് ഫോണിന് നൽകുക. 6.3 ഇഞ്ച് ഡിസ്പ്ലേയും 5100 എംഎഎച്ച് ബാറ്ററിയും ഫോണിൻ്റെ സവിശേഷതകളായി പറയപ്പെടുന്നുണ്ട്. ഇതിൽ സ്ഥിരീകരണമില്ല. ഈ വർഷം സെപ്തംബറിലാവും ഐഫോൺ 18 സീരീസ് പുറത്തിറങ്ങുക.