Apple iPhone: ട്രംപിൻ്റെ കൊടും നികുതിയിലും ആശ്വാസം; ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണിന് വിലകുറയുമെന്ന് റിപ്പോർട്ട്
iPhone Manufacturing In India Will Be Cheaper: ഡോണൾഡ് ട്രംപിൻ്റെ 25 ശതമാനം നികുതി ഏർപ്പെടുത്തിയാലും ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണിന് അമേരിക്കയിൽ വിലകുറയും. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ് റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഐഫോൺ
ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണിന് അമേരിക്കയിൽ സാരമായി വിലകുറയുമെന്ന് റിപ്പോർട്ട്. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം നികുതി ഉൾപ്പെടുത്തിയാലും അമേരിക്കയിൽ നിർമ്മിക്കുന്ന ഐഫോണുകളെക്കാൾ ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണുകൾക്ക് വില സാരമായി കുറയുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ നിർമ്മാണച്ചിലവ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐഫോണുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ആപ്പിൾ തീരുമാനിച്ചത്. എന്നാൽ, ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. അമേരിക്കയിൽ തന്നെ ഫോണുകൾ നിർമ്മിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ജിടിആർഐ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ട്രംപിൻ്റെ ഈ നികുതി പരിഗണിച്ചാലും ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾക്ക് വിലകുറയും. 1000 ഡോളറിൻ്റെ ഐഫോൺ നിർമ്മിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകളാണ് വേണ്ടത്. ബ്രാൻഡ്, സോഫ്റ്റ്‌വെയർ, ഡിസൈൻ എന്നിവയിലൂടെ ആപ്പിളിനാണ് ഇതിൽ കൂടുതൽ ഷെയർ. 450 ഡോളർ. തായ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും പാർട്സുകൾ നിർമ്മിക്കുന്നുണ്ട്.
ഇന്ത്യയിൽ ഒരു ഫോൺ അസംബിൾ ചെയ്യാൻ 30 ഡോളറാണ് ചിലവാകുന്നത്. അമേരിക്കയിൽ ഇതേ കാര്യത്തിൽ 390 ഡോളർ ചിലവാകും. അസംബ്ലി ജോലിക്കാർക്ക് മാസം 230 ഡോളറാണ് ഇന്ത്യയിൽ ലഭിക്കുക. അമേരിക്കയിലാവട്ടെ മിനിമം വേതനമനുസരിച്ച്ഈ തുക 2900 ഡോളറാണ്. ഇതാണ് ഈ വ്യത്യാസത്തിന് കാരണം. അമേരിക്കയിലേക്ക് നിർമ്മാണം മാറ്റിയാൽ ഒരു ഐഫോണിന് ലഭിക്കുന്ന ലാഭം 450 ഡോളറിൽ നിന്ന് 60 ഡോളറായി കുറയും.
നിർമ്മാണച്ചിലവ് കുറയുകയും ലാഭം വർധിക്കുകയും ചെയ്യുമെന്നതിനാൽ ആപ്പിൾ ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിൽ നിന്ന് പിന്മാറിയേക്കില്ല. ട്രംപിൻ്റെ 25 ശതമാനം നികുതി ഏർപ്പെടുത്തിയാലും നിലവിലെ വിലയിൽ നിന്ന് സാരമായ വ്യത്യാസം അമേരിക്കയിൽ ഉണ്ടാവും. ഇത് ഉപഭോക്താക്കൾക്കും ഗുണം ചെയ്യും.