Meta: എഐ യൂണിറ്റുകളെ വിഭജിക്കും? വമ്പന്‍ നീക്കത്തിനൊരുങ്ങി മെറ്റ
Meta AI restructuring: സൂപ്പർഇന്റലിജൻസ് ലാബ്‌സിന് കീഴിൽ എഐ പ്രവര്‍ത്തനങ്ങള്‍ മെറ്റ അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി മെറ്റാ വന്‍ തുക ചെലവഴിക്കുമെന്ന് ജൂലൈയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു
മെറ്റ എഐ പുനഃക്രമീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാല് മാസത്തിനുള്ളില്‍ നാലാമത്തെ പുനഃക്രമീകരണമാണ് മെറ്റ ആസൂത്രണം ചെയ്യുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഇന്‍ഫര്‍മേഷന്‍’ റിപ്പോര്‍ട്ട് ചെയ്തു. പുതിയ എഐ യൂണിറ്റായ സൂപ്പർഇന്റലിജൻസ് ലാബ്സിനെ നാല് ഗ്രൂപ്പുകളായി വിഭജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പുതിയ ‘ടിബിഡി ലാബ്’, മെറ്റ എഐ അസിസ്റ്റന്റ് ഉള്‍പ്പെടുന്ന പ്രൊഡക്ട്‌സ് ടീം, ഇൻഫ്രാസ്ട്രക്ചർ ടീം; ദീർഘകാല ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഫണ്ടമെന്റൽ എഐ റിസർച്ച് ലാബ് എന്നിങ്ങനെയാകും വിഭജനമെന്നും ‘ദി ഇന്‍ഫര്‍മേഷന്‍’ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് മെറ്റ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ടെക് മേഖലയില്‍ എഐ മത്സരം ശക്തമാകുമ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നീക്കമെന്ന് കരുതുന്നു.




സൂപ്പർഇന്റലിജൻസ് ലാബ്‌സിന് കീഴിൽ കമ്പനിയുടെ എഐ പ്രവര്‍ത്തനങ്ങള്‍ മെറ്റ അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി മെറ്റാ വന്‍ തുക ചെലവഴിക്കുമെന്ന് ജൂലൈയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.