Realme P5: റിയൽമി പി5 എത്തുന്നു; 10,000 എംഎഎച്ച് ബാറ്ററിയും ആകർഷണീയമായ വിലയും സവിശേഷതകൾ
Realme P5 Launching In India: റിയൽമി പി5 ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. ഇക്കാര്യം സ്ഥിരീകരിച്ച് ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് ലൈവാണ്.

റിയൽമി പി5
റിയൽമി പി5 ഇന്ത്യൻ വിപണിയിലേക്ക്. ഇക്കാര്യം കമ്പനി തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 10,000 എംഎഎച്ച് ബാറ്ററിയും ആകർഷണീയമായ വിലയുമാണ് ഫോണിൻ്റെ പ്രത്യേകതകൾ. ഫോണിൻ്റെ വരവ് സ്ഥിരീകരിച്ചുകൊണ്ട് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ മൈക്രോസൈറ്റ് ലൈവ് ആയിട്ടുണ്ട്.
റിയൽമി പി സീരീസിലെ പുതിയ ഫോൺ ആണ് പുറത്തിറങ്ങുന്നത്. ഫോണിൻ്റെ പേരടക്കം ഒരു വിവരങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ടിപ്സ്റ്റർ പറയുന്നതനുസരിച്ച് ഫോണിൻ്റെ പേര് റിയൽമി പി5 എന്നാവും. 10,000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഫോണിലുണ്ടാവും. ഫോണിൻ്റെ മുൻ തലമുറയായ റിയൽമി പി4 ഇന്ത്യയിൽ അവതരിപ്പിച്ചത് 7000 എംഎഎച്ച് ബാറ്ററിയുമായിട്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പി4 എത്തിയത്. എന്നാൽ, ഈ വർഷം ജനുവരിയിൽ തന്നെ പി5 എത്തുമെന്നാണ് വിവരം.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 8 മെഗാപിക്സലിൻ്റെ സെക്കൻഡറി ക്യാമറയ്ക്കുമൊപ്പം ഒരു 2 മെഗാപിക്സൽ ക്യാമറയും ഉണ്ടാവും. കർവ്ഡ് ബാക്ക് പാനൽ, പ്ലാസ്റ്റിക് ഫ്രെയിം, സ്ക്വയർ ഷേപ്പ്ഡ് റിയർ ക്യാമറ മോഡ്യൂൾ എന്നീ സവിശേഷതകളും പറയപ്പെടുന്നുണ്ട്.
പുതിയ റിയൽമി പി സീരീസിനായുള്ള ഫ്ലിപ്കാർട്ട് ഡെഡിക്കേറ്റഡ് മൈക്രോസൈറ്റിലും ഫോണിൻ്റെ പേരില്ല. ഫ്ലിപ്കാർട്ട് വഴിയാവും ഫോൺ വില്പന. മൈക്രോസൈറ്റിൽ പി1 മുതൽ പി4 വരെ പി സീരീസ് ഫോണുകളുടെ ലോഞ്ച് ടൈംലൈനുകളും നൽകിയിട്ടുണ്ട്. റിയൽമി പി4ൻ്റെ വില ആരംഭിച്ചത് 18,499 രൂപ മുതലായിരുന്നു. 6ജിബി റാമും 128 ജിബി സ്റ്റോറേജും അടങ്ങുന്ന ബേസ് വേരിയൻ്റിനായിരുന്നു ഈ വില. 7000 എംഎഎച്ച് ആയിരുന്നു ബാറ്ററി. 80 വാട്ടിൻ്റെ വയേർഡ് ചാർജിങും 10 വാട്ടിൻ്റെ റിവേഴ്സ് ചാർജിങും ഫോണിലുണ്ടായിരുന്നു.