Samsung Galaxy Z Fold 7: സാംസങ് ഗാലക്സി Z ഫോൾഡ് 7-ന്റെ പ്രത്യേക പതിപ്പ് എത്തുന്നു…. ലോഞ്ച് ഒക്ടോബർ 11 ന്
Samsung Galaxy Z Fold 7 Special Edition launch: സാംസങ്ങിന്റെ ചൈനീസ് വെബ്സൈറ്റ് നൽകുന്ന സൂചനയനുസരിച്ച്, പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഒക്ടോബർ 11-ന് ചൈനയിൽ ലോഞ്ച് ചെയ്യും.

Samsung Galaxy Z Fold 7
ബെയ്ജിങ്: സാംസങ് പ്രീമിയം ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഗാലക്സി Z ഫോൾഡ് 7 ഉടനെത്തും. ഈ മാസം ചൈനയിൽ അവതരിപ്പിക്കാനൊരുങ്ങുന്നതായി കമ്പനി അറിയിച്ചു. ഈ വർഷം ജൂലൈയിൽ ഇന്ത്യയിലും ആഗോള വിപണികളിലും അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഹാൻഡ്‌സെറ്റിന്റെ പ്രത്യേക പതിപ്പായിരിക്കും ഇതെന്നാണ് സൂചന.
ഒക്ടോബർ 11-ന് ലോഞ്ച്
സാംസങ്ങിന്റെ ചൈനീസ് വെബ്സൈറ്റ് നൽകുന്ന സൂചനയനുസരിച്ച്, പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഒക്ടോബർ 11-ന് ചൈനയിൽ ലോഞ്ച് ചെയ്യും. ടീസറിലെ രൂപരേഖ അനുസരിച്ച് ഗാലക്സി Z ഫോൾഡ് 7-ന് സമാനമായ ‘Z’ ശൈലിയിലുള്ള ഫോൾഡബിൾ ഹാൻഡ്‌സെറ്റാണ് ഇതെന്നാണ് സൂചന. കറുപ്പ്, ചുവപ്പ് നിറങ്ങളിലും സ്വർണ്ണ നിറത്തിലുള്ള ഫ്രെയിമിലുമാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
W26 കോഡ് നെയിം; പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
W26 എന്ന കോഡ് നെയിമുള്ള ഈ പുതിയ ഫോൾഡബിൾ ഹാൻഡ്‌സെറ്റ്, സ്റ്റാൻഡേർഡ് ഗാലക്സി Z ഫോൾഡ് 7-നേക്കാൾ കനം കുറഞ്ഞ പതിപ്പായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മികച്ച ക്യാമറകളും, വലുപ്പമുള്ള ഡിസ്‌പ്ലേകളും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച ഗാലക്സി Z ഫോൾഡ് 6 പ്രത്യേക പതിപ്പ്, കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനും മെച്ചപ്പെടുത്തിയ ക്യാമറ സംവിധാനവും ഡിസ്‌പ്ലേയും കൊണ്ടുവന്നിരുന്നു. ഉദാഹരണത്തിന്, ഗാലക്സി Z ഫോൾഡ് 6 സ്പെഷ്യൽ എഡിഷന് സ്റ്റാൻഡേർഡ് മോഡലിന്റെ 6.3 ഇഞ്ച് എക്സ്റ്റേണൽ, 7.60 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേകളെ അപേക്ഷിച്ച് 8 ഇഞ്ച് ഇന്റേണൽ, 6.5 ഇഞ്ച് ഔട്ടർ സ്‌ക്രീനുകളാണുണ്ടായിരുന്നത്. പ്രധാന വൈഡ് ആംഗിൾ ഷൂട്ടർ 200 മെഗാപിക്സലായി ഉയർത്തുകയും ചെയ്തിരുന്നു.
SamMobile റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചൈനയിൽ മാത്രം ലഭ്യമാക്കാൻ സാധ്യതയുള്ള ഈ ഫോണിൽ, ഗാലക്സി Z ഫോൾഡ് 7-ലെ Snapdragon 8 Elite ചിപ്പ്, 16GB വരെ റാം, 1TB വരെ സ്റ്റോറേജ് എന്നിവ ഉൾപ്പെടെയുള്ള അതേ ആന്തരിക ഹാർഡ്‌വെയർ തന്നെയാകും ഉണ്ടാകുക. Android 16 അടിസ്ഥാനമാക്കിയുള്ള One UI 8.0-ൽ ഇത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്.