Dubai : വേണ്ടത്ര ഗുണനിലവാരമില്ല; ദുബായിൽ മൂന്ന് സ്കൂളുകൾ പൂട്ടി
3 Schools Shut Down In Dubai : ദുബായിൽ വേണ്ടത്ര ഗുണനിലവാരമില്ലാത്ത മൂന്ന് സ്കൂളുകൾ പൂട്ടിയതായി അധികൃതർ. ഇക്കാര്യം നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി അറിയിച്ചു. പരിശോധന നടത്തി നൽകുന്ന റേറ്റിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിൽ വളരെ പ്രധാനമാണ്.
വേണ്ടത്ര ഗുണനിലവാരമില്ലാത്തതിനാൽ ദുബായിൽ മൂന്ന് സ്കൂളുകൾ പൂട്ടി. കുട്ടികളുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും അത് പാലിക്കാൻ കഴിയാത്തതിനാലാണ് സ്കൂളുകൾ പൂട്ടുന്നതെന്നും അധികൃതർ അറിയിച്ചു. ഗവണ്മെൻ്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് നടത്തിയ മീറ്റ് ദ സിഇഒ എന്ന പരിപാടിക്കിടെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
എല്ലാ വർഷവും ദുബായിലെ സ്കൂളുകളിൽ പരിശോധന നടക്കാറുള്ളതാണ്. ഗുണനിലവാരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് റേറ്റിംഗും നൽകും. കൊവിഡ് സമയത്ത് മാത്രമാണ് ഇത് നടക്കാതിരുന്നത്. ഔട്ട്സ്റ്റാൻഡിംഗ് ഏറ്റവും മികച്ചതും വീക്ക് ഏറ്റവും മോശവുമാണ്. ഈ റേറ്റിംഗിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിലെ ഫീസ് ഉൾപ്പെടെ തീരുമാനിക്കുക.
2024-25 വിദ്യാഭ്യാസ വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തില്ലെന്നതാണ് പുതിയ നയം. പ്രവർത്തനം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പുതിയ സ്കൂളുകളിൽ മാത്രമേ ഇനി വർഷത്തിൽ പരിശോധന നടത്തൂ. എന്നാൽ, സ്കൂൾ അധികൃതർക്ക് ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയിൽ പരിശോധന നടത്തണമെന്ന് അപേക്ഷ നൽകാവുന്നതാണ്. ഇക്കൊല്ലം ജൂലായ് അഞ്ചിന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം.
Also Read : UAE Exams : പരമ്പരാഗത പരീക്ഷകൾക്ക് വിട; യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ
പരമ്പരാഗത പരീക്ഷകൾക്ക് പകരം വിദ്യാർത്ഥികൾക്ക് നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ (Skills-Based Evaluations) പരിഗണിക്കാനൊരുങ്ങുകയാണ് യുഎഇ. രാജ്യത്തെ അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളെയാണ് പുതിയ രീതിയിലുള്ള വിദ്യാഭ്യാസ സംസ്കാരത്തിലേക്ക് മാറ്റുക. ഓഗസ്റ്റ് 20ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഓരോ വർഷവും പരീക്ഷ എഴുതുന്നതിന് പകരം നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ നടത്താനാണ് തീരുമാനം.
പൊതുവിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയാണ് പ്രഖ്യാപനം നടത്തിയത്. “പുതിയ തീരുമാനം സാവധാനത്തിലുള്ള ഒരു സാംസ്കാരിക മാറ്റമാണ്. ആ മാറ്റം പെട്ടെന്നാവില്ല. പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വിജയശതമാനം 70 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചു. എന്നാൽ, ഈ പദ്ധതിക്ക് വേണ്ട സമ്പൂർണ്ണ പരീക്ഷ ഇതുവരെ ഒരു ഘട്ടത്തിലും കൊണ്ടുവന്നിട്ടില്ല. വിദ്യാർത്ഥികളും ജീവനക്കാരും തയ്യാറാവുന്നതനുസരിച്ച് രണ്ടാം ഘട്ടത്തിൽ ഇത് കൊണ്ടുവരും. വിദ്യാർത്ഥികൾ അവരുടെ പാഠ്യപദ്ധതി എത്രത്തോളം മനസിലായിട്ടുണ്ടെന്ന് ഒരു അവസാന പരീക്ഷ കൊണ്ട് മനസിലാക്കാനാവില്ല. വിദ്യാഭ്യാസ സംസ്കാരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വളരെ ശ്രദ്ധിച്ചാവണം. എങ്കിലേ വിദ്യാർത്ഥികൾക്ക് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവൂ.”- സാറ അൽ അമീരി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഏത് തരത്തിലാവും പുതിയ വിലയിരുത്തൽ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പുതിയ 12 സ്കൂളുകൾക്കൊപ്പം അടഞ്ഞുകിടന്ന 13 സ്കൂളുകൾ പുതുക്കിപ്പണിത് തുറക്കുമെന്നും മന്ത്രാലയം അറിയിച്ചു. 5000ലധികം സ്കൂൾ ബസുകളാണ് പുതിയ വിദ്യാഭ്യാസ വർഷത്തിന് മുന്നോടിയായി അവതരിപ്പിച്ചിരിക്കുന്നത്.