Alaska Summit: അലാസ്‌ക ഉച്ചകോടിയില്‍ ധാരണയായില്ല, ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ചയില്‍ പുരോഗതി
US Russia Alaska Summit Ends: ഡൊണാള്‍ഡ് ട്രംപും, വ്‌ളാദിമിര്‍ പുടിനും തമ്മില്‍ നടത്തിയ അലാസ്‌ക ഉച്ചകോടിയില്‍ യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല. എന്നാല്‍ ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടായതായി നേതാക്കള്‍
അലാസ്‌ക: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ നടത്തിയ അലാസ്‌ക ഉച്ചകോടിയില്‍ യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല. എന്നാല്‍ ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടായതായി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ പ്രകോപനങ്ങളിലൂടെ ഈ പുരോഗതി ഇല്ലാതാക്കാന്‍ നോക്കരുതെന്ന് പുടിന്‍ യുക്രൈനും, യൂറോപ്യന്‍ നേതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഉച്ചകോടിക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ ഈ പരാമര്‍ശം.
“We made some great progress today… We had an extremely productive meeting and many points were agreed to.” – President Donald J. Trump pic.twitter.com/WBTMLcI0Cv
— The White House (@WhiteHouse) August 15, 2025
ഇരു നേതാക്കളും രണ്ടര മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ വിലപ്പെട്ടതാണെന്ന് പുടിന്‍ പറഞ്ഞു. യുക്രൈനിലെ സാഹചര്യം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, സംഘർഷത്തിന്റെ എല്ലാ മൂലകാരണങ്ങളും പരിഹരിച്ചാൽ മാത്രമേ സമാധാനം നിലനിൽക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനിന്റെ സുരക്ഷയും ഉറപ്പാക്കണമെന്ന് ട്രംപ് പറഞ്ഞതിനോട് യോജിക്കുന്നു. അത് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും അലാസ്‌കയിലുണ്ടായ പുരോഗതി പരിഹാരമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചയിലുണ്ടായ പുരോഗതി ലക്ഷ്യത്തിലേക്ക് അടുക്കാന്‍ സഹായിക്കും. യുക്രൈനില്‍ സമാധാനത്തിലേക്കുള്ള പാത തുറക്കും. യുക്രൈനും, യൂറോപ്യന്‍ രാജ്യങ്ങളും ക്രിയാത്മകമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ വ്യക്തമാക്കി.
അലാസ്‌കയിലെ ചര്‍ച്ചയെ ‘പ്രൊഡക്ടീവ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചില കാര്യങ്ങളില്‍ ധാരണയെത്തിയെങ്കിലും, സമവായമാകാത്ത വലിയ വിഷയങ്ങളുണ്ടെന്നും, എന്നാല്‍ പുരോഗതിയുണ്ടായതായും ട്രംപ് വ്യക്തമാക്കി. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. കൂടിക്കാഴ്ചയിലെ പുരോഗതിയെക്കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ വിളിച്ച് പറയുമെന്നും ട്രംപ് പറഞ്ഞു. അടുത്ത ചര്‍ച്ച മോസ്‌കോയില്‍ നടത്താമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു.