‘സമാധാനത്തിൻ്റെ ആഗോള പാരമ്പര്യം, ഒരു യഥാർത്ഥ അത്ഭുതം’; അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ച് ചന്ദ്രബാബു നായിഡു
സാങ്കേതികവിദ്യയെ കാലാതീതമായ മൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നത് "ഇന്നത്തെ യുവതയ്ക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു രീതിയിൽ" എങ്ങനെയാണെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു.
അബുദാബി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അബുദാബിയിലെ ബിഎപിഎസ് (ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സംസ്ഥ) ഹിന്ദു മന്ദിറിൽ ദർശനം നടത്തി. “തന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ അനുഭവങ്ങളിൽ ഒന്ന്” ക്ഷേത്ര ദർശനത്തിന് ശേഷം ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചു. ബിഎപിഎസ് മന്ദിർ സമാധാനത്തിന്റെ ആഗോള പാരമ്പര്യമാണെന്നും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
അബുദാബി ക്ഷേത്രത്തിൻ്റെ അധികാരി ബ്രഹ്മവിഹാരിദാസ് സ്വാമി ചന്ദ്രൂബാബു നായിഡുവിന് ഊഷ്മളമായി സ്വീകരണം നൽകി. ഒപ്പം ക്ഷേത്രത്തിലെ മനോഹരമായ കരകൗശലവിദ്യയും, ആധുനിക കണ്ടുപിടുത്തങ്ങളും, ഐക്യത്തിന്റെ ശക്തമായ സന്ദേശവും പ്രത്യേകം കാണിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശത്തോടെയുള്ള പര്യടനത്തിന് നേതൃത്വം നൽകുകയും ചെയ്തു. ക്ഷേത്ര ദർശനത്തിന് ശേഷം ഇതൊരു യഥാർഥ അത്ഭുതമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെടുകയും ചെയ്തു.

ഈ ചരിത്രപരമായ സാംസ്കാരിക അടയാളം യാഥാർത്ഥ്യമാക്കുന്നതിൽ യുഎഇ ഭരണകൂടവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകിയ ശക്തമായ പിന്തുണയ്ക്ക് ചന്ദ്രബാബു നായിഡു നന്ദി അറിയിച്ചു. “നിങ്ങൾ ചരിത്രം സൃഷ്ടിച്ചു – മതത്തിനും പ്രദേശത്തിനും അതീതമായ മാനവികത വിശ്വാസത്തെ സാങ്കേതികവിദ്യയുമായി ഏകീകരിക്കുന്നു. ഇത് ഒരു ആഗോള സമാധാനത്തിന്റെ പാരമ്പര്യമായി ഓർമ്മിക്കപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു. മന്ദിറിൻ്റെ സന്ദേശത്തിൻ്റെ ആഴവും അത് സാധ്യമാക്കാൻ എടുത്ത പരിശ്രമവും തൻ്റെ ജീവിതത്തിൽ കണ്ട അനേകം നേട്ടങ്ങളിൽ വെച്ച് ഇത് തികച്ചും അവിശ്വസനീയമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
