Russia Ukraine Tension: യുഎസും യുക്രൈനും റഷ്യയും നയതന്ത്ര പരിഹാരത്തിന് തൊട്ടടുത്ത്? വെളിപ്പെടുത്തല്‍
Russia, US and Ukraine diplomatic solution: റഷ്യയും, യുഎസും, യുക്രൈനും നയതന്ത്ര പരിഹാരത്തിന് അടുത്തെത്തിയെന്ന് വിശ്വസിക്കുന്നുവെന്ന് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക പ്രതിനിധി. ഡൊണാൾഡ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും ഇരു നേതാക്കളും പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നും വെളിപ്പെടുത്തല്‍
മോസ്കോ: റഷ്യയും, യുഎസും, യുക്രൈനും നയതന്ത്ര പരിഹാരത്തിന് അടുത്തെത്തിയെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക പ്രതിനിധി കിറിൽ ദിമിട്രിയേവ്. യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കായി വാഷിംഗ്ടണിലെത്തിയ ദിമിട്രിയേവ് സിഎൻഎന്നിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുടിന്റെ ‘നിക്ഷേപ, സാമ്പത്തിക സഹകരണ’ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക പ്രതിനിധിയാണ് ദിമിട്രിയേവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും ഇരു നേതാക്കളും പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നും ദിമിട്രിയേവ് വ്യക്തമാക്കി.
അടിയന്തര വെടിനിർത്തൽ നിര്‍ദ്ദേശം റഷ്യ തള്ളിയതിനെ തുടര്‍ന്ന് നേരത്തെ നടത്താനിരുന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീട്ടിവച്ചിരുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ബുഡാപെസ്റ്റിലെ ചര്‍ച്ച റദ്ദാക്കാന്‍ തീരുമാനമായത്.
എന്നാല്‍ വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് സാധ്യതകളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു പുടിന്റെ പ്രതിനിധിയുടെ പ്രതികരണം. ചില എണ്ണക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തെച്ചൊല്ലി റഷ്യയും യുഎസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ദിമിട്രിയേവിന്റെ ഈ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം.
റഷ്യയുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുകയും ബഹുമാനത്തോടെ പരിഗണിക്കുകയും ചെയ്താൽ യുഎസുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കിറിൽ ദിമിട്രിയേവ് പറഞ്ഞു. നയതന്ത്ര പരിഹാരത്തിന് തൊട്ടടുത്തെത്തിയെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ രണ്ട് എണ്ണക്കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ദിമിട്രിയേവ് അമേരിക്കയിലെത്തിയത്.
യുഎസിന്റെ പുതിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള യുഎസിന്റെ നിരര്‍ത്ഥകമായ ശ്രമം മാത്രമാണിതെന്നായിരുന്നു പുടിന്റെ പ്രതികരണം.