Universe: പ്രപഞ്ചം അവസാനത്തിലേക്കോ? വെളിപ്പെടുത്തലുമായി ശാസ്ത്രലോകം
Universe end: പുതിയ കണ്ടെത്തൽ അനുസരിച്ച് പ്രപഞ്ചത്തിന്റെ ആകെ ആയുസ്സ് ഏകദേശം 33.3 ബില്യൺ വർഷങ്ങളാണ്, അതായത് നമ്മൾ ഏകദേശം പകുതി ദൂരം പിന്നിട്ടിരിക്കുന്നു.
പ്രപഞ്ചം അവസാനിക്കാറായെന്ന സൂചന നൽകി ശാസ്ത്രലോകം. ഏകദേശം 20 ബില്യൺ വർഷങ്ങൾക്കുള്ളിൽ നമ്മുടെ പ്രപഞ്ചവും അതിലെ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും കോസ്മിക് ഊർജ്ജവും തകരുമെന്ന് ജ്യോതിശാസ്ത്രജ്ഞർ കണക്കാക്കുന്നു.
13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് മഹാവിസ്ഫോടനത്തിന്റെ ഫലമായുണ്ടായ പ്രപഞ്ചം, അനന്തമായി വികസിച്ചുകൊണ്ടിരിക്കുമെന്ന് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. ഡാർക്ക് എനർജി എന്നറിയപ്പെടുന്ന ഒരു നിഗൂഢ ശക്തി ഈ വികാസത്തെ നയിക്കുന്നതായാണ് വിശ്വസിച്ചിരുന്നത്.
എന്നാൽ പുതിയ പഠനം ഈ ആശയത്തിന് വെല്ലുവിളി ഉയർത്തുകയാണ്. രണ്ട് പ്രധാന അന്താരാഷ്ട്ര പദ്ധതികളായ ഡാർക്ക് എനർജി സർവേ (DES), ഡാർക്ക് എനർജി സ്പെക്ട്രോസ്കോപ്പിക് ഇൻസ്ട്രുമെന്റ് (DESI) എന്നിവയിൽ നിന്നുള്ള പുതിയ ഡാറ്റ ഉപയോഗിച്ച്, ഡാർക്ക് എനർജി സ്ഥിരമായിരിക്കില്ലെന്ന് ഗവേഷകർ പറയുന്നു.
പുതിയ കണ്ടെത്തൽ അനുസരിച്ച് പ്രപഞ്ചത്തിന്റെ ആകെ ആയുസ്സ് ഏകദേശം 33.3 ബില്യൺ വർഷങ്ങളാണ്, അതായത് നമ്മൾ ഏകദേശം പകുതി ദൂരം പിന്നിട്ടിരിക്കുന്നു. പ്രവചനം ശരിയാണെങ്കിൽ, ഏകദേശം 20 ബില്യൺ വർഷങ്ങൾക്കുള്ളിൽ നമ്മുടെ പ്രപഞ്ചം ഇല്ലാതായേക്കാം. അതേസമയം, ഇവ സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഡാറ്റ ആവശ്യമാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.