US-Iran talks: ട്രംപുമായി ഖമേനി ചര്‍ച്ചയ്ക്കില്ല, യുഎസ് നിര്‍ദ്ദേശം തള്ളി ഇറാന്‍
Khamenei rejects Trump’s offer of talks: യുഎസിനും ഇറാനും സമാധാന കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് നല്ലതായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചര്‍ച്ചയ്ക്കുള്ള ‘ഓഫര്‍’ തള്ളിക്കളഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന അദ്ദേഹത്തിന്റെ വാദവും ഖമേനി തള്ളി. നേരത്തെ ഇറാനും യുഎസും അഞ്ച് തവണ ആണവ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വ്യോമാക്രമണത്തിലാണ് കലാശിച്ചത്. യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തി.
ഡീല്‍മേക്കറെന്നാണ് ട്രംപ് പറയുന്നതെന്നും, എന്നാല്‍ ബലപ്രയോഗത്തിലൂടെ കരാര്‍ തീരുമാനിക്കുകയും, അതിന്റെ ഫലം എന്തായിരിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും ചെയ്താല്‍ അത് അടിച്ചേല്‍പിക്കലും ഭീഷണിപ്പെടുത്തലുമാണെന്നും ഖമേനി പറഞ്ഞതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന കരാറുമായി ബന്ധപ്പെട്ട് യുഎസിനും ഇറാനും ചര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് നല്ലതായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം ഖമേനി നിരസിച്ചത്. ഇറാന്റെ ആണവ വ്യവസായത്തെ ബോംബിട്ട് നശിപ്പിച്ചെന്ന് അഭിമാനത്തോടെയാണ് ട്രംപ് പറയുന്നതും, അവര്‍ സ്വപ്‌നം കാണട്ടെയെന്നും ഖമേനി പരിഹസിച്ചു.
യുഎസിന്റെ ഇടപെടലുകള്‍ അനുചിതമാണെന്നാണ് ഖമേനിയുടെ വിമര്‍ശനം. ഇറാനില്‍ ആണവ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതില്‍ അമേരിക്കയ്ക്ക് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
Also Read: അക്കാര്യം ചെയ്താല്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ തുടരും; ഭീഷണിയുമായി ട്രംപ്
കരാർ റദ്ദാക്കി
അതേസമയം, ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായി ഒപ്പുവച്ച സഹകരണ കരാർ ഇറാൻ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചതായി സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്തംബറില്‍ ഒപ്പുവച്ച കരാറാണ് റദ്ദാക്കിയത്.
പാശ്ചാത്യ ശക്തികൾ ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചാൽ കരാർ റദ്ദാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി നേരത്തെ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.