Bangladesh: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതം, ഏറ്റുമുട്ടലിൽ 2 മരണം
Sheikh Hasina death sentence: ഓഗസ്റ്റിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധി. 2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജിവെച്ചത്. രാജ്യം വിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്.
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതമായി. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചതിനെത്തുടർന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരും എതിരാളികളും തമ്മിൽ ഏറ്റമുട്ടിയതോടെയാണ് ബംഗ്ലാദേശ് വീണ്ടും പ്രക്ഷുബ്ധമായത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഹസീന സർക്കാരിനെ താഴെയിറക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’ ചുമത്തിയാണ് കോടതിയുടെ നിർണായക വിധി. കോടതി വിധി പുറത്തുവന്നതോടെ തലസ്ഥാനമായ ധാക്കയിലും മറ്റ് പ്രദേശങ്ങളിലും അവാമി ലീഗ് അനുകൂലികളും എതിർ ചേരിയിലുള്ളവരും തമ്മിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് ബാറ്റൺ, സൗണ്ട് ഗ്രനേഡ്, കണ്ണീർ വാതകം എന്നിവ പ്രയോഗിക്കേണ്ടി വന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ അതീവ ജാഗ്രത തുടരുകയാണ്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധി. 2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജിവെച്ചത്. രാജ്യം വിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്. യുഎന്നിന്റെ കണക്ക് പ്രകാരം ജൂലായ് 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തിൽ ഏകദേശം 1400-ഓളം പേരാണ് കൊല്ലപ്പെട്ടത്.