AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sheikh Hasina: ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീനയുടെ വധശിക്ഷ ബംഗ്ലാദേശ് എങ്ങനെ നടപ്പിലാക്കും? മുന്‍പ്രധാനമന്ത്രിയെ ധാക്കയ്ക്ക് കൈമാറുമോ?

Sheikh Hasina Death Verdict Extradition Crisis Explained: ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് വിധിച്ച വധശിക്ഷ നടപ്പിലാക്കുക അത്ര എളുപ്പമല്ല. രാഷ്ട്രീയാഭയം തേടിയ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നതാണ് കാരണം. നിയമപരവും നയതന്ത്രപരവുമായ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്

Sheikh Hasina: ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീനയുടെ വധശിക്ഷ ബംഗ്ലാദേശ് എങ്ങനെ നടപ്പിലാക്കും? മുന്‍പ്രധാനമന്ത്രിയെ ധാക്കയ്ക്ക് കൈമാറുമോ?
ഷെയ്ഖ് ഹസീനImage Credit source: PTI
jayadevan-am
Jayadevan AM | Published: 17 Nov 2025 16:56 PM

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് വിധിച്ച വധശിക്ഷ നടപ്പിലാക്കുക അത്ര എളുപ്പമല്ല. രാഷ്ട്രീയാഭയം തേടിയ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നതാണ് കാരണം. അതുകൊണ്ട് തന്നെ ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശില്‍ എത്തിച്ച് ശിക്ഷ നടപ്പിലാക്കുന്നതിന് നിയമപരവും നയതന്ത്രപരവുമായ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 2013ല്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പരസ്പരം കുറ്റവാളികളെ കൈമാറാന്‍ ആവശ്യപ്പെടാം. എന്നാല്‍ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെങ്കില്‍ ഈ ആവശ്യം നിരസിക്കാന്‍ രാജ്യങ്ങള്‍ക്ക് അധികാരമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഹസീനയ്‌ക്കെതിരായ വിധി ന്യായമാണെന്ന് ഇന്ത്യയ്ക്കും കൂടി ബോധ്യമായാല്‍ മാത്രമേ കൈമാറ്റം സാധ്യമാകൂ.

ഹസീന ഇന്ത്യയില്‍ രാഷ്ട്രീയാഭയം നേടിയ വ്യക്തിയാണെന്നതാണ് പ്രസക്തമായ കാര്യം. രാഷ്ട്രീയാഭയം ലഭിച്ച നേതാക്കൾക്ക് അന്താരാഷ്ട്ര, ദേശീയ നിയമങ്ങൾ പ്രകാരം നിയമപരമായ സംരക്ഷണം ഉണ്ട്. രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ടവരെ കൈമാറുന്നതില്‍ നിയമപരമായും, നയതന്ത്രപരമായും സങ്കീര്‍ണ്ണതകളുമുണ്ട്. മതിയായ കാരണങ്ങളില്ലെങ്കില്‍ കൈമാറ്റത്തിനുള്ള അഭ്യര്‍ത്ഥന നിരസിക്കാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ട്.

ബംഗ്ലാദേശിന്റെ നീക്കം

ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് മുമ്പും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആ ആവശ്യം നടപ്പിലായില്ല. ഹസീനയെ കൈമാറണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെടാനാണ് ബംഗ്ലാദേശിന്റെ നീക്കം. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തെഴുതുമെന്ന് ബംഗ്ലാദേശിന്റെ നിയമ, നീതി, പാർലമെന്ററി കാര്യ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.

Also Read: Sheikh Hasina: ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു

ഹസീനയ്‌ക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധിയിൽ താൻ വളരെയധികം സംതൃപ്തനാണെന്നും ആസിഫ് നസ്രുൾ വ്യക്തമാക്കി. ‘ഈ കൂട്ടക്കൊലയാളി’ക്ക് ഇന്ത്യ അഭയം നല്‍കുന്നത് തുടരുകയാണെങ്കില്‍ അത് ശത്രുതാപരമായ പ്രവൃത്തിയായി കണക്കാക്കുമെന്നാണ് ആസിഫ് നസ്രുളിന്റെ മുന്നറിയിപ്പ്. വിഷയം പരിഹരിക്കാൻ ബംഗ്ലാദേശ് സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രോസിക്യൂഷനും വ്യക്തമാക്കിയിരുന്നു.

നയതന്ത്രബന്ധത്തെ എങ്ങനെ ബാധിക്കും?

ഷെയ്ഖ് ഹസീനയെ കൈമാറിയാല്‍ ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. കൈമാറിയില്ലെങ്കില്‍ ബന്ധം വഷളാകുമെന്നും തീര്‍ച്ച. സമീപകാലത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്തായാലും ഹസീനയെ കൈമാറുന്ന വിഷയം അതീവ സൂക്ഷ്മതയോടെയാകും ഇന്ത്യ കൈകാര്യം ചെയ്യുക.

ശിക്ഷയുടെ ഭാവി

ഇന്ത്യ ഷെയ്ഖ് ഹസീനയെ കൈമാറാന്‍ തീരുമാനിച്ചാല്‍ മാത്രമേ അവരുടെ വധശിക്ഷ നടപ്പിലാകൂ. അതുവരെ ഒരു ‘വിധി’യായി മാത്രം വധശിക്ഷ തുടരും.

വധശിക്ഷ എന്തിന്?

കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടെ സംഭവിച്ച കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഹസീന ശ്രമിച്ചെന്നാണ് ആരോപണം. പ്രക്ഷോഭകരെ കൊലപ്പെടുത്താനും, പരിക്കേല്‍പ്പിക്കാനും ഷെയ്ഖ് ഹസീന ആഹ്വാനം ചെയ്തതായും ആരോപണമുണ്ട്.

തനിക്കെതിരായ വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹസീനയുടെ നിലപാട്. ജസ്റ്റിസ് എംഡി ഗോലം മൊർട്ടുസ മജുംദാറിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയായ മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമുന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. കേസില്‍ മാപ്പുസാക്ഷിയായതിനെ തുടര്‍ന്നാണ് ഇയാളുടെ ശിക്ഷ അഞ്ച് വര്‍ഷമാക്കി ചുരുക്കിയത്.